സ്വർണക്കൊള്ളയും പിഎം ശ്രീയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി; വിലയിരുത്തലുമായി സിപിഎം സംസ്ഥാന സമിതി

#അമല്‍ തേനാംപറമ്പിൽ / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയും പിഎം ശ്രീയിൽ ഒപ്പുവെച്ചതും തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം. ജയിലിലായ എ. പത്മകുമാറിനെതിരെ നടപടി വൈകിയതും പാർട്ടിക്കെതിരായുള്ള പ്രചരണായുധമായി മാറിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതോടെയാണ് സിപിഎം വിലയിരുത്തൽ നടപടി ആരംഭിച്ചത്.

സർക്കാർ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശശുദ്ധി എതിരാളികൾ വളച്ചൊടിച്ചുവെന്നും പിഎം ശ്രീയിൽ ഒപ്പുവെച്ചതോടെ സിപിഎം-ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചാരണത്തിന് ശക്തിയായി എന്നും യോഗത്തിൽ വിലയിരുത്തി. ഈ വിഷയങ്ങളൊന്നും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിരുന്നില്ല എന്നായിരുന്നു സിപിഎം നേതാക്കളുടെ ഇതുവരെയുള്ള നിലപാട്.

ഇതിന് കടകവിരുദ്ധമായ വിവരങ്ങളാണ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ വിലയിരുത്തലിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളോടും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനോടും മുഖ്യമന്ത്രിയോടും അടക്കം മാധ്യമങ്ങൾ ചോദിച്ചിട്ടും ഈ വിഷയങ്ങൾ പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കിയതായി അവർ സമ്മതിച്ചിരുന്നില്ല.

കൊടുങ്ങല്ലൂരിലും, നിലവിൽ ബിജെപിക്ക് അധികാരം ഉണ്ടായിരുന്ന പന്തളത്തും സിപിഎം നടത്തിയ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത്. സമാനമായ പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലം വന്നതുമുതലുള്ള ദിവസങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നടത്തിയിരുന്നത്. എന്നാൽ നേതൃത്വത്തിന് സംഭവിച്ച വീഴ്ചകൾ ഓരോന്നായി യോഗത്തിൽ മറ്റ് നേതാക്കൾ എണ്ണിപ്പറയുകയാണ് ഉണ്ടായത്.

പിഎം ശ്രീയിൽ ഒപ്പുവെച്ചത് തെറ്റായ നടപടിയായിരുന്നു എന്നും ഇത് മലബാർ മേഖലയിലെ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി പോകുന്നതിന് കാരണമായെന്നും യോഗം വിലയിരുത്തി. ഇതിനുപിന്നാലെ പാരഡി ഗാനവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത എല്ലാ നടപടികളും പാളിയതായും യോഗത്തിൽ വിമർശനമുണ്ടായി. ആദ്യം കേസെടുക്കുകയും പിന്നീട് അത് പിൻവലിക്കുകയുമടക്കം അബദ്ധങ്ങളാണ് പാർട്ടി ചെയ്തതെന്നാണ് യോഗം വിലയിരുത്തിയത്. 

Content Highlights: CPM`s state committee meeting reveals gold smuggling scandal and PM SHRI deal contributed to local election losses. Delayed action against Padmakumar also cited. Learn more.