തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ജയം നേടും, LDF സർക്കാർ വട്ടപ്പൂജ്യം- ഖുശ്ബു

തൃശ്ശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച വിജയം നേടുമെന്ന് നടിയും ബിജെപി തമിഴ്‌നാട് വൈസ് പ്രസിഡന്റുമായ ഖുശ്ബു പറഞ്ഞു. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അവർ. സംസ്ഥാന സർക്കാരിനെ വിലയിരുത്താനൊന്നുമില്ല. ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ല. വട്ടപ്പൂജ്യമാണ് സർക്കാർ. എൽഡിഎഫ് വീണ്ടും വിജയിക്കുമെന്നതും അധികാരത്തിൽ വരുമെന്നതും സ്വപ്‌നമാണ്. സുരേഷ്‌ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരിൽ കൂടുതൽ വിജയം നേടാനാകും. അദ്ദേഹത്തിന്റെ കഠിനാധ്വാനം മുതൽക്കൂട്ടാകുമെന്നും അവർ പറഞ്ഞു.
അയ്യന്തോളിൽനിന്ന് സ്ഥാനാർഥികളോടും പ്രവർത്തകരോടുമൊപ്പം തുടങ്ങിയ റോഡ്‌ഷോ പൂങ്കുന്നം, പാട്ടുരായ്ക്കൽ, ചെമ്പുക്കാവ് തുടങ്ങി കോർപറേഷനിലെ വിവിധ വാർഡുകളിൽ പര്യടനം നടത്തി. കോർപറേഷൻ ഒാഫീസിനു സമീപം നടന്ന സമാപനസമ്മേളനം ഖുശ്ബു ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, വി. ആതിര, സുധീഷ് മേനോത്ത്പറമ്പിൽ, പൂർണിമാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: BJP leader Khusboo predicts a significant victory for NDA in the local elections