പാറശ്ശാല നിലനിര്‍ത്താന്‍ LDF, പിടിച്ചെടുക്കാന്‍ UDF; അട്ടിമറിക്കാന്‍ BJP; കാരോട് നിര്‍ണായകം, ആര്യങ്കോട് ത്രികോണമത്സരം

#Election Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പാറശ്ശാല: തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പാറശ്ശാല ഗ്രാമപ്പഞ്ചായത്ത് ഭരണം മൂന്നാം തവണയും നിലനിർത്താൻ എൽഡിഎഫും കൈവിട്ടുപോയ ഭരണം ഏതുവിധേനയും പിടിച്ചെടുക്കാൻ കോൺഗ്രസും കിണഞ്ഞു ശ്രമിക്കുമ്പോൾ യുവനിരയെ രംഗത്തിറക്കി അട്ടിമറി വിജയങ്ങൾ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫാണ് പാറശ്ശാല പഞ്ചായത്ത് ഭരണം കൈയ്യാളുന്നത്. നിലവിൽ 23 വാർഡുകളിൽ സിപിഎമ്മിന്‌ 11-ഉം സിപിഐക്ക് നാലും വീതം അംഗങ്ങളാണുള്ളത്. ഇത്തവണ 24 വാർഡുകളാണ് നിലവിലുള്ളത്. 21 വാർഡുകളിൽ സിപിഎമ്മും മൂന്നു വാർഡുകളിൽ സിപിഐയും മത്സരിക്കുന്നുണ്ട്.

സിപിഐ മത്സരിക്കുന്ന മൂന്ന് വാർഡുകളിൽ സിപിഎം നേതാക്കൾ തന്നെ വിമത സ്ഥാനാർഥികളായി രംഗത്തെത്തിയത് മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾക്കു കാരണമായിട്ടുണ്ട്. സിപിഐ മത്സരിക്കുന്ന മുര്യങ്കര വാർഡിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയും കരുമാനൂർ വാർഡിൽ ബ്രാഞ്ച് സെക്രട്ടറിയും സ്ഥാനാർഥിയായി രംഗത്തുണ്ട്. സിപിഐ നേതൃത്വം പരാതിപ്പെട്ടെങ്കിലും സിപിഎം നേതൃത്വം അവഗണിക്കുകയായിരുന്നു.

എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണിവിഭാഗത്തിന് പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കൊടവിളാകം വാർഡിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം സ്ഥാനാർഥി മത്സരരംഗത്തുണ്ട്. ഏതു വിധേനയും മൂന്നാം തുടർ ഭരണം ഉറപ്പിക്കുന്നതിനായി എൽഡിഎഫ് പുതുമുഖങ്ങളോടൊപ്പം മുതിർന്ന നേതാക്കളെയും മത്സര രംഗത്തിറക്കിയിട്ടുണ്ട്.

പവതിയാൻവിള വാർഡിൽ ആർ.ബിജു, പൊന്നംകുളം വാർഡിൽ മധു, മുറിയത്തോട്ടത്തിൽ സുനിൽ, കോട്ടയ്ക്കകം വാർഡിൽ പി.ലോറൻസ്, കീഴ്‌ത്തോട്ടം വാർഡിൽ സുരേഷ് എന്നിവരാണ് സിപിഎമ്മിൽനിന്ന് മത്സര രംഗത്തുള്ള മുതിർന്ന നേതാക്കൾ.

കാലങ്ങളോളം തുടർച്ചയായി ഭരിച്ചിരുന്ന പാറശ്ശാല ഗ്രാമപ്പഞ്ചായത്തിലെ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. 24 വാർഡുകളിലും ഘടകകക്ഷികളെ ഒഴിവാക്കി കോൺഗ്രസ് തന്നെയാണ് മത്സരിക്കുന്നത്. അയിങ്കാമം, ഇഞ്ചിവിള വാർഡുകളിലാണ് കോൺഗ്രസിൽ വിമതഭീഷണി നിലനിൽക്കുന്നത്. രണ്ടു വാർഡുകളിൽ ബൂത്ത് കമ്മിറ്റികൾ കോൺഗ്രസ് സ്ഥാനാർഥികളായി നിശ്ചയിച്ചവരാണ് വിമതരായി രംഗത്തുള്ളത്. ബൂത്ത് കമ്മിറ്റി തീരുമാനത്തിനെതിരേ നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഇഞ്ചിവിളയിൽ ബൂത്ത് കമ്മിറ്റി പിരിച്ചു വിട്ടാണ് കോൺഗ്രസ് പ്രവർത്തകർ വിമതരോടൊപ്പം പോയത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കോൺഗ്രസിൽ വിമതശല്യം കുറവായതിനാൽ ഭരണം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

