തൃശ്ശൂർ കോർപ്പറേഷൻ; ഇടതുഭരണം സാധ്യമാക്കിയത് 2200 കോടിയുടെ വികസനമെന്ന് മേയർ; വിമർശിച്ച് പ്രതിപക്ഷം

എം.കെ. വർഗീസ്
എം.കെ. വർഗീസ്

തൃശ്ശൂർ: തുല്യശക്തികൾ ഇരുപക്ഷത്തും അണിനിരന്ന സ്ഥിതിയായിരുന്നു തൃശ്ശൂർ കോർപറേഷനിൽ അഞ്ചുവർഷവും. ആറംഗങ്ങളുള്ള ബിജെപിയുടെ നിലപാട് മിക്കപ്പോഴും നിർണായകമായി. കോൺഗ്രസ് സീറ്റ് നിഷേധിച്ചയാൾ സ്വതന്ത്രനായി വിജയിക്കുകയും മുഖ്യമുന്നണികൾ തുല്യനിലയിലാകുകയും ചെയ്തതോടെ അനിശ്ചിതത്വമുണ്ടാകുമെന്നായിരുന്നു അനുമാനം. എന്നാൽ, സ്വതന്ത്രനെ മുന്നിൽ നിർത്തി അഞ്ചുവർഷവും ഭരണം നിലനിർത്താനായെന്നത് ഇടതുപക്ഷത്തിന്റെ നേട്ടമാണ്.

പലകാര്യങ്ങളിലും ചില നിർബന്ധങ്ങൾക്ക് വഴങ്ങേണ്ടിവന്നെന്ന തോന്നൽ ഇടതുമുന്നണി പ്രവർത്തകർക്കിടയിൽപ്പോലുമുണ്ട്. താത്പര്യങ്ങളുടെ ഈ വൈരുദ്ധ്യം വികസനത്തെയും പ്രവർത്തനത്തെയും ദോഷകരമായി ബാധിച്ചെന്നാണ് പ്രതിപക്ഷത്തെ ഇരുവിഭാഗവും പറയുന്നത്.

‘മാസ്റ്റർ’ വികസനം

- എം.കെ. വർഗീസ് (മേയർ) പറയുന്നു

  • കോൺഗ്രസിന്റെ അഞ്ചുവർഷം 58 കോടിയുടെ വികസനം നടന്നപ്പോൾ പത്തുവർഷം കൊണ്ട് 2200 കോടിയുടെ വികസനമാണ് ഇടതുഭരണം സാധ്യമാക്കിയത്. ഇതിൽ 1200 കോടിയുടെ വികസനത്തിനു ചുക്കാൻപിടിക്കാനായത് അഭിമാനകരം.
  • നഗരത്തിന്റെ സമഗ്രവികസനത്തിനുള്ള മാസ്റ്റർ പ്ലാനിന്റെ കാര്യത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ചു. 50 വർഷത്തേക്ക്‌ ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാനാക്കി മാറ്റി.
  • മാലിന്യസംസ്‌കരണരംഗത്ത് സംസ്ഥാനത്തിന് മാതൃകയായി. 45 എംസിഎഫ്, 80 വാഹനങ്ങൾ, 400 ഹരിതകർമസേന, രണ്ട് ഒഡബ്ല്യുസി പ്ലാന്റ്, ഇൻസിനറേറ്റർ, അനിമൽ ക്രിമെറ്റോറിയം തുടങ്ങിയവ പ്രവർത്തിക്കുന്നു.
  • ലാലൂരിൽ അന്താരാഷ്ട്രനിലവാരത്തിൽ ഐ.എം. വിജയൻ സ്പോർട്‌സ് കോംപ്ലക്‌സ്.
  • സമ്പൂർണ കുടിവെള്ളപദ്ധതി 80 ശതമാനം പൂർത്തിയായി. പീച്ചിയിൽ പുതിയ ഫ്ളോട്ടിങ്‌ പമ്പിങ്‌ സംവിധാനം ഏർപ്പെടുത്തി.
  • ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സ്പെഷ്യൽ ബ്ലോക്ക് ആരംഭിച്ചു. അയ്യന്തോൾ, ഒല്ലൂർ, കൂർക്കഞ്ചേരി, പിഎച്ച്സികൾക്ക് പുതിയ കെട്ടിടമായി. പുതുതായി ഒൻപത് വെൽനെസ് സെന്ററുകൾ തുടങ്ങി. എല്ലാ ആയുർവേദാശുപത്രികളും നവീകരിച്ചു. ഹോമിയോ ആശുപത്രിക്കു പുതിയ കെട്ടിടമായി.
  • 3000 പേർക്ക് വീട് നിർമിക്കാൻ നാലുലക്ഷം രൂപ വീതം. ഭൂമിയില്ലാത്ത 200 പട്ടികജാതിവിഭാഗക്കാർക്ക് സഹായധനം. 231 പേർക്ക് മാറ്റാംപുറത്ത് വീട് നിർമിക്കാൻ മൂന്നുസെന്റ് വീതം നൽകി.
  • കോർപറേഷൻ വൈദ്യുതിവിതരണമേഖല നവീകരിച്ചു. ആവശ്യപ്പെടുന്ന എല്ലാവർക്കും ഉടനടി കണക്ഷൻ.

