പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും, ഈ വിജയം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും- വി.വി. രാജേഷ്

#ന്യൂസ് ഡെസ്ക്
വി.വി. രാജേഷ് | ഫോട്ടോ: മാതൃഭൂമി
വി.വി. രാജേഷ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് വി.വി. രാജേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം തലസ്ഥാനത്തെത്തുമെന്നും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കുമെന്നും രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് കോര്‍പറേഷനില്‍ കണ്ടതെന്നും വി.വി. രാജേഷ് അഭിപ്രായപ്പെട്ടു.

'ഇത് ജനങ്ങളുടെ വിജയമാണ്. ബിജെപി ഉള്‍പ്പെടെയുള്ള നിരവധി ദേശീയ പ്രസ്ഥാനങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്തിട്ടുള്ളത്. ആശയപരമായ ഒരു സ്വപ്‌നം മുന്നില്‍വെച്ചുകൊണ്ട് കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങളായി ഒരുപാട് നഷ്ടങ്ങള്‍ സഹിച്ച് പാര്‍ട്ടിയെ കൊണ്ടുനടന്ന പ്രവര്‍ത്തകരുണ്ട്. ഇത് അവരുടെ വിജയമാണ്.' രാജേഷ് പറഞ്ഞു.

'തിരുവനന്തപുരത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെ വിജയമാണിത്. ആ വിജയം ഞങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും. 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലസ്ഥാനത്തെത്തിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ച കാര്യമാണത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസും പ്രധാനമന്ത്രിയുടെ ഓഫീസുമായി അതിനുവേണ്ട ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു', അദ്ദേഹം വ്യക്തമാക്കി.

'അമ്പതല്ല 75 സീറ്റുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. പ്രതിസന്ധികള്‍ പ്രതീക്ഷിച്ചുതന്നെയാണ് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുള്ളത്, ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് പരിഹരിച്ച് മുന്നോട്ടുപോകും. കേരളത്തെ സംബന്ധിച്ച്, പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പൂച്ചയ്ക്ക് തിരുവനന്തപുരം മണികെട്ടും', രാജേഷ് പറഞ്ഞു.

'തിരുവനന്തപുരം മേയര്‍ ആരായിരിക്കും എന്നത് സംബന്ധിച്ച വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയും. ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന ഒരു ഭരണസമിതിയായിരിക്കും കോര്‍പറേഷനില്‍ അധികാരത്തില്‍വരിക. സംസ്ഥാന കമ്മിറ്റി കൂടി വേണ്ട തീരുമാനം എടുക്കുകയും സംസ്ഥാന അധ്യക്ഷന്‍ കൃത്യമായ സമയത്ത് അക്കാര്യം പ്രഖ്യാപിക്കുകയും ചെയ്യും', അദ്ദേഹം പറഞ്ഞു. 

Content Highlights: BJP leader V.V. Rajesh states Prime Minister Narendra Modi will visit Thiruvananthapuram within 45 days. Promises to protect the corporation`s victory and outlines future plans.