കൊല്ലിയോട് സത്യനേശൻ, ഘെൻസി ലാലി, ക്രിസ്തുദാസ്, സെയ്യദാലി, മഹിളകുമാരി എന്നീ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് കോൺഗ്രസ് ഭരണത്തിലേക്കു തിരികെയെത്താൻ ശ്രമിക്കുന്നത്.

സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പാറശ്ശാല പഞ്ചായത്തിൽ അട്ടിമറിയിൽക്കൂടി ഭരണത്തിലെത്താനോ നിർണായക ശക്തിയായി മാറുന്നതിനോയുള്ള ശ്രമത്തിലാണ് ബിജെപി. അയിങ്കാമം, പാറശ്ശാല ടൗൺ, നടുത്തോട്ടം, പവതിയാൻവിള, നെടിയാംകോട്, മുര്യങ്കര, കൊടവിളാകം തുടങ്ങിയ വാർഡുകളിലാണ് ബിജെപി പ്രതീക്ഷ അർപ്പിക്കുന്നത്. 24 വാർഡുകളിലും ബിജെപി സ്ഥാനാർഥികളുടെ സാന്നിദ്ധ്യം ഇത്തവണ ശ്രദ്ധേയമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ പാറശ്ശാല ടൗൺ വാർഡും, അയിങ്കാമവും നിസ്സാര വോട്ടുകൾക്ക് രണ്ടാം സ്ഥാനത്തായ വാർഡുകളിലും ഏതു വിധേനയും സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പരിവാർ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ തിരഞ്ഞെടുപ്പു രംഗത്ത് സജീവമാണ്.

കാരോട് ഗ്രാമപ്പഞ്ചായത്ത്

പാറശ്ശാല: കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തിൽ ഏറെ നാടകീയ രംഗങ്ങൾ അരങ്ങേറിയ കാരോട് ഗ്രാമപ്പഞ്ചായത്ത് ഇരു മുന്നണികൾക്കും നിർണായകമാണ്. കോൺഗ്രസിന്റെ കോട്ടയെന്ന്‌ അറിയപ്പെട്ടിരുന്ന പഞ്ചായത്തിൽ 2020-ൽ നഷ്ടമായ ഭരണം തിരികെ പിടിക്കുവാനുള്ള നീക്കത്തിലാണ് എൽഡിഎഫ്. സിപിഐക്കും സിപിഎമ്മിനും ഒരേ പോലെ അടിത്തറയുള്ള കാരോട് പഞ്ചായത്തിൽ കഴിഞ്ഞതവണ ഭരണം നഷ്ടമായത് മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളാലായിരുന്നു. എന്നാൽ ഭരണത്തിലേറിയ കോൺഗ്രസിൽ രണ്ടര വർഷം കഴിഞ്ഞതോടെ കൂറുമാറ്റംമൂലം ഭരണം നഷ്ടമാവുകയും വിമതരിലൂടെ എൽഡിഎഫ് ഭരണം നടത്തുകയുമായിരുന്നു.

നിലവിൽ 19 അംഗങ്ങളുണ്ടായിരുന്ന കാരോട് പഞ്ചായത്തിൽ ഭരണം ആരംഭിച്ച സമയത്ത് കോൺഗ്രസിന് വിമതയായി മത്സരിച്ച സ്വതന്ത്ര അംഗമടക്കം 11 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടര വർഷത്തിനു ശേഷമുണ്ടായ അവിശ്വാസ പ്രമേയത്തെ തുടർന്ന് അഞ്ചു അംഗങ്ങൾ കൂറുമാറി എൽഡിഎഫിനോട് ചേർന്നു. തുടർന്നുണ്ടായ നിയമ പോരാട്ടത്തിൽ അഞ്ചു പേരും അയോഗ്യരാക്കപ്പെട്ടു. പുതുതായി ഒരു വാർഡ് കൂടി ചേർത്തതോടെ കാരോടിൽ 20 വാർഡുകളാണ് നിലവിലുള്ളത്. ഇരുപതിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ തന്നെയാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കാരോടിൽ കോൺഗ്രസിന് ഭീഷണിയായിരുന്ന വിമതശല്യം ഇത്തവണ കുറവാണെന്നതു കോൺഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

