വെള്ളനാട്ട് പരിചയസമ്പന്നർ, കുന്നത്തുകാലിൽ പെൺകരുത്തിന്റെ പോരാട്ടം; വെഞ്ഞാറമൂട് ഡിവിഷനിൽ ഇഞ്ചോടിഞ്ച്

വെള്ളനാട്: ജില്ലാപ്പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി വാശിയേറിയ പ്രചാരണത്തിലാണ് മുന്നണികൾ. ജില്ലയിൽ രാജിയിലൂടെയും ഉപതിരഞ്ഞെടുപ്പിലൂടെയും ശ്രദ്ധേയമായ ഡിവിഷനാണ് വെള്ളനാട്. 2020-ൽ ജയിച്ച വെള്ളനാട് ശശി കോൺഗ്രസിൽനിന്നു രാജിവെച്ച് സിപിഎമ്മിലെത്തി. ജില്ലാപ്പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. തുടർന്നുനടന്ന ശക്തമായ ഉപതിരഞ്ഞടുപ്പിൽ ശശി സിപിഎം സ്ഥാനാർഥിയായി മത്സരിക്കുകയും സ്ഥാനം നിലനിർത്തുകയും ചെയ്തു. വെള്ളനാട്, അരുവിക്കര ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പൂവച്ചൽ ഗ്രാമപ്പഞ്ചായത്തിലെ കൊണ്ണിയൂർ, ഉണ്ടപ്പാറ, ആലമുക്ക്, പൊന്നെടുത്തകുഴി എന്നീ വാർഡുകളും കരകുളം ഗ്രാമപ്പഞ്ചായത്തിലെ കാച്ചാണി, തറട്ട എന്നീ വാർഡുകളും ഉൾപ്പെടുന്നതാണ് വെള്ളനാട് ഡിവിഷൻ. ഇത്തവണ രാഷ്ട്രീയരംഗത്ത് ഏറെ പരിചയസമ്പത്തുള്ളവരെയാണ് മൂന്നുമുന്നണികളും രംഗത്തിറക്കിയിട്ടുള്ളത്.
2015-ൽ ജില്ലാപ്പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ കന്നിയങ്കത്തിനിറങ്ങി വിജയിച്ച എൽപി മായാദേവിയാണ് ഇത്തവണത്തെ എൽഡിഎഫ് സ്ഥാനാർഥി. 2020-ൽ വെള്ളനാട് ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. നിലവിൽ സിപിഎം വെള്ളനാട് ലോക്കൽ കമ്മിറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷൻ വിളപ്പിൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡൻറായും പ്രവർത്തിക്കുന്നു.
യുഡിഎഫ് സ്ഥാനാർഥിയായി രംഗത്തുള്ളത് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഇന്ദുലേഖയാണ്. മൂന്നുപതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്തുള്ള ഇന്ദുലേഖ മഹിളാകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. 2010-15 കാലയളവിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.
മഹിളാമോർച്ച അരുവിക്കര പഞ്ചായത്ത് പ്രസിഡൻറായി രാഷ്ട്രീയരംഗത്തിറങ്ങിയ വിജി ബൈജുവാണ് എൻഡിഎ സ്ഥാനാർഥി. 2015-ൽ നെടുമങ്ങാട് ബ്ലോക്കിലെ ചെറിയകൊണ്ണി ഡിവിഷനിൽ ബിജെപി സ്ഥാനാർഥിയായിരുന്നു. മഹിളാമോർച്ച അരുവിക്കര നിയോജകമണ്ഡലം പ്രസിഡൻറായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച വിജി ജില്ലാ മഹിളാമോർച്ച സോഷ്യൽ മീഡിയയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി അരുവിക്കര മണ്ഡലം പ്രസിഡന്റാണ്.വിജി ബൈജു(എൻഡിഎ)
2020-ലെ ഫലം
വെള്ളനാട് ശശി (കോൺഗ്രസ്-19068)
ആർ.രാജ്മോഹൻ (സിപിഎം- 18858)
മുളയറ രതീഷ് (ബിജെപി- 9525)
കുന്നത്തുകാലിൽ പെൺകരുത്തിന്റെ പോരാട്ടം
കുന്നത്തുകാൽ: ജില്ലാപ്പഞ്ചായത്ത് രൂപവത്കരിച്ചതുമുതൽ കുന്നത്തുകാൽ ഡിവിഷൻ ഇടതുപക്ഷത്തോടാണ് ചായ്‌വ് കാട്ടിയത്. കഴിഞ്ഞതവണ സിപിഎമ്മിലെ വി.എസ്.ബിനുവിന് ഒൻപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ ഒറ്റശേഖരമംഗലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ കുന്നത്തുകാൽ ഡിവിഷനിൽ 50 വാർഡുകളായി കുറഞ്ഞു. കൊല്ലയിൽ, കുന്നത്തുകാൽ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും പെരുങ്കടവിള പഞ്ചായത്തിലെ ആറും വെള്ളറട പഞ്ചായത്തിലെ മൂന്നും വാർഡുകൾ ചേർന്നതാണ് പുതിയ കുന്നത്തുകാൽ ഡിവിഷൻ.
എൽഡിഎഫിനായി അഭിഭാഷകയും സിപിഎം ധനുവച്ചപുരം ലോക്കൽ കമ്മിറ്റി അംഗവുമായ വിജയരാജി(44)യാണ് മത്സരിക്കുന്നത്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയാണ്. കൊല്ലയിൽ പഞ്ചായത്തിലെ കൊറ്റാമം വാർഡിലെ പുതുശ്ശേരിമഠത്താണ് താമസം. ആദ്യമായാണ് മത്സരിക്കുന്നത്.
യുഡിഎഫിനായി കോൺഗ്രസ് പ്രതിനിധി വിനി അനീഷ്(38) ആണ് മത്സരിക്കുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോടാണ് താമസം. ആദ്യമായാണ് മത്സരിക്കുന്നത്. ഭർത്താവ് അനീഷ് കുന്നത്തുകാൽ പഞ്ചായത്തംഗമാണ്.
എൻഡിഎയ്ക്കായി കൊല്ലയിൽ പഞ്ചായത്തിലെ ദേവേശ്വരം വാർഡ് അംഗം ഷീബാ അനീഷ്(40) ആണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. കൊല്ലയിൽ പഞ്ചായത്തിലെ ദേവേശ്വരമാണ് സ്വദേശം. നെയ്യാറ്റിൻകര കോടതിയിലെ അഭിഭാഷകയാണ്.
കുന്നത്തുകാൽ, കൊല്ലയിൽ ഗ്രാമപ്പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. പെരുങ്കടവിള പഞ്ചായത്തിലെ ആറ്് വാർഡുകളാണ് കുന്നത്തുകാൽ ഡിവിഷനിലുള്ളത്. ഇതിൽ നാല് എൽഡിഎഫും ഓരോന്നുവീതം യുഡിഎഫും ബിജെപിയുമാണ്. വെള്ളറട പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ഓരോന്നുവീതം മൂന്ന് മുന്നണികളുമാണ് വിജയിച്ചത്.
2020-ലെ തിരഞ്ഞെടുപ്പ് ഫലം
വി.എസ്.ബിനു(സിപിഎം)- 26751
ബി.എൽ.അജേഷ്(ബിജെപി)- 17363
എം.എസ്.അനിൽ(കോൺഗ്രസ്)- 17275
വെഞ്ഞാറമൂട് ഡിവിഷനിൽ ഇഞ്ചോടിഞ്ച്
വെഞ്ഞാറമൂട്: ആദ്യം യുഡിഎഫിനെയും പിന്നീട് എൽഡിഎഫിനെയും പിന്തുണച്ച വെഞ്ഞാറമൂട് ജില്ലാപ്പഞ്ചായത്ത് ഡിവിഷനിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കഴിഞ്ഞ 10 വർഷമായി എൽഡിഎഫിന്റെ കൈയിലാണ് ഡിവിഷൻ. മാണിക്കൽ, പുല്ലമ്പാറ പഞ്ചായത്തുകൾ പൂർണമായും നെല്ലനാട് പഞ്ചായത്തിലെ നെല്ലനാട് വാർഡ് ഒഴികെ ബാക്കി വാർഡുകളും ഉൾപ്പെടുന്നതാണ് വെഞ്ഞാറമൂട് ജില്ലാ ഡിവിഷൻ.
എൽഡിഎഫിനുവേണ്ടി പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപകനുമായ പി.വി.രാജേഷ് (51), യുഡിഎഫിനായി ഡിസിസി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ വെമ്പായം അനിൽകുമാർ (62), എൻഡിഎയ്ക്കുവേണ്ടി ബിജെപി ജില്ലാക്കമ്മിറ്റി അംഗം ആർ.പി.സുരേഷ് ബാബു (53) എന്നിവരാണ് മത്സരരംഗത്ത്. മൂന്ന് പഞ്ചായത്തുകളിൽ മാണിക്കൽ, പുല്ലമ്പാറ പഞ്ചായത്തുകൾ എൽഡിഎഫും നെല്ലനാട് കോൺഗ്രസുമാണ് ഭരിക്കുന്നത്. അടയമൺ യുപി സ്കൂളിൽ അധ്യാപകനാണ് പി.വി.രാജേഷ്. അവധിയെടുത്താണ് മത്സരിക്കുന്നത്. 2010-15, 20-25 കാലഘട്ടത്തിലും പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്തംഗമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്ത് പ്രസിഡന്റായി. കെഎസ്ടിഎ സംസ്ഥാന സമിതി അംഗം, കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.
യുഡിഎഫ് സ്ഥാനാർഥി അനിൽകുമാർ. കെഎസ്‌യുവിൽ പ്രവർത്തിച്ചു തുടങ്ങി. ചെമ്പഴന്തി എസ്എൻ കോളേജിലെ ബിരുദപഠനത്തിനുശേഷം ലോ അക്കാദമിയിൽനിന്നും എൽഎൽബി എടുത്തു. ആറ്റിങ്ങൽ കോടതിയിൽ അഭിഭാഷകൻ. 2000-2005 ൽ ജില്ലാപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു.
നാടക സംവിധായകനാണ് ആർ.പി.സുരേഷ് ബാബു, നാടകസംവിധായകനായ വെഞ്ഞാറമൂട് രാമചന്ദ്രന്റെ സഹ സംവിധായകനായി സൗപർണകയിൽ തുടക്കം. അഞ്ച് നാടകങ്ങൾ സംവിധാനംചെയ്തു. ഇപ്പോൾ സ്വകാര്യ നിർമാണക്കമ്പനിയിലെ പിആർഒ ആയി ജോലിചെയ്യുകയാണ്. നെല്ലനാട് ഗ്രാമപ്പഞ്ചായത്തിൽ മൂന്നുതവണ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി ആറ്റിങ്ങൽ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറിയാണ്.
Content Highlights: Key contests in Kerala`s local body elections for Vellanad, Kunnathukal, and Venjarammoodu divisions