പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങി; പക്ഷേ, പത്രിക നല്‍കാനായില്ല; കവിയൂര്‍ 12-ാം വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയില്ല

#സി.കെ. അഭിലാല്‍/ മാതൃഭൂമി ന്യൂസ്

പത്തനംതിട്ട: കവിയൂര്‍ പഞ്ചായത്തില്‍ പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങിയ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക നല്‍കിയില്ല. ഇതോടെ കവിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ഥി ഇല്ലാതായി. അതേസമയം, കോണ്‍ഗ്രസ് നേതൃനിരയിലെ പടലപ്പിണക്കങ്ങളെ തുടര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന രാജ്കുമാര്‍ പത്രിക നല്‍കാതിരുന്നതെന്നും സൂചനയുണ്ട്.

ജില്ലയില്‍ ബിജെപി നേതൃത്വത്തില്‍ ഭരണമുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാണ് കവിയൂര്‍. ഇവിടെ ബിജെപിയുടെ പരമ്പരാഗത വോട്ടുകളെ സ്വാധീനിക്കാന്‍ കഴിവുള്ള ആളാണ് രാജ്കുമാര്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. തുടര്‍ന്ന് അദ്ദേഹം പോസ്റ്റര്‍ അടിച്ച് വിതരണംചെയ്യുകയും വീടുകള്‍ കയറിയിറങ്ങി വോട്ട് തേടലും ആരംഭിച്ചു. എന്നാല്‍, പ്രചാരണം ആരംഭിച്ചെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസവും അദ്ദേഹത്തിന് പത്രിക നല്‍കാനായില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇടപെട്ടാണ് രാജ്കുമാറിന്റെ നാമനിര്‍ദേശ പത്രിക പൂരിപ്പിച്ചത്. പക്ഷേ, ഇതിലെ ക്രമനമ്പര്‍ അടക്കം പഴയ വോട്ടര്‍ പട്ടികയിലുള്ളതാണെന്ന് അവസാന ഘട്ടത്തിലാണ് വ്യക്തമായത്. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അവസാനനിമിഷത്തില്‍ പുതിയതായി നാമനിര്‍ദേശ പത്രിക തയ്യാറാക്കി സമര്‍പ്പിക്കാനുള്ള സഹായം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സ്ഥാനാര്‍ഥിക്ക് പരാതിയുണ്ട്. അതേസമയം, ബിജെപിയിലെ ചില ആളുകളെ സഹായിക്കാന്‍ വേണ്ടിയുള്ള ഒരു ബോധപൂര്‍വമായ ശ്രമം കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായെന്നും ഇതാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് തടസ്സമായതെന്നും ആക്ഷേപമുണ്ട്.

Content Highlights: A UDF candidate in Kaviyoor Panchayat, who began campaigning, failed to submit their nomination papers. This leaves UDF without a candidate in Ward 12.