‘വികസനവും വിശ്വാസവും പ്രധാന ചർച്ച; നടക്കാൻ പോകുന്നത് സംസ്ഥാനത്തിന്റെ തലവര മാറുന്ന തിരഞ്ഞെടുപ്പ്’

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ വികസനവും വിശ്വാസവുമാണ് പ്രധാന ചർച്ചയാക്കുന്നതെന്നും തൃശ്ശൂരിൽനിന്ന് തുടങ്ങിയ മാറ്റം സംസ്ഥാനത്താകെ വ്യാപിക്കുമെന്നും ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. തൃശ്ശൂർ പ്രസ്‌ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ തലവര മാറുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പിന് ജനങ്ങൾ നൽകിയ മറുപടിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലുണ്ടായത്. രണ്ട് മുന്നണികളെയും ജനങ്ങൾ പൂർണമായി മനസ്സിലാക്കി. എൻഡിഎ മാത്രമാണ് വികസനരാഷ്ട്രീയം മുന്നോട്ടുവെക്കുന്നത്.
എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതികൾ ഓരോ പൗരന്റെയും വീട്ടുമുറ്റത്തെത്തിക്കുകയാണ് ലക്ഷ്യം. ജമാ അത്തൈ ഇസ്‌ലാമിയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയിരുന്നതായി മുഖ്യമന്ത്രി സമ്മതിച്ചതോടെ രണ്ടു മുന്നണികളുടെയും ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇത് രണ്ടു മുന്നണികൾക്കും പ്രതികൂലമാകും. ജമാ അത്തൈ ഇസ്‌ലാമി സ്മാർത്തവിചാരം മാതൃകയിൽ എല്ലാം തുറന്നുപറഞ്ഞാൽ പല നേതാക്കളും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും-അദ്ദേഹം പരിഹസിച്ചു.
ശബരിമല സ്വർണപ്പാളിയുടെ വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ സിപിഎമ്മിനുള്ളതുപോലെയുള്ള പങ്ക് കോൺഗ്രസ് നേതാക്കൾക്കുമുണ്ടാകും. ലൈംഗിക പീഡന പരാതിയിൽ ഉൾപ്പെട്ട എംഎൽഎയ്ക്ക് സംസ്ഥാന, കർണാടക സർക്കാരുകൾ സംരക്ഷണം നൽകുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ ബിജെപി അതിജീവിതമാരോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേയിൽ വികസനത്തിന്റെ വിപ്ലവമാണ് നടക്കുന്നത്. തൃശ്ശൂരിനു മാത്രം 460 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞു.
മെമു സർവീസുകൾ കൂടുതലായി വന്നാൽ ഹ്രസ്വദൂര യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. 58 മേൽപ്പാലങ്ങൾക്ക് റെയിൽവെ മന്ത്രാലയം തുക അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നിന്ന് അലൈൻമെന്റ് തയ്യാറാക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: BJP leader P.K. Krishnadas highlights development and faith in local elections.