സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധു

#സ്വന്തം ലേഖകൻ
ആര്‍.ശ്രീലേഖ
ആര്‍.ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് വോട്ട് അസാധുവായത്. ശ്രീലേഖ കൂടി അംഗമായ കമ്മിറ്റിയാണിത്. സാങ്കേതിക പിഴവിനെത്തുടർന്നാണ് വോട്ട് അസാധു ആയത്.

ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ശ്രീലേഖയുടെ വോട്ട് സാധുവായിരുന്നു. നഗരാസൂത്രണ കമ്മിറ്റിയിലെ തിരഞ്ഞെടുപ്പിൽ
ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ
പാലിക്കാതിരുന്നതാണ് കാരണം. വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം നടത്തിയ പരിശോധനയിലാണ് വോട്ട് അസാധുവായ കാര്യം വ്യക്തമായത്. സംഭവത്തിൽ ശ്രീലേഖ പ്രതികരിച്ചിട്ടില്ല.

ശ്രീലേഖയ്ക്ക് പുറമേ ആർ.പി ശിവജിയുടെ ഒരു വോട്ടും അസാധുവായി. നികുതി അപ്പീൽ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ശിവജിയുടെ വോട്ട് അസാധുവായത്. എട്ട് സ്ഥിരം സമിതികളിൽ മൂന്ന് എണ്ണത്തിൽ മാത്രമാണ് ക്വാറം തികഞ്ഞത്. ക്വാറം തികയാത്ത ചില സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത ദിവസവും തുടരും.

Content Highlights: A BJP councilor`s vote was invalidated in the Thiruvananthapuram Corporation Standing Committee elections due to a technical error.