'റിട്ട. ഐപിഎസ്’ മതി: ബിജെപി സ്ഥാനാര്‍ഥി ശ്രീലേഖയുടെ 'ഐപിഎസ് വെട്ടി' തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഐപിഎസ് നീക്കംചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ‘ആര്‍. ശ്രീലേഖ ഐപിഎസ്’ എന്ന് പോസ്റ്റര്‍ അച്ചടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രശ്മി പരാതി നല്‍കിയത്. കമ്മീഷന്റെ നിര്‍ദേശത്തിന് പിന്നാലെ ചിലയിടങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍നിന്ന് ശ്രീലേഖയുടെ പേരിനൊപ്പമുള്ള ഐപിഎസ് മായ്ച്ചിട്ടുണ്ട്. ചില പോസ്റ്ററുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഐപിഎസിനൊപ്പം റിട്ടയേഡ് എന്ന് എഴുതി ചേര്‍ത്തിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് ഓഫീസിലെ ബോര്‍ഡില്‍ ആര്‍. ശ്രീലേഖ എന്ന് മാത്രമാണ് ഇപ്പോള്‍ എഴുതിയിരിക്കുന്നത്.
സര്‍വീസില്‍നിന്ന് വിരമിച്ച ഒരാള്‍ ഐപിഎസ് എന്ന് വെക്കാന്‍ പാടില്ലെന്ന് ടി.എസ്. രശ്മി പ്രതികരിച്ചു. പോസ്റ്ററില്‍ ഒക്കെ ശ്രീലേഖ ഐപിഎസ് എന്നാണ് വെച്ചിരിക്കുന്നതെന്നും റിട്ടയേര്‍ഡ് എന്ന് നല്‍കിയിട്ടില്ലെന്നും താന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയതായും രശ്മി പറഞ്ഞു. പിന്നീട് നോക്കുമ്പോള്‍ പലയിടത്തും ഐപിഎസ് എന്നെഴുതിയത് മായ്ച്ചിരിക്കുന്നതായി കണ്ടുവെന്നും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.
പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്നാണ് ശ്രീലേഖ പറയുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ ആര്‍. ശ്രീലേഖ ഐപിഎസ് എന്നുപറഞ്ഞാണ് സ്ഥാനാര്‍ഥി ജനങ്ങളോട് പരിചയപ്പെടുത്തുന്നത്. അത് പറയുമ്പോള്‍ ആളുകള്‍ക്ക് പെട്ടെന്ന് മനസ്സിലാകുമെന്ന് ആര്‍. ശ്രീലേഖ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞിരുന്നു. ഡോക്ടര്‍, അഡ്വക്കേറ്റ് എന്നതുപോലെ പേരിനൊപ്പമുള്ള ഡിഗ്രി പോലെയാണ് ഐപിഎസ്. അത് മരണം വരെ ഒപ്പമുണ്ടാകുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
Content Highlights: Election Commission directs former DGP R. Sreelekha to remove `IPS` from her name in local polls campaign in Thiruvananthapuram, following AAP`s complaint.