'ബിജെപി സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പാർട്ടി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത് ഗുണംചെയ്തു' – പദ്മിനി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചെത്തിയ പദ്മിനി തോമസാണ് ഇത്തവണ പാളയം വാർഡിൽ ബിജെപിക്കായി മത്സരിക്കാൻ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ കായിക താരവും മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും കൂടിയാണ് പദ്മിനി തോമസ്. കോർപ്പറേഷൻ ഭരണം ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് സ്ഥാനാർഥി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കായിക താരങ്ങൾക്ക് ബിജെപി നൽകുന്ന പ്രാധാന്യവും മോദിയുടെ പ്രഭാവവുമാണ് പാർട്ടിയിലേക്ക് തന്നെ അടുപ്പിച്ചതെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു.
സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നില്ല, ഇത് ഞാൻ സ്നേഹിക്കുന്ന നാട്
എല്ലാ സമ്മതിദായകരേയും വീട്ടിലെത്തി കാണുകയാണ് ലക്ഷ്യം. ഇത്തവണ പാളയം വാർഡിൽ വോട്ടുകൾ ധാരാളമായി വർധിച്ചിട്ടുണ്ട്. 2000 കുടുംബങ്ങളും 6000 ത്തോളം സമ്മതിദായകരുമുണ്ട് ഇവിടെ. എല്ലാവരേയും കണ്ട് അവരുടെ പ്രശ്നങ്ങൾ മനസിലാക്കുകയാണ് ചെയ്യുന്നത്. ഞാൻ ഈ നാട്ടുകാരിയാണ്, ഇവിടുത്തെ ജനങ്ങളെ എനിക്ക് നന്നായി അറിയാം.
സ്ഥാനാർഥിത്വം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പ്രഖ്യാപന വേളയിലാണ് ഞാൻ അറിയുന്നത്. യാതൊരു സൂചനയിൽ പാർട്ടി എനിക്ക് തന്നിരുന്നില്ല. പാളയം വാർഡ് എങ്ങനെയുണ്ടെന്ന് മാത്രം എന്നോട് ചോദിച്ചിരുന്നു. ഇവിടുത്തെ ആൾക്കാർക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞാൻ ഓടിയെത്താറുണ്ട്. എന്നെ സ്നേഹിക്കുന്ന, ഞാൻ സ്നേഹിക്കുന്ന നാട്ടുകാരാണ് ഇവിടെയുള്ളത്.
കടുത്ത ജലക്ഷാമം, തെരുവ് നായ ശല്യം, പാളയത്തിന് പ്രശ്നങ്ങളേറെ
ഒരുപാട് പ്രശ്നങ്ങളുള്ള വാർഡാണ് പാളയം. ജലക്ഷാമം ഇവിടെ അതിരൂക്ഷമാണ്. സ്കൂളിൽ പോകേണ്ട കുട്ടികൾക്കും ജോലിക്ക് പോകുന്നവർക്കും ഒക്കെ ദുരിതമാണ്. ഡ്രെയിനേജ് ആണ് മറ്റൊരു പ്രശ്നം. പലയിടത്തും ഡ്രെയിനേജ് പൊട്ടി ഒഴുകുകയാണ്. മഴയത്ത് സ്ഥിതി വളരെ ശോചനീയമാണ്. കോർപ്പറേഷൻ കൃത്യമായി വേസ്റ്റ് എടുത്ത് കൊണ്ടുപോകാറില്ല. വേസ്റ്റ് മാനേജ്മെൻ്റ് കൃത്യമല്ലാത്തതിനാൽ തെരുവ് നായ ശല്യവും പ്രശ്നമാണ്.
ഒരുപാട് സ്റ്റേഡിയങ്ങളൊക്കെ ഉള്ള സ്ഥലമാണ് ഇത്. കുട്ടികളെ ലഹരിയിലേയ്ക്ക് വിടാതെ കായിക മേഖലയിലേയ്ക്ക് കെെപിടിച്ച് കൊണ്ടുവരണമെന്ന ആഗ്രഹമുണ്ട്.
കോൺഗ്രസിൽ നിന്നുള്ള മാറ്റം നന്നായി, ബിജെപി സ്ത്രീകൾക്ക് ഊന്നൽ നൽകുന്ന പാർട്ടി
കോൺഗ്രസിൽ നിന്നുള്ള മാറ്റം നന്നായല്ലോ. ഞാനിപ്പോൾ ഒരു സ്ഥാനാർഥിയായി. കോൺഗ്രസിലായിരുന്നപ്പോൾ പല വാഗ്ദാനങ്ങളും തന്നിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.
