ഒരേ ചിഹ്നം, സമീപവാര്‍ഡുകളില്‍ മത്സരം; വീട്ടുകാര്യങ്ങള്‍ക്കിടയില്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പ് വിശേഷം

#തെന്നൂർ ബി. അശോക്
പ്രതീകാത്മക ചിത്രം,  ടവർ വാർഡിൽ മത്സരിക്കുന്ന ജയകുമാറും കല്ലുവരമ്പ് വാർഡിൽ മത്സരിക്കുന്ന ഭാര്യ താരാ ജയകുമാറും | Photo: ANI, Mathrubhumi
പ്രതീകാത്മക ചിത്രം,  ടവർ വാർഡിൽ മത്സരിക്കുന്ന ജയകുമാറും കല്ലുവരമ്പ് വാർഡിൽ മത്സരിക്കുന്ന ഭാര്യ താരാ ജയകുമാറും | Photo: ANI, Mathrubhumi

നെടുമങ്ങാട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീറും വാശിയും ഏറുമ്പോഴും പൂവത്തൂരിലെ പത്മവിലാസത്തിൽ തിരഞ്ഞെടുപ്പ് ഇവർക്ക് കുടുംബകാര്യമാണ്. ഭാര്യയും ഭർത്താവും സമീപവാർഡുകളിൽ ഒരേചിഹ്നത്തിൽ മത്സരിച്ചാണ് വോട്ടുതേടുന്നത്. ബിജെപിക്കുവേണ്ടി മത്സരിക്കുന്ന ടവർ വാർഡിലെ പൂവത്തൂർ ജയകുമാറും സമീപവാർഡായ കല്ലുവരമ്പിൽ മത്സരിക്കുന്ന താരാ ജയകുമാറുമാണ് ദമ്പതിമാരായ സ്ഥാനാർഥികൾ.

താരാ ജയകുമാർ രണ്ടുവട്ടം ബിജെപി കൗൺസിലറായിരുന്നു. കഴിഞ്ഞതവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച ടവർ വാർഡാണ് ഇക്കുറി ഭർത്താവിനുവേണ്ടി വിട്ടുകൊടുത്തത്. സിപിഎം സിറ്റിങ് സീറ്റായ കല്ലുവരമ്പിൽ മത്സരിക്കാനാണ് ഈ തിരഞ്ഞെടുപ്പിൽ പാർട്ടി താരാ ജയകുമാറിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞതവണ കൈവിട്ടുപോയ കല്ലുവരമ്പ് വാർഡിനെ കൈപ്പിടിയിലൊതുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.

ഭാര്യ നാലാം വട്ടവും ഭർത്താവ് രണ്ടാം വട്ടവുമാണ് മത്സരിക്കുന്നത്. പാർട്ടിയുടെ മൂന്ന് ജില്ലകളുടെ ചുമതലയുള്ള നേതാവാണ് പൂവത്തൂർ ജയൻ. ഇരുവരും വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്. മക്കളായ ശ്യാമപ്രസാദ്, ജിതേന്ദ്രപ്രസാദ്, ശരത്ചന്ദ്രപ്രസാദ് എന്നിവർ അച്ഛനമ്മമാരുടെ രാഷ്ട്രീയത്തിൽ ഇടപെടാറില്ല. വീട്ടിനുള്ളിൽ രാഷ്ട്രീയം പറയരുതെന്ന ഒറ്റനിർബന്ധമേ മക്കൾക്കുള്ളു. താരാ ജയകുമാറിന് നഗരസഭയെക്കുറിച്ച് പറയാൻ ഏറെ കാര്യങ്ങളുണ്ട്. കാരണം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നഗരസഭയിലെ പ്രവർത്തനങ്ങളിലെല്ലാം താരാ ജയകുമാർ ഒപ്പമുണ്ട്.

Content Highlights: husband and wife are contesting in adjacent wards under the same symbol in the Nedumangad Panchayat elections, turning their family affairs into a political battle