പ്രസിഡന്റ് സ്ഥാനം ലക്ഷ്യംവെച്ചാണ് പലപ്പോഴും കാരോടിൽ പരസ്പരം വിമതൻമാരെ നിർത്തിയുള്ള മത്സരങ്ങളുണ്ടാകുന്നത്. ഇത്തവണ പ്രസിഡന്റ് സ്ഥാനം സംവരണമായതോടെ പ്രസിഡന്റ്‌മോഹികൾ പലരും മത്സരരംഗത്ത് നിന്നു പിൻവലിഞ്ഞു.

സിപിഐക്കും സിപിഎമ്മിനും തുല്യശക്തിയുള്ള മേഖലയാണ് കാരോട് ഗ്രാമപ്പഞ്ചായത്ത്. കഴിഞ്ഞ തവണ ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് എൽഡിഎഫിന് തുടർഭരണം നഷ്ടപ്പെടുത്തിയതെന്ന് ആരോപിച്ച് ഒരുവിഭാഗം നേതാക്കൾ തിരഞ്ഞെടുപ്പിന് പിന്നാലെ രംഗത്തു വന്നിരുന്നു. ഇത്തവണ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കി 10 വാർഡുകളിൽ സിപിഎമ്മും, ആറ് വാർഡുകളിൽ സിപിഐയും രണ്ടിടത്ത് ആർജെഡിയും, രണ്ടിടത്ത് എൽഡിഎഫ് സ്വതന്ത്രരെയും രംഗത്തിറക്കിയാണ് എൽഡിഎഫ് രംഗത്തുള്ളത്.

സിപിഐ മത്സരിക്കുന്ന മഞ്ചാംകുഴി വാർഡിൽ ഔദ്യോഗിക സ്ഥാനാർഥിയായ ഇ.ചന്ദ്രികയ്ക്കെതിരേ കഴിഞ്ഞ തവണ സിപിഐയുടെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ശാലിനിമോൾ വിമതയായി മത്സരരംഗത്തുണ്ട്. സിപിഐ അവകാശവാദമുന്നയിച്ചിരുന്ന പിങ്കുളം വാർഡിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും സിപിഐയുടെ ഔദ്യോഗിക സ്ഥാനാർഥിയായി ആദ്യ ഘട്ടത്തിൽ നിശ്ചയിച്ചിരുന്ന റിനി ഹേമലത വിമതയായി രംഗത്തെത്തിയിട്ടുണ്ട്.

കാരോട് പഞ്ചായത്തിൽ നിലവിൽ രണ്ടു അംഗങ്ങളുള്ള ബിജെപി ഇത്തവണ അംഗബലം വർധിപ്പിച്ച് നിർണായക ശക്തിയാകുവാനുള്ള നീക്കത്തിലാണ്. ശക്തമായ അടിത്തറയുള്ള വാർഡുകളിൽ ശക്തരായ സ്ഥാനാർഥികളെ തന്നെയാണ് രംഗത്തിറക്കിയിട്ടുള്ളത്. കാരോട് പഞ്ചായത്തിലെ ആദ്യ ബിജെപി അംഗം പി. ബിന്ദു, നിലവിലെ അംഗങ്ങളായ കാന്തള്ളൂർ സജി, അശ്വതി പ്രമോദ്, പുതുമുഖങ്ങളായ കാന്തള്ളൂർ സുധ, സജിത എന്നിവരടക്കം മുൻനിര നേതാക്കളെയാണ് ബിജെപി മത്സര രംഗത്തിറക്കിയിട്ടുള്ളത്.

ആര്യങ്കോട് ഗ്രാമപ്പഞ്ചായത്ത്

വെള്ളറട: നെയ്യാറിന്റെയും ചിറ്റാറിന്റെയും കരകൾ പങ്കിടുന്ന ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ പതിറ്റാണ്ടുകളായി കൈവശമുള്ള ഭരണം തുടരാൻ എൽഡിഎഫും മുമ്പ് നഷ്ടമായ ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫും തന്ത്രം മെനയുകയാണ്. അട്ടിമറിഭരണത്തിന് എൻഡിഎയും മികച്ച സ്ഥാനാർഥികളെ നിർത്തി പോരാട്ടത്തിനൊരുങ്ങിയതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്.

ഇക്കുറി മുക്ക്തലയ്ക്കൽ എന്ന ഒരു വാർഡുകൂടി പുതുതായി രൂപവത്കരിച്ചതോടെ ആകെ വാർഡുകളുടെ എണ്ണം 17 ആയി മാറി. ഇതിൽ എട്ട്‌ വാർഡുകൾ വനിതാ സംവരണവും ഒരു വാർഡ് പട്ടികജാതിയും മറ്റൊരു വാർഡ് പട്ടികജാതി വനിതാ സംവരണവുമാണ്. പ്രസിഡന്റ് സ്ഥാനവും പട്ടികജാതിസംവരണമാണ്. കഴിഞ്ഞ ഭരണസമിതിയിൽ എൽഡിഎഫിന് 10, യുഡിഎഫിന് നാല്, ബി.ജെ.പി.യ്ക്ക് രണ്ട് സീറ്റുകൾ വീതമാണ് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് നിലവിൽ വന്നതിനുശേഷം ഒരുതവണ മാത്രമാണ് യുഡിഎഫിന് തിരഞ്ഞെടുപ്പിലൂടെ ഭരണം ലഭിച്ചത്. ഇക്കുറി എൽഡിഎഫിൽ 14 സീറ്റുകളിൽ സിപിഎമ്മും മൂന്ന് സീറ്റുകളിൽ സിപിഐയുമാണ് മത്സരിക്കുന്നത്. യുഡിഎഫിൽ എല്ലാ സീറ്റുകളിലും കോൺഗ്രസും എൽഡിഎയിൽ ബിജെപിയുമാണ് മത്സരിക്കുന്നത്. പുതിയ വാർഡ് രൂപവത്കരണത്തിൽ മറ്റ് വാർഡുകളിൽ വന്ന ഘടനാമാറ്റം തങ്ങൾക്കനുകൂലമാകുമെന്ന വാദമാണ് മൂന്ന് മുന്നണികൾക്കുമുള്ളത്. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളിൽ മിക്കവർക്കും ഇത്തവണ സീറ്റില്ല.

വോട്ടെടുപ്പിന് ഇനി ഒൻപത് ദിവസങ്ങൾ ശേഷിക്കേ പ്രചാരണ പോരാട്ടങ്ങൾ മുന്നേറുകയാണ്. മൂന്ന് മുന്നണി സ്ഥാനാർഥികളും മൂന്ന് റൗണ്ട് പര്യടനം കഴിഞ്ഞ നിലയിലാണ്. മഴ മാറിയതോടെ പോസ്റ്റർ പതിപ്പിക്കലും ചുവരെഴുത്തും തകൃതിയിലായി. സർക്കാരിന്റെ വികസനക്ഷേമ പദ്ധതികളും കിഴക്കൻമല കുടിവെള്ള പദ്ധതിയും റോഡ് വികസനവും വിശദീകരിച്ചാണ് എൽഡിഎഫ് പ്രചാരണം. ഗ്രാമപ്പഞ്ചായത്തിൽ ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്ത പൊതുശ്മശാനവും, മാലിന്യപ്രശ്നങ്ങളും പഞ്ചായത്തില വികസനമുരടിപ്പും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളും പ്രചാരണായുധമാക്കിയാണ് യുഡിഎഫ് സ്ഥാനാർഥികൾ വോട്ടർമാരെ സമീപിക്കുന്നത്. ശബരിമല സ്വർണമോഷണവും, ഓപ്പറേഷൻ സിന്ദൂർ, ജലജീവൻ പദ്ധതികളും കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും ഗ്രാമപ്പഞ്ചായത്തിലെ ഭരണ പോരായ്മകളും പ്രചരണത്തിലൂടെ ചൂണ്ടിക്കാട്ടുകയാണ് ബിജെപി സാരഥികൾ.

Content Highlights: Parassala, Karode, and Aryancode Local Body Elections: A Fierce Three-Way Battle for Dominance