കേരളത്തെ അത്ഭുതവളർച്ചയിൽ എത്തിച്ചത് തുടർഭരണം -മുഖ്യമന്ത്രി

തൃശ്ശൂർ : കാലാനുസൃത വികസനമില്ലാതെ ശപിക്കപ്പെട്ട നാടായി കരുതിയ കേരളത്തെ 2016-നുശേഷമുള്ള പത്തുവർഷംകൊണ്ട് അത്ഭുതകരമായ പുരോഗതി നേടിയ നാടാക്കി ഇടതുതുടർഭരണം മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിസ്ഥാനസൗകര്യവികസനത്തിലും കാർഷിക-വ്യാവസായിക വളർച്ചയിലും വൻ മുന്നേറ്റമാണുണ്ടായത്. തൃശ്ശൂരിലെ ശക്തൻ നഗറിൽ കോർപറേഷൻതല സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണികൾ മാറി ഭരിക്കുന്ന സ്ഥിതിയിൽനിന്നു തുടർഭരണം ലഭിച്ചപ്പോൾ ചരിത്രം തിരുത്തിയെഴുതപ്പെട്ടു. കേരളത്തെപ്പോലെ തദ്ദേശസ്ഥാപനങ്ങൾ കരുത്താർജിച്ച മറ്റൊരു സംസ്ഥാനവും ഇല്ല. പ്രാദേശിക സർക്കാരുകൾപോലെയാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം. തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വികസനനേട്ടങ്ങളിൽ സ്തുത്യർഹമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമവും പ്രവർത്തനോന്മുഖവുമാക്കുകയെന്നതാണ് എൽഡിഎഫ് ലക്ഷ്യം. 2016-നുശേഷം ബജറ്റ് വഴി 44,000 കോടി ചെലവഴിച്ചെങ്കിലും ഇത് പോരെന്നതിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. ആദ്യ അഞ്ചുവർഷം 50,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യവികസനമാണ് ലക്ഷ്യമിട്ടതെങ്കിലും 62,000 കോടിയുടെ പദ്ധതികൾ നടപ്പാക്കാനായി. വീണ്ടും നാലരവർഷം പിന്നിട്ടപ്പോൾ 90,000 കോടി രൂപ കിഫ്ബി വഴി ചെലവഴിച്ചു. പത്തുവർഷക്കാലയളവിൽ ഒന്നരലക്ഷം കോടി രൂപ ഈ വിധം അടിസ്ഥാനസൗകര്യവികസനത്തിന് ചെലവഴിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കിഫ്ബിക്ക് റിയൽ എസ്റ്റേറ്റ് താത്പര്യമില്ല. റിസർവ് ബാങ്കിന്റെ മാനദണ്ഡം അണുവിടവ്യത്യാസം വരുത്താതെയാണ് കിഫ്ബിയുടെ പ്രവർത്തനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പശ്ചാത്തലവികസനത്തിന് പണം ചെലവഴിച്ചതിനാണ് ഇഡി നോട്ടീസ് അയച്ചത്. പശ്ചാത്തലസൗകര്യവികസനം ഒരുക്കാൻ ഇനിയും കിഫ്ബി ഫണ്ട് ചെലവഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി വിലയ്ക്കുവാങ്ങി കച്ചവടതാത്പര്യത്തോടെ മറിച്ചുവിൽക്കുന്നുവെന്നാണ് ആരോപണം. ഭൂമിയേറ്റെടുക്കലും വിലയ്ക്കുവാങ്ങലും രണ്ടാണ്. ഇതിൽ കച്ചവടതാത്പര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പ്രസംഗത്തിന് തടസ്സമായി ചുമ
മുഖ്യമന്ത്രി ഒരുമണിക്കൂറോളം പ്രസംഗിച്ചെങ്കിലും ഇടയ്ക്ക് ചുമയും തുമ്മലുമെത്തി. നിർത്തി ചൂടുവെള്ളം കുടിച്ചാണ് പ്രസംഗം തുടർന്നത്. ഇടയ്ക്കിടെ ശബ്ദത്തിൽ ഇടർച്ചയുമുണ്ടായി. പരിപാടിയിൽ പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. നേതാക്കളായ എ. വിജയരാഘവൻ, എം.എം. വർഗീസ്, മന്ത്രി ആർ. ബിന്ദു, മന്ത്രി െക. രാജൻ, പി.കെ. ബിജു, യു.പി. ജോസഫ്, കെ.വി. അബ്ദുൾഖാദർ, പി.കെ. ഷാജൻ, എം.കെ. കണ്ണൻ, കെ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എൽഡിഎഫ് ജില്ലാപഞ്ചായത്ത് മാനിഫെസ്റ്റോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
'രാഹുലിന് സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ്'
തൃശ്ശൂർ : പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണമൊരുക്കുന്നത് കോൺഗ്രസ് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്കൂട്ടത്തിലിനെ ഭാവിയിലേക്കുള്ള നിക്ഷേപമായല്ലേ കോൺഗ്രസ് വിശേഷിപ്പിച്ചത്. മാങ്കൂട്ടത്തിലിന് കർണാടകത്തിലേക്ക് കടക്കാനും അവിടെ ഒളിസങ്കേതമൊരുക്കാനും ആരാണ് ഒത്താശചെയ്തത്. ഇത് സ്വയം ചെയ്യാൻ ഇൗ വ്യക്തിക്ക് കഴിയുന്നതല്ലല്ലോ.
പ്രവർത്തകരും നേതാക്കളും സഹായിച്ചിട്ടുണ്ടാകും. മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നത് ശരിയാണ്. എന്നാൽ, പോലീസിന്റെ ഒത്താശയിലാണ് രക്ഷപ്പെട്ടത് എന്ന പ്രചാരണം ശരിയല്ല -മുഖ്യമന്ത്രി പറഞ്ഞു.
പ്രതിയായ ആൾ എവിടെയാണെന്ന് ഇപ്പറയുന്നവർക്ക് അറിയാമെങ്കിൽ പോലീസിൽ അറിയിക്കുകയല്ലേ വേണ്ടത്. ഒരാളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്പോൾ അറസ്റ്റ് ചെയ്യാതിരിക്കുക എന്നത് സാധാരണയായി കേരളത്തിൽ സ്വീകരിച്ചുവരുന്ന നിലപാടാണ്. ഇപ്പോൾ ഹൈക്കോടതി ജാമ്യഹർജി സ്വീകരിച്ച്, കേസ് മറ്റൊരു ദിവസം പരിഗണിക്കാൻ മാറ്റുകയും ചെയ്തിരിക്കുന്നു. ഇത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
Content Highlights: Kerala achieved remarkable progress in infrastructure, agriculture, and industry under continuous Left governance since 2016, CM Pinarayi Vijayan