'വേദനയോടെ പറയുന്നു, ഞാന്‍ സിപിഐയുടെ ജീവിക്കുന്ന രക്തസാക്ഷി'; ശ്രീനാദേവി ഇനി കോണ്‍ഗ്രസില്‍

പത്തനംതിട്ട: സിപിഐയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് ശ്രീനാദേവിക്കുഞ്ഞമ്മ. സിപിഐയില്‍നിന്നും ജില്ലാ പഞ്ചായത്ത് അംഗത്വത്തില്‍നിന്നും രാജിവെച്ച ശ്രീനാദേവി കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായാണ് സിപിഐക്കെതിരേ ആഞ്ഞടിച്ചത്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചല്ല കോണ്‍ഗ്രസില്‍ ചേരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
''2014 മുതല്‍ നോക്കിയാല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ അല്ല. കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനത്തും അധികാരമില്ല. ഞാന്‍ പ്രതിനിധീകരിച്ചിരുന്ന പള്ളിക്കല്‍ ജില്ലാപഞ്ചായത്ത് ഡിവിഷനും 20 വര്‍ഷമായി എല്‍ഡിഎഫ് ജയിക്കുന്ന സീറ്റാണ്. അധികാരമോഹമാണോ ഇങ്ങനെയൊരു മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന ചോദ്യത്തിന് ഇതെല്ലാം ഉത്തരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചാണെങ്കില്‍ എനിക്ക് മറ്റുപാര്‍ട്ടികള്‍ നോക്കാമായിരുന്നു'', ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു.
''സ്ഥാനമാനങ്ങള്‍ അല്ല, ആദര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുക എന്നത് വളരെ പ്രയാസകരമായ സംഗതിയാണ്. അഴിമതിക്കെതിരേ നിലപാടെടുക്കുന്നവരെ സിനിമകളില്‍ കാണാറുണ്ട്. പക്ഷേ, ഏതെങ്കിലും ജീവിതസാഹചര്യത്തില്‍ അങ്ങനെയൊരു നിലപാടെടുത്താല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ജീവിക്കുന്ന അടയാളമാണ് ഞാന്‍. സിപിഐക്ക് ഒരുപാട് രക്തസാക്ഷികളുണ്ട്. അതുകൊണ്ട് അഭിമാനത്തോടെയും വേദനയോടെയും പറയുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍'', ശ്രീനാദേവിക്കുഞ്ഞമ്മ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് ശ്രീനാദേവിക്കുഞ്ഞമ്മ കൂടുതല്‍ വിശദീകരണവും നല്‍കി. ''രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയാണ് വിളിച്ചത്. പേരുപറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ വ്യക്തിപരമായി ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു ആ ചോദ്യങ്ങള്‍. ആ ചോദ്യങ്ങള്‍ എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതായിരുന്നു. എന്നെ സംബന്ധിച്ച് അത്തരത്തിലുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരേണ്ട ഒരു സാഹചര്യത്തില്‍ ഞാന്‍ ഉണ്ടായിരുന്നില്ല. എന്നെ ആവശ്യമില്ലാതെ ആ വിഷയത്തിലേക്ക് ബന്ധിപ്പിച്ചെങ്കില്‍ ഉറപ്പായും ഞാന്‍ പ്രതികരിക്കും. ആ പ്രതികരണമാണ് ഞാന്‍ നടത്തിയത്'', ശ്രീനാദേവിക്കുഞ്ഞമ്മ പറഞ്ഞു.
Content Highlights: Sreenadevi resigns from CPI and district panchayat, joins Congress, calling herself a `living martyr` of the Indian communist movement. Cites ideological struggles and corruption concerns.