മുദാക്കലിൽ രണ്ടുപത്രിക ത്രിശങ്കുവിൽ; ബാലരാമപുരത്ത് രണ്ടുസ്ഥാനാർഥികളുടെ സൂക്ഷ്മപരിശോധനാ തീരുമാനം മാറ്റി

ആറ്റിങ്ങല്‍: മുദാക്കല്‍ പഞ്ചായത്തില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദേശപത്രികയില്‍ അനിശ്ചിതത്വം. 20-ാം വാര്‍ഡായ പണയില്‍ക്കടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.എസ്.രമ്യ, എട്ടാം വാര്‍ഡായ വലിയവിളമുക്കിലെ സ്വതന്ത്രസ്ഥാനാര്‍ഥി സജീവ് എന്നിവര്‍ സമര്‍പ്പിച്ചിട്ടുള്ള പത്രിക സംബന്ധിച്ചാണ് അന്തിമ തീരുമാനം ഉണ്ടാകാത്തത്.
ഇതു സംബന്ധിച്ച് മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളുമുണ്ടായി. ഒടുവില്‍ ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം രണ്ടു സ്ഥാനാര്‍ഥികള്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചുകൊണ്ട് റിട്ടേണിങ് ഓഫീസര്‍ ശനിയാഴ്ചത്തെ നടപടിക്രമങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
പണയില്‍ക്കട വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.എസ്.രമ്യ പഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റായി ജോലിചെയ്തിരുന്നയാളാണ്. ഈ സ്ഥാനം രാജിവെയ്ക്കാതെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ പത്രിക നിരസിക്കണമെന്നും ബിജെപി വാദിച്ചു. അതേസമയം സ്പീച്ച് തെറാപ്പിസ്റ്റിന്റെ ജോലി ഒരു മാസം മുന്‍പ് രാജിവെച്ചതായും രാജിക്കത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് കൈമാറിയിരുന്നതായും രമ്യ വാദിച്ചു. എന്നാല്‍ പ്രസ്തുത നിയമനം പഞ്ചായത്ത് കമ്മിറ്റിയാണ് നടത്തിയതെന്നും അതുകൊണ്ടുതന്നെ രാജിവെയ്ക്കുന്നെങ്കില്‍ പഞ്ചായത്തധികാരിക്കാണ് രാജിക്കത്ത് സമര്‍പ്പിക്കേണ്ടതെന്നും പഞ്ചായത്ത് ഭരണസമിതികൂടി രാജി അംഗീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ മാത്രമേ രാജിവെച്ചതായി കണക്കാക്കാനാകൂവെന്നും ബിജെപി വാദിച്ചു. സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കാനുള്ള പദ്ധതി പഞ്ചായത്തിന്റേതാണ്. പഞ്ചായത്തില്‍നിന്നാണ് ഈ ജോലിക്ക് ശമ്പളം നല്‍കുന്നതും. നടത്തിപ്പു ചുമതല ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്കാണ്. നിയമനാധികാരി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അല്ലെന്നിരിക്കെ അവര്‍ക്ക് രാജിക്കത്ത് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും പത്രിക തള്ളണമെന്നുമുള്ള നിലപാടില്‍ ബിജെപി ഉറച്ചുനിന്നു.
എന്നാല്‍ ജോലിയില്‍നിന്ന് രാജിവെച്ചിട്ടുണ്ടെന്നും രണ്ടു മാസമായി ശമ്പളം പറ്റിയിട്ടില്ലെന്നും അതുകൊണ്ട് പത്രിക സ്വീകരിക്കണമെന്നു രമ്യയും എല്‍ഡിഎഫും വാദിച്ചു. ഇതോടെ റിട്ടേണിങ് ഓഫീസര്‍ വിവരം ജില്ലാകളക്ടറെ അറിയിച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശാനുസരണം പത്രിക സ്വീകരിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്ക് 24 മണിക്കൂര്‍ സമയം അനുവദിച്ചു.
സജീവിന്റെ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ റെവന്യു റിക്കവറി സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചതായി ബിജെപി ചൂണ്ടിക്കാട്ടി. അസത്യപ്രസ്താവന നടത്തിയിട്ടുള്ളതിനാല്‍ പത്രിക തള്ളണമെന്നും വാദിച്ചു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ സജീവ് ഉറച്ചുനിന്നു.
അതോടെ റെവന്യു റിക്കവറി സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കുന്നതിന് സജീവിനും 24 മണിക്കൂര്‍ സമയം അനുവദിച്ചതായി റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു. മുദാക്കലില്‍ 161 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. മറ്റ് പത്രികകളില്‍ ന്യൂനതകളൊന്നും കണ്ടെത്താനായിട്ടില്ല. ഓരോ സ്ഥാനാര്‍ഥിയും ഒന്നിലധികം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പത്രിക പിന്‍വലിക്കാനുള്ള ദിവസം കഴിയുമ്പോഴേ കളത്തിലെ അവസാനചിത്രം വ്യക്തമാകൂ.
രണ്ടുസ്ഥാനാര്‍ഥികളുടെ സൂക്ഷ്മപരിശോധനാ തീരുമാനം മാറ്റി
ബാലരാമപുരം: സിപിഎം തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു സ്ഥാനാര്‍ഥികളുടെ സൂക്ഷ്മപരിശോധനാ തീരുമാനം തിങ്കളാഴ്ചത്തേക്ക് മാറ്റി. ബാലരാമപുരം പഞ്ചായത്തിലെ പനയറക്കുന്ന്, ഐത്തിയൂര്‍ വാര്‍ഡുകളിലെ എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേയാണ് സിപിഎം തര്‍ക്കം ആരോപിച്ചത്.
പനയറക്കുന്ന് വാര്‍ഡിലെ നിലവിലെ സിപിഐ പഞ്ചായത്തംഗം എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് പത്രിക സമര്‍പ്പിച്ചത്. നിലവിലെ പഞ്ചായത്തംഗം സിപിഐയില്‍നിന്ന് രാജി വെച്ചിട്ടില്ലെന്നാണ് സിപിഎമ്മിന്റെ പരാതി. ഐത്തിയൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കരാറെടുത്ത് ജോലിചെയ്യുന്ന ആളാണ്. ഇയാള്‍ കരാറെടുത്ത പണികളില്‍ ഇനിയും ബാക്കിയുണ്ടെന്നും പുനപ്പരിശോധിക്കണമെന്നുമാണ് ആവശ്യം.
Content Highlights: Two candidates in Mudakkal face scrutiny over their nominations. Balramapuram`s candidate review postponed due to CPM disputes