തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഫ്‌ളക്‌സ് കോഴിക്കൂടിനുമേല്‍ വിരിക്കേണ്ടാ; വിറ്റ് കാശാക്കാം, കിലോയ്ക്ക് 20 രൂപ

#കെ.സി. ഗിരീഷ്‌കുമാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പന്തളം: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫ്‌ളക്‌സ് കോഴിക്കൂടിനുമേല്‍ വിരിക്കേണ്ടാ, അടുത്തുള്ള ഫ്‌ളക്‌സ് പ്രിന്റിങ് കടയിലെത്തിച്ച് കാശാക്കാം. കിലോയ്ക്ക് 20 രൂപ കിട്ടും. കാശ് കിട്ടുന്നതിനപ്പുറം, പരിസ്ഥിതി നശിപ്പിച്ചില്ലെന്ന് ആശ്വസിക്കുകയും ചെയ്യാം.

ഫ്‌ളക്‌സ് പ്രിന്റിങ് യൂണിറ്റുകളുടെ സംഘടനയായ സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷനാണ്, തിരിച്ചെടുക്കാമെന്ന വാഗ്ദാനം നല്‍കിയിരിക്കുന്നത്.

പുനരുത്പാദനത്തിലൂടെ, പ്രകൃതിക്ക് ദോഷംവരാത്തതരത്തില്‍ മാറ്റിയെടുക്കുന്ന ഉത്തരവാദിത്വമാണ് കേരളത്തില്‍ 1244 പ്രിന്റിങ് യൂണിറ്റുള്ള അസോസിയേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. സാമൂഹികപ്രതിബദ്ധതയും ബിസിനസിന്റെ മുന്നേറ്റവും കണക്കിലെടുത്താണിതെന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജയ് പണിക്കര്‍ പറഞ്ഞു. പോളികോട്ടണ്‍ എന്ന അംഗീകൃത ഷീറ്റാണ് പ്രിന്റ് ചെയ്യുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നാണ് ഇത് എത്തിക്കുന്നