തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാർഡ് വിഭജനം: പേരുകൾ മാറിയില്ല, അതിരുകൾ മാറി

തിരുവനന്തപുരം: കോർപ്പറേഷനിലെ വാർഡ് വിഭജനത്തിൽ പത്ത് വാർഡുകളുടെ പേരിലാണ് മാറ്റംവന്നതെങ്കിലും ഭൂരിഭാഗം വാർഡുകളുടെയും രൂപത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുവിജയത്തിനായി നിയമംപോലും കാറ്റിൽപ്പറത്തിയാണ് പല വാർഡുകളും രൂപവത്കരിച്ചതെന്നും ആരോപണമുണ്ട്. ബിജെപിയുടെ കടന്നുകയറ്റത്തിന് തടയിടാനും യുഡിഎഫിന്റെ തീരദേശത്തെ ശക്തികേന്ദ്രങ്ങളെ ഇല്ലാതാക്കാനുംകൂടിയുള്ള ശ്രമങ്ങൾ ഈ വാർഡ് വിഭജനത്തിൽ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇടതുപക്ഷ സംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കിയതെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്. തീരദേശത്തെ മത്സ്യത്തൊഴിലാളി സംഘടനകളും ഈ അനീതിക്കെതിരേ രംഗത്തെത്തിയെങ്കിലും സർക്കാർ അറിഞ്ഞമട്ട് കാണിച്ചില്ല. മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും അടക്കം പരാതികൾ എത്തിയിരുന്നു.
ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കഴക്കൂട്ടം മേഖലയിൽ പുതിയ ആറ് വാർഡുകളാണ് രൂപവത്കരിച്ചത്. എന്നാൽ, ഇതിൽ പല വാർഡുകളിലും ആവശ്യത്തിന് ജനസംഖ്യയില്ല. ഉദാഹരണത്തിന് ആറ്റിപ്ര, പാങ്ങപ്പാറ, കുഴിവിള വാർഡുകളിൽ നിർദേശിക്കപ്പെട്ട ജനസംഖ്യയുടെ പകുതിപോലുമില്ല. അതേസമയം ഇല്ലാതായ വാർഡുകളിൽ ഭൂരിഭാഗവും ബിജെപി, യുഡിഎഫ് വിജയമേഖലകളായിരുന്നു. ഒഴിവാക്കിയ പിടിപി നഗർ, മുല്ലൂർ, കുര്യാത്തി, ബീമാപള്ളി ഈസ്റ്റ്, ശംഖുംമുഖം, പാൽക്കുളങ്ങര തുടങ്ങിയവ പ്രതിപക്ഷ കക്ഷികളുടെ ശക്തികേന്ദ്രങ്ങളായിരുന്നു.
തീരദേശ വാർഡുകൾ വെട്ടിനിരത്തിയതിനൊപ്പം ബാക്കിയുള്ളവ ഒരുമിച്ചുചേർത്ത് വലുതാക്കി. ഇതോടെ പല വാർഡുകളിലും നിർദേശിച്ചിട്ടുള്ളതിന്റെ ഇരട്ടിയോളം വോട്ടർമാരുമായി. ഇത്തരത്തിൽ പോർട്ട്, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വള്ളക്കടവ്, വെട്ടുകാട് എന്നീ വാർഡുകളിലെ വോട്ടർമാരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.
കരട് പട്ടികയിൽ ഇല്ലാതിരുന്ന പെരുന്താന്നി വാർഡ് അന്തിമ വിജ്ഞാപനത്തിൽ തിരിച്ചുവന്നു. പക്ഷേ, ഇതിന്റെ ഭാഗങ്ങൾ കൂടുതൽ പഴയ പാൽക്കുളങ്ങര വാർഡിൽനിന്നുള്ളതാണ്. പൂജപ്പുര, വലിയശാല, തിരുമല തുടങ്ങിയ വാർഡുകളുടെയെല്ലാം അതിർത്തി നിർണയത്തിലെല്ലാം ഇത്തരം വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. വലിയശാല പൂജപ്പുരവരെയും തിരുമല വട്ടിയൂർക്കാവുവരെയും നീണ്ടുകിടക്കുന്ന വാർഡുകളായി. അതിർത്തികളിൽ കാതലായ മാറ്റങ്ങൾ വന്നതുകൊണ്ടുതന്നെ പഴയ കണക്കുകളിൽ കണ്ണുനട്ട് മത്സരത്തിനിറങ്ങാനാവില്ലെന്നാണ് മുന്നണികളും ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Controversy surrounds Thiruvananthapuram Corporation`s ward division. Allegations of manipulation to favor ruling party and weaken opposition, especially in coastal areas