കേന്ദ്രമന്ത്രിയുടെ വോട്ടിൽ ‘തർക്കം’; പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം തൃശ്ശൂരിലെ വീട് വിറ്റിരുന്നു- സുരേഷ് ഗോപി

#Election Desk
സുരേഷ് ഗോപി | Photo: PTI
സുരേഷ് ഗോപി | Photo: PTI

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരം നഗരസഭാ പരിധിയിൽ വോട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണം. തൃശ്ശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽ കുമാറാണ് ഇതിനെതിരേ ആദ്യം രംഗത്തെത്തിയത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസമാണെന്ന് പറഞ്ഞാണ് തൃശ്ശൂരിൽ വോട്ടുചെയ്തത്. ഇപ്പോൾ അദ്ദേഹം തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും വോട്ടു ചെയ്തു. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രമന്ത്രിയും മറുപടി പറയണമെന്നായിരുന്നു സുനിൽ കുമാർ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും ആരോപണവുമായി രംഗത്തെത്തി.

തൃശ്ശൂർക്കാരനായി താനെന്നും ഉണ്ടാകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാൻ മാത്രമായിരുന്നു എന്നു തെളിഞ്ഞതായി കെ.വി. അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സംവിധാനത്തെയും ജനങ്ങളെയും വെല്ലുവിളിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് സുരേഷ് ഗോപി ചെയ്തതെന്നും ജനങ്ങളോട് മാപ്പ് പറഞ്ഞു രാജിവയ്ക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.

വോട്ട് ചെയ്തത് അധികൃതർ അറിയിച്ചതനുസരിച്ച്- സുരേഷ് ഗോപി

തൃശ്ശൂർ: എവിടെയാണ് വോട്ടെന്ന് അധികൃതർ അറിയിച്ചതനുസരിച്ചാണ് താൻ വോട്ടുചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതിൽ എനിക്ക് പിഴവ് പറ്റിയെങ്കിൽ ശിക്ഷിക്കാം. തിരുവനന്തപുരത്താണ് വോട്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുശേഷം തൃശ്ശൂരിലെ നെട്ടിശ്ശേരിയിൽ താമസിച്ചിരുന്ന വീട് വിറ്റു. അവിടത്തെ ബിഎൽഒയെ വിളിച്ച് പേര് ഒഴിവാക്കി. താമസിക്കാത്ത വീട്ടിൽനിന്ന് വോട്ടുചെയ്യാൻ പോയിരുന്നെങ്കിൽ ഇവരെന്നെ കുരുക്കില്ലേ. അത് സാധിക്കാതെ പോയതിന്റെ വിഷമമാണിത്. തിരുവനന്തപുരത്ത് വോട്ടുചെയ്യാൻ പോയത് പരസ്യമായിത്തന്നെയാണ്. ഇതിനുമുൻപ് മാധ്യമങ്ങളെയും കണ്ടിരുന്നു. ആർക്കാണ് പ്രശ്‌നമെന്നറിയില്ല. ഹീനമായ പ്രവർത്തനമാണിതെല്ലാം. ആർക്കും വ്യക്തിപരമായ വിശദീകരണം തരേണ്ടതില്ല. പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Union Minister Suresh Gopi faces allegations of voting in Thiruvananthapuram.