നന്ദിയോട് തിരിച്ചുപിടിക്കാൻ എൽഡിഎഫ്, നിലനിർത്താൻ യുഡിഎഫ്; വിതുര നിലനിർത്താൻ എൽഡിഎഫ്, പിടിച്ചെടുക്കാൻ യുഡിഎഫ്

#Election Desk
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

പാലോട്: തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ എന്നും അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്ന പഞ്ചായത്താണ് നന്ദിയോട്. ചന്തസമരങ്ങളിലൂടെ ഇടതുനേതൃത്വത്തിനോടു കൂറുപുലർത്തിയ പഞ്ചായത്തായിരുന്നിട്ടും പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ ഈ നാട് കോൺഗ്രസിനോടാണ് അനുഭാവം കാട്ടിയിട്ടുള്ളത്. ഇടതുവലതു കക്ഷികൾ മാറിമാറിയാണ് എക്കാലവും അധികാരത്തിലെത്തിയിട്ടുള്ളത്. 1962-ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഭാസ്‌കരൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. പിൻമുറക്കാരായി ഗോവിന്ദൻകുട്ടിനായരും, ഇരുമ്പുകടയിൽ ഹനീഫയും പ്രസിഡന്റ് സ്ഥാനത്തെത്തി. പതിനെട്ട്‌ വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 10 സീറ്റുകൾ നേടിയ യുഡിഎഫിനാണ് ഭരണം. എൽഡിഎഫിന് ഏഴും, ബിജെപിക്ക് ഒന്നും സീറ്റുകളുണ്ട്. മൂന്നുമുന്നണികളും ഇതിനകംതന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. കോൺഗ്രസ് 17 വാർഡുകളിൽ നേരിട്ടു മത്സരിക്കുന്നു. ഒരു സീറ്റ് ഘടക കക്ഷിയായ ആർഎസ്‌പിക്കു നൽകിയിട്ടുണ്ട്. പച്ച വാർഡിൽ ആർഎസ്‌പിക്കുവേണ്ടി സുചിത്ര ബാലുവാണ് സ്ഥാനാർഥി. നിലവിൽ ഒരേ വാർഡിൽ നിന്നും മൂന്നുവട്ടം ജയിച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി തുടരുന്ന ശൈലജാ രാജീവൻ വീണ്ടും പുലിയൂർ വാർഡിൽനിന്നു മത്സരിക്കുന്നുണ്ട്. സിപിഎമ്മിലെ രാധാ ജയപ്രകാശാണ് എതിർ സ്ഥാനാർഥി.

ഡിസിസി ഭാരവാഹിയായ പി.എസ്.ബാജിലാൽ കുറുപുഴ വാർഡിൽനിന്നുമാണ് മത്സരിക്കുന്നത്. എതിരിടാനായി നിലവിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.ബി.അരുണും ബിജെപിയിൽനിന്നും രാജേന്ദ്രപ്രസാദും രംഗത്തുണ്ട്. ത്രികോണമത്സരം നടക്കുന്ന പേരയം വാർഡിൽ കോൺഗ്രസിനുവേണ്ടി വിനു എസ്. ലാലും സിപിഎമ്മിൽനിന്ന് പേരയം ജയനും ബിജെപിക്കു വേണ്ടി ബീനാ സുജിത്തും മത്സരിക്കുന്നു.

കള്ളിപ്പാറയാണ് ശക്തമായ മത്സരം നടക്കുന്ന മറ്റൊരു വാർഡ്. സിപിഐയ്ക്കുവേണ്ടി മുതിർന്ന നേതാവ് ടി.കെ.വേണുഗോപാലും കോൺഗ്രസിന് മണ്ഡലം പ്രസിഡന്റ് ജീവൻകുമാറും ബിജെപിക്ക് വിജിയുമാണ് മത്സരിക്കുന്നത്. നിലവിൽ ഇവിടെനിന്നും ഏഴ് സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. വട്ടപ്പൻകാട് വാർഡിൽ എൽഡിഎഫിനുവേണ്ടി ശാന്തിലാലും യുഡിഎഫിനുവേണ്ടി കടുവാച്ചിറ സനലും ബിജെപിക്ക് പൊരിയക്കാട് മണികണ്ഠനും മത്സരിക്കുന്നു. ആലമ്പാറയിൽ ബിജെപിയിൽനിന്നും ഇന്ദുലേഖയും എൽഡിഎഫിൽനിന്നും ഷൈനിയും കോൺഗ്രസിൽനിന്നും ലെജി ജ്യോതിഷും മത്സരരംഗത്തുണ്ട്.

ശ്രദ്ധേയമായ മറ്റൊരു മത്സരം നടക്കുന്നത് നവോദയ വാർഡാണ്. മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ദീപാ സുരേഷ് രാജിവെച്ച് ബിജെപിക്കായി ജനവിധിതേടുമ്പോൾ സിപിഎം രംഗത്തിറക്കിയത് സിഡിഎസ് ചെയർപേഴ്‌സൺ ഷില്ലിയെയാണ്. നിലവിൽ കോൺഗ്രസ് വാർഡായ ഇവിടെ കോൺഗ്രസ് മത്സരിപ്പിക്കുന്നത് സീമയെയാണ്. രണ്ട് ആശ വർക്കർമാർ മത്സരരംഗത്തുള്ളത് പാലുവള്ളിയിലാണ്. നിലവിലെ പഞ്ചായത്തംഗം ദീപാ മുരളി കോൺഗ്രസിനായും ബിന്ദുലേഖ സിപിഎമ്മിനായും മത്സരിക്കും.

