അമേയയും അരുണിമയും മത്സരിക്കും, തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രമാകാന്‍ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റീല്‍ മത്സരിക്കാമെന്ന് ജില്ലാ കലക്ടര്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലേക്കാണ് അമേയ പ്രസാദിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ വനിതാ സംവരണ സീറ്റില്‍ ട്രാന്‍സ് വുമണ്‍ മത്സരിക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. മത്സരിക്കാന്‍ കഴിയില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം സ്വീകരിച്ച നിലപാട്.
തുടര്‍ന്ന് അമേയ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ കലക്ടര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ പരിശോധിച്ച് വിവേചനാധികാരം ഉപയോഗിച്ച് കലക്ടറിന് തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. കോടതി നിര്‍ദ്ദേശമനുസരിച്ച് കലക്ടര്‍ പിന്നീട് അമേയ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു.
ഇതേപോലെ ട്രാന്‍സ് വുമണായ അരുണിമ എം കുറുുപ്പിന്റെ സ്ഥാനാര്‍ഥിത്വവും അംഗീകരിക്കപ്പെട്ടു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് അരുണിമ പത്രിക നല്‍കിയിരുന്നത്. അരുണിമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ജില്ലാ കലക്ടര്‍ തീരുമാനമെടുത്തത്.
ഇതാദ്യമായാണ് നിര്‍ണായകമായ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് ഒരു പാര്‍ട്ടി ചിഹ്നത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് സ്ഥാനാര്‍ഥികളുണ്ടാകുന്നത്.
Content Highlights: Thiruvananthapuram allows trans woman Ameya Prasad to contest in a women`s reservation seat. High Court directs collector`s final decision. Trans candidates now on party tickets.