സ്ത്രീകൾക്ക് സമൂഹത്തിൽ വളർന്ന് വരാനുള്ള സാഹചര്യം ഉണ്ടാക്കുന്ന പാർട്ടിയാണ് ബിജെപി. ലോക്സഭയിലും രാജ്യസഭയിലും ഒക്കെ സ്ത്രീകൾക്ക് പാർട്ടി മുൻഗണന നൽകാറുണ്ട്. സ്ത്രീകൾക്ക് ഊന്നൽ നൽകുന്നൊരു പാർട്ടിയാണ്. സ്ത്രീകളെ സ്നേഹിക്കുകയും അമ്മയെപ്പോലെ കാണുകയും ചെയ്യുന്നൊരു പാർട്ടിയാണിത്. സിനിമാക്കാർക്കും കായിക താരങ്ങൾക്കും ഒക്കെ ബിജെപിയിൽ സ്ഥാനമുണ്ട്. ഈയൊരു പാർട്ടിയിൽ അവരിലൊരാളായി നിൽക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.
ബിജെപിയിലെത്താൻ കാരണം മോദിയുടെ പ്രഭാവം, കായികതാരങ്ങളെ ചേർത്ത് പിടിക്കുന്നു
ഞാൻ ബിജെപിയിലെത്താനുള്ള പ്രധാന കാരണം നരേന്ദ്ര മോദിയുടെ പ്രഭാവമാണ്. ഉരുക്ക് മനുഷ്യൻ എന്ന് ഇതുവരെ കേട്ടിട്ടേ ഉള്ളൂ. കായിക താരങ്ങൾക്ക് അദ്ദേഹം നൽകുന്ന പ്രോത്സാഹനം വലുതാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ആര് മെഡൽ കൊണ്ടുവന്നാലും അദ്ദേഹം നേരിട്ട് വിളിക്കും. എൻ്റെയൊന്നും സമയത്ത് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു. ഞാൻ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ സമയത്തൊന്നും ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല. മോദി കായിക താരങ്ങൾക്ക് കൊടുക്കുന്ന പ്രോത്സാഹനം വളരെ വലുതാണ്.
2017-ൽ വനിതാ ലോകകപ്പ് ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവർക്ക് സാധിച്ചില്ല. സ്റ്റേഡിയത്തിലിരുന്ന് കരഞ്ഞ താരങ്ങളെ പ്രധാനമന്ത്രി വിളിച്ച് ആശ്വസിപ്പിച്ചു. ലോകകപ്പ് വിജയിച്ചാൽ കൊടുക്കാനിരുന്ന എല്ലാ ആനുകൂല്യങ്ങളും അവർക്ക് അദ്ദേഹം നൽകി. ഇത്തവണ ജയിച്ചപ്പോൾ കണ്ടില്ലേ അദ്ദേഹം എന്താണ് ചെയ്തതെന്ന്.
കായികരംഗത്ത് ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്. 2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കാൻ പോവുകയാണ്. 2036ൽ ഇന്ത്യ ഒളിമ്പിക്സിന് വേദി ആയേക്കുമെന്ന പ്രതീക്ഷയുണ്ട്. ഒളിമ്പിക്സ് നമ്മൾ ഏറ്റെടുക്കുമെന്ന ആ ഒരു പ്രതീക്ഷ തന്നെ വലിയ കാര്യമല്ലേ. മുൻപ് നമുക്ക് സ്വപ്നം പോലും കാണാനാകുമായിരുന്നോ.
പണ്ട് നമ്മൾ കായിക മത്സരങ്ങൾക്ക് ഒക്കെ പോകുമ്പോൾ ഇന്ത്യയെ പാവപ്പെട്ട രാജ്യം എന്ന തരത്തിലാണ് കണ്ടുകൊണ്ടിരുന്നത്. ഇന്ന് മോദിജിയുടെ ഇന്ത്യയെന്ന് പറഞ്ഞാൽ ലോകരാജ്യങ്ങൾക്ക് ഇടയിൽ നമുക്ക് ഒരു നിലയും വിലയും ഒക്കെയുണ്ട്.
വികസനമാണ് ബിജെപിയുടെ ലക്ഷ്യം, ഇത്തവണ നഗരസഭ ഭരിക്കും
വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ഇവിടെ വികസനം കൊണ്ടുവരാൻ നമ്മുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. ബിജെപി ഇവിടെ ജയിക്കും, കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ഒരുപാട് പ്രശ്നങ്ങൾക്ക് ബിജെപി വന്നാൽ പരിഹാരമുണ്ടാകും. കോൺഗ്രസിൻ്റെ സാധ്യതയെപ്പറ്റി ഇത്തവണ പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ തവണ മൂന്നാമത് വന്ന പാർട്ടിയാണ് കോൺഗ്രസ്. 35 കൗൺസിലർമാരുമായി രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണ ബിജെപി ഒന്നാമതെത്തും.
Content Highlights: nda candidate padmini thomas thiruvananthapuram election