രാഷ്ട്രീയനാടകങ്ങള്‍ അരങ്ങേറിയ കാരോട് പഞ്ചായത്തില്‍ വിജ്ഞാപനം വരാനിരിക്കെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പാറശ്ശാല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ദിവസങ്ങൾക്കകം വരാനിരിക്കെ കാരോട് ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. നവംബർ 15-ന് തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടി വെള്ളിയാഴ്ച വരണാധികാരി പഞ്ചായത്ത് അംഗങ്ങൾക്ക് കത്ത് കൈമാറി.

നിരവധി രാഷ്ട്രീയനാടകങ്ങൾ അരങ്ങേറിയ കാരോട് പഞ്ചായത്തിൽ നിലവിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരടക്കം അഞ്ച് അംഗങ്ങളെ ഇക്കഴിഞ്ഞ 23-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയിരുന്നു. പ്രസിഡന്റ് പദവി ഒരുമാസത്തിൽ കൂടുതൽ ഒഴിച്ചിടാൻ പാടില്ലെന്ന് ചട്ടമുള്ളതിനാലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നാണറിയുന്നത്. . തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി ഒപ്പിട്ട അറിയിപ്പാണ് അംഗങ്ങൾക്കു ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പിന്നാലെ പത്ത് അംഗങ്ങളുമായാണ് കോൺഗ്രസിന്റെ ഭരണസമിതി അധികാരമേറ്റത്. രണ്ടരവർഷക്കാലം വീതം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എ, ഐ ഗ്രൂപ്പുകൾ പങ്കിടുന്നതിനുള്ള ധാരണയും ഉണ്ടാക്കിയിരുന്നു. എന്നാൽ, രണ്ടരവർഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം കൈമാറാൻ രാജേന്ദ്രൻനായർ തയ്യാറാകാതെ വന്നതോടെയാണ് കാരോട് ഗ്രാമപ്പഞ്ചായത്തിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. തുടർന്ന് കോൺഗ്രസിന്റെ അംഗങ്ങളായ സി.എ.ജോസ്, സൂസിമോൾ, എഡ്വിൻ സാം, ജാസ്മിൻ പ്രഭ, എയ്ഞ്ചൽ കുമാരി എന്നിവർ എൽഡിഎഫ് പാളയത്തിലേക്കു മാറി.

തുടർന്നു നടന്ന അവിശ്വാസപ്രമേയ ചർച്ചയിലും തിരഞ്ഞെടുപ്പിലും കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇവർ എൽഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചതു മൂലം കോൺഗ്രസിനു ഭരണം നഷ്ടമായി. എൽഡിഎഫ് പിന്തുണയോടെ സി.എ.ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് ബിജെപി അംഗം കാന്തള്ളൂർ സജി കൂറുമാറ്റ നിരോധന നിയമപ്രകാരം അഞ്ചുപേരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. ഈ പരാതിയിലാണ് നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ ഉൾപ്പെടെയുള്ള അഞ്ച് മുൻ കോൺഗ്രസ് അംഗങ്ങളെ അയോഗ്യരാക്കിയത്. ഒരാഴ്ച മുൻപ് പഞ്ചായത്ത് അംഗം സലീലയ്‌ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചാർജ് നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് 15-ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടത്തുന്നതായി അറിയിച്ച് പഞ്ചായത്ത് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്. രാവിലെ 11-ന് പ്രസിഡന്റ് സ്ഥാനത്തേക്കും ഉച്ചയ്‌ക്ക് രണ്ടിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ഇത് അപൂർവമായ ഒരു സാഹചര്യമാണെന്ന് കാരോട് ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറി ഷീബാ സ്റ്റീഫൻ പറഞ്ഞു.

Content Highlights: Karode Panchayat gears up for presidential election amid political turmoil. Five members disqualified, including President. Decision made to hold elections soon