പത്തനംതിട്ട നഗരസഭ ഇനി യുഡിഎഫ് ഭരിക്കും, SDPI-യുടെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തു; 2015-ന് ശേഷം ബിജെപിക്ക് ആദ്യ അംഗം

പത്തനംതിട്ട: നഗരസഭയില്‍ യുഡിഎഫിന്റെ ഗംഭീര തിരിച്ചുവരവ്. 17 സീറ്റുകളില്‍ വിജയിച്ച് ഭൂരിപക്ഷവും ഉറപ്പാക്കിയാണ് ഭരണത്തിലേറുക. എസ്ഡിപിഐയുടെ മൂന്ന് സിറ്റിങ് സീറ്റുകളുള്‍പ്പെടെ പിടിച്ചെടുത്തു.
വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ യുഡിഎഫിനായിരുന്നു ആധിപത്യം. അവസാന വാര്‍ഡുകളിലേക്ക് എത്തിയപ്പോള്‍ ഭൂരിപക്ഷം നേടാനാവുമോയെന്ന സംശയം ഉടലെടുത്തെങ്കിലും അവസാന വാര്‍ഡ് സ്വന്തമാക്കി യുഡിഎഫ് നഗരം പിടിച്ചു. ഇടയ്ക്ക് എല്‍ഡിഎഫ് തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും കഴിഞ്ഞ തവണത്തെ 13 സീറ്റിലൊതുങ്ങി. ഇതില്‍ ഒരാള്‍ എല്‍ഡിഎഫ് സ്വതന്ത്രയാണ്.
യുഡിഎഫ് പാര്‍ലമന്ററി പാര്‍ട്ടി നേതാവ് കെ. ജാസിംകുട്ടി പരാജയപ്പെട്ടത് യുഡിഎഫിന് തിരിച്ചടിയായി. വിമതനായ ബിബിന്‍ ബേബിയാണ് 239 വോട്ടിന് 16-ാം വാര്‍ഡില്‍ ജാസിംകുട്ടിയെ പരാജയപ്പെടുത്തിയത്. 24-ാം വാര്‍ഡായ ചുരുളിക്കോട് യുഡിഎഫ് വിമതയായി മത്സരിച്ച മുന്‍ കൗണ്‍സിലര്‍ ആനി സജി 183 വോട്ട് നേടി. യുഡിഎഫ് സ്ഥാനാര്‍ഥി അനില്‍ തോമസ് 60 വോട്ടിനാണ് പരാജയപ്പെട്ടത്.
കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായിരുന്ന ജെറി അലക്‌സ് അഞ്ചാം വാര്‍ഡില്‍ പരാജയപ്പെട്ടത് എല്‍ഡിഎഫിന് തിരിച്ചടിയായി. ജെറിയുടെ ഭാര്യ ബിജിമോള്‍ ആറാം വാര്‍ഡില്‍ വിജയിച്ചു.
മുന്‍ നഗരസഭാധ്യക്ഷരായ എ. സുരേഷ് കുമാറും ഭാര്യ ഗീതയും വിജയിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സഹീര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജിന്റെ ഭാര്യ ആശാ മോഹന്‍രാജ് തുടങ്ങിയവര്‍ വിജയിച്ചു. യുഡിഎഫിന്റെ അംബികാ വേണു കുമ്പഴ ഈസ്റ്റില്‍ 565 വോട്ട് ഭൂരിപക്ഷം നേടി. കളക്ടറേറ്റ് വാര്‍ഡില്‍ യുഡിഎഫിലെ സി.കെ. അര്‍ജുനന്‍ നാല് വോട്ടിനാണ് ജയിച്ചത്.
മൈലാടുപാറയില്‍നിന്ന് അഖില്‍ മഠത്തിലേത്തിലൂടെ 2015-ന് ശേഷം നഗരസഭയില്‍ ബിജെപി ആദ്യമായി സീറ്റ് നേടി. കോണ്‍ഗ്രസ് ഈ വാര്‍ഡില്‍ മൂന്നാമതായി.
യുഡിഎഫിന്റെ അന്‍സര്‍ മുഹമ്മദ് വിജയിച്ച മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫിനു കിട്ടിയത് 38 വോട്ട് മാത്രമാണ്. കഴിഞ്ഞതവണ മൂന്ന് സീറ്റ് നേടിയ എസ്ഡിപിഐയുടെ ഒരു സ്വതന്ത്ര മാത്രമാണ് ഇത്തവണ ജയിച്ചത്.
Content Highlights: UDF makes a significant comeback in Pathanamthitta Municipality, winning 17 seats and securing a majority. Key wins and notable defeats.