വിതുര നിലനിർത്താൻ എൽഡിഎഫ്; പിടിച്ചെടുക്കാൻ യുഡിഎഫ്

വിതുര: തുടർച്ചയായ പത്തുവർഷത്തെ ഭരണം നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും കളത്തിലിറങ്ങുമ്പോൾ കടുത്ത പോരാട്ടത്തിന് വേദിയാകുകയാണ് വിതുര പഞ്ചായത്ത്. നിലവിലെ പ്രസിഡന്റിനെയും മുൻ പ്രസിഡന്റിനെയും സ്ഥിരംസമിതി അധ്യക്ഷയെയും മുന്നിൽനിർത്തിയാണ് എൽഡിഎഫ് ജനവിധി തേടുന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ മഞ്ജുഷ ജി.ആനന്ദ് മണലിയിലും മുൻ പ്രസിഡന്റ് സിപിഎമ്മിലെ എച്ച്.വിനോദ് കുമാർ തേവിയോടും സ്ഥിരംസമിതി അധ്യക്ഷ നീതു രാജീവ് കൊപ്പത്തും മത്സരിക്കുന്നു. മറ്റിടങ്ങളിൽ ഏറക്കുറെ പുതുമുഖങ്ങളാണ്.

യുഡിഎഫിൽ സ്ഥിരംസമിതി അധ്യക്ഷൻ മേമല വിജയൻ തള്ളച്ചിറയിലും പഞ്ചായത്തംഗം എസ്.ലതകുമാരി ചെറ്റച്ചലും മുൻ അംഗം എ.സെയ്ഫുന്നിസ മുളയ്ക്കോട്ടുകരയിലും ജനവിധി തേടുന്നു. ബാക്കി എല്ലായിടങ്ങളിലും പുതുമുഖങ്ങളാണ്. എൻഡിഎയാകട്ടെ രണ്ടുതവണ വീതം വിജയിച്ച ബിജെപിയിലെ മാൻകുന്നിൽ പ്രകാശിനെ പൊന്നാംചുണ്ട് വാർഡിലും കെ.തങ്കമണിയെ ഗണപതിയാംകോട് വാർഡിലും കളത്തിലിറക്കുന്നു. മറ്റുള്ള വാർഡുകളിൽ കന്നിക്കാരാണ്.

സംസ്ഥാന സർക്കാരിന്റെയും തുടർച്ചയായി പത്തുവർഷം ഭരിച്ച പഞ്ചായത്ത്‌ ഭരണസമിതികളുടെയും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് പ്രചാരണം. ഇരു ഭരണങ്ങളിലേയും പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വോട്ടർമാരെ സമീപിക്കുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളുമാണ് എൻഡിഎയുടെ പ്രചാരണ ആയുധങ്ങൾ.

രണ്ട് വാർഡുകളിലെ വിമതഭീഷണിയാണ് യുഡിഎഫിന് തലവേദന. മുസ്‌ലിം ലീഗിന്റെയും മറ്റ് ഘടകകക്ഷികളുടെയും പിന്തുണയോടെ കോണി ചിഹ്നത്തിൽ മുൻ പഞ്ചായത്തംഗം ജി.ഗിരീഷ് കുമാർ മണിതൂക്കി വാർഡിലും ഉഭൈമാ റഷീദ് ചേന്നൻപാറയിലും വിമതസ്ഥാനാർഥികളാണ്. വിമതരെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ഡിസിസി നേതൃത്വം അറിയിച്ചിരുന്നു.

ഭരണത്തുടർച്ച ലക്ഷ്യംവെക്കുന്ന എൽഡിഎഫിന് വിതുരയിൽ രണ്ട് വാർഡുകളിൽ വിമത ഭീഷണിയുണ്ട്. സിപിഐ മത്സരിക്കുന്ന കല്ലാർ വാർഡിൽ സിപിഐയിലെ കല്ലാർ അജിൽ സ്വതന്ത്രനായി മത്സരിക്കുന്നു. സിപിഐയിലെ ടി.രാധാമണിയും സ്വതന്ത്രയായി ഇതേ വാർഡിൽ രംഗത്തുണ്ട്. സീറ്റ് വിഭജനത്തിൽ അവഗണിച്ചതായി ആരോപിച്ച് ആർജെഡിയിലെ ഈഞ്ചപ്പുരി റാഫി പൊന്നാംചുണ്ട് വാർഡിൽ സ്വതന്ത്രനായി രംഗത്തുണ്ട്. ഇവിടെയും എൽഡിഎഫിൽ സിപിഐയ്ക്കാണ് സീറ്റ്.

Content Highlights: Nanniyode and Vithura's Upcoming Panchayat Elections