ഒരുപതിറ്റാണ്ടിനുശേഷം കോര്‍പറേഷന്‍ ഭരണം കോണ്‍ഗ്രസിന്റെ കൈയില്‍; ആരാകും തൃശ്ശൂര്‍ മേയര്‍?

തൃശ്ശൂര്‍: ഒരുപതിറ്റാണ്ടിനുശേഷം കോര്‍പറേഷന്‍ ഭരണം കോണ്‍ഗ്രസ് കൈകളിലെത്തുമ്പോള്‍ ആരാകും അടുത്ത മേയര്‍ എന്ന ചര്‍ച്ച ശക്തമാകുന്നു. ആകെയുള്ള 56 ഡിവിഷനില്‍ 33 എണ്ണവും കൈവശപ്പെടുത്തിയുള്ള ആധികാരികവിജയമാണ് നേടിയതെന്നത് മേയറെ നിശ്ചയിക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം കോണ്‍ഗ്രസിന് നല്‍കുന്നു. വനിതാസംവരണം ആണെന്നതിനാല്‍ പരിചയസമ്പന്നരും പ്രവര്‍ത്തനപാരമ്പര്യമുള്ളവരുമായ സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നതും ഗുണകരമായി. ഇതുകൊണ്ടുതന്നെ മേയര്‍സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന വനിതകള്‍ വിജയിക്കുകയും ചെയ്തു. ലാലി ജെയിംസ്, സുബി ബാബു, ഡോ. നിജി ജസ്റ്റിന്‍ എന്നിവരാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്.
കഴിഞ്ഞ കൗണ്‍സിലില്‍ ഉള്‍പ്പെടെ മേയര്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കോണ്‍ഗ്രസ് മുഖമാണ് ലാലി ജെയിംസ്. ഇത്തവണ 1527 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിനാണ് ലാലൂരില്‍നിന്ന് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. നാലാംതവണയാണ് ലാലി കൗണ്‍സിലില്‍ എത്തുന്നത്. 2010 മുതല്‍ ലാലൂരും കാര്യാട്ടുകരയും മാറിമാറി മത്സരിച്ചു. വിദ്യാഭ്യാസം, ക്ഷേമകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേയര്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന സുബി ബാബു മുന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയാണ്. ഇത്തവണ 809 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുബി ബാബു ഗാന്ധിനഗറില്‍നിന്ന് വിജയിച്ചത്. ഡെപ്യൂട്ടി മേയര്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത് എന്നതും ഇവര്‍ക്കു ഗുണകരമാണ്. കൂടാതെ നിലവില്‍ കെപിസിസി അംഗം കൂടിയാണ് സുബി ബാബു.
തിരഞ്ഞെടുപ്പുരംഗത്ത് ആദ്യമാണെങ്കിലും ഡോ. നിജി ജസ്റ്റിന്‍ സംഘടനാരംഗത്തും ഗൈനക്കോളജിസ്റ്റ് എന്ന നിലയിലും സജീവമാണ്. കിഴക്കുംപാട്ടുകരയില്‍നിന്നും 614 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവര്‍ വിജയിച്ചത്. നിലവില്‍ ഇവര്‍ ഡിസിസി വൈസ് പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഡെപ്യൂട്ടി മേയര്‍ ചര്‍ച്ചയും സജീവമായി നടക്കുന്നുണ്ട്. കെപിസിസി സെക്രട്ടറി കൂടിയായ എ. പ്രസാദിന്റെ പേരാണ് പ്രധാന പരിഗണനയിലുള്ളത് എന്നാണ് അറിയുന്നത്. നിലയില്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍നിന്നാണ് 413 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തനപരിചയവും ഇദ്ദേഹത്തിനുണ്ട്.
സാമുദായികസമവാക്യങ്ങള്‍ വേണമെന്ന ആവശ്യവും ചിലഭാഗങ്ങളില്‍നിന്നും ഉയരുന്നുണ്ട്. ഈ വാദം ശക്തമായാല്‍ പുറമേനിന്നാരെങ്കിലും മേയര്‍-ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Content Highlights: Congress wins Thrissur Corporation after 10 years! Discover the leading contenders for the Mayor`s post and who might lead the city forward. Read more!