അറിയണം, ഈ ദുർഗതി

• രാജൻ പല്ലൻ, പ്രതിപക്ഷ കക്ഷിനേതാവ് (കോൺഗ്രസ് ) പറയുന്നു

  • സന്തുലിതവികസനത്തിനായി യുഡിഎഫ് ആവിഷ്‌കരിച്ച പദ്ധതികൾ അട്ടിമറിക്കപ്പെട്ടു. അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ഇടതുഭരണത്തിന്റെ മുഖമുദ്ര. പ്രഖ്യാപനങ്ങളല്ലാതെ പലതും നടന്നിട്ടില്ല. കൊട്ടിഗ്‌ഘോഷിച്ച പദ്ധതികൾ പലതും കടലാസുപുലികളായി.
  • ജനങ്ങളുടെ അഭിപ്രായം ആരായാതെയും വിദഗ്‌ധരുമായി ചർച്ചചെയ്യാതെയും ഉണ്ടാക്കിയ മാസ്റ്റർപ്ലാൻ അബദ്ധപഞ്ചാംഗമായി. പദ്ധതി അംഗീകാരത്തിനുള്ള നടപടികൾ ലംഘിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചാണ് തെറ്റായ നടപടികൾ മറികടന്നത്.
  • ടിയുഡിഎ റോഡിലുള്ള ഭക്ഷ്യസംസ്‌കരണ പ്ലാന്റ്, കുരിയച്ചിറയിലെ മാലിന്യസംസ്‌കരണ പ്ലാന്റ്, ശക്തനിലെ ബയോഗ്യാസ് പ്ലാന്റ്, ഒഡബ്ല്യുസി പ്ലാന്റുകൾ, പൊതുജനങ്ങൾക്കായി നിർമിച്ച ശൗചാലയങ്ങൾ എന്നിവ പ്രവർത്തനരഹിതം.
  • കുടിവെള്ളം കൊണ്ടുവരുന്നതിനായി കോടികൾ മുടക്കി പീച്ചിയിൽനിന്ന് പൈപ്പുകളിട്ടെങ്കിലും ആവശ്യത്തിന് വെള്ളമില്ല. കിട്ടുന്ന വെള്ളം ചെളിയും അണുക്കളും നിറഞ്ഞതാണ്.
  • അന്യായ നികുതിവർധനയിലും പിരിവിലും ഹൈക്കോടതിയുടെ എതിർവിധി വന്നു. നികുതിദായകരിൽനിന്ന് പിരിച്ച അധികത്തുക തിരികെ കൊടുക്കുന്നതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തെ പ്രതിപക്ഷമാണ് തടഞ്ഞത്.
  • ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ബൈപാസ് റോഡില്ലാത്ത ഏക കോർപറേഷനാണ്. മോഡൽ റോഡിന്റെ പൂർത്തീകരണം ആയിട്ടില്ല.
  • അപ്രഖ്യാപിത പവർകട്ടും അശാസ്ത്രീയ സ്ലാബ് സമ്പ്രദായവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
  • എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാത്തതുമൂലം തെരുവുനായ്‌ക്കളുടെ കൂത്തരങ്ങാണ് നഗരം. ഇവമൂലമുള്ള അപകടം കൂടുകയാണ്.

വികസനമുരടിപ്പിന് കടലാഴം

• വിനോദ് പൊള്ളഞ്ചേരി (ബിജെപി പാർലമെൻററി ലീഡർ ) പറയുന്നു

  • കോർപറേഷനായിട്ട് 25 വർഷം പിന്നിടുമ്പോൾ വികസനമുരടിപ്പിന് കടലാഴമാണ്. 15 വർഷം എൽഡിഎഫും പത്തുവർഷം യുഡിഎഫും ഭരിച്ചിട്ട് കേരളത്തിലെ മറ്റു കോർപറേഷനുകളുമായി താരതമ്യം ചെയ്യാൻ ഒരു വിധത്തിലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
  • 25 വർഷമായിട്ട് മലിനജലം സംസ്‌കരിക്കാനുള്ള പ്ലാൻറ് സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
  • കേന്ദ്രപദ്ധതിയായ അമൃതിലൂടെ 579 കോടി ലഭിച്ചിട്ടും സമയബന്ധിതമായി അടിസ്ഥാനസൗകര്യങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
  • കൂർക്കഞ്ചേരി ജങ്‌ഷൻ വികസനം നടന്നില്ല. കൂർക്കഞ്ചേരിയിൽനിന്ന്‌ ചിയ്യാരം സംസ്ഥാനപാതയിലേക്കുള്ള റോഡ് വീതി കൂട്ടുമെന്ന് പലതവണ പറഞ്ഞിട്ടും അത് സാധ്യമാക്കിയില്ല.
  • തൃശ്ശൂർ നഗരത്തിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സം കൂടാതെ കടന്നുപോകാൻ ഒരു ഫ്ളൈ ഓവർ പോലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
  • ശക്തൻ നഗർ വികസനത്തിലും പത്തുവർഷമായിട്ടും ഒന്നും നടന്നില്ല.
  • കൂർക്കഞ്ചേരി-കുറുപ്പം റോഡ് വഴി, സ്വരാജ് റൗണ്ടിലെത്തുന്ന റോഡ് വീതി കൂട്ടാതെ കോൺക്രീറ്റിട്ടു. 12 കോടി ചെലവഴിച്ച് ആ പ്രദേശങ്ങളിലുള്ളവരെ മുഴുവൻ ദുരിതത്തിലാക്കി.

Content Highlights: Rs 2200 crore development achieved by Thrissur Corporation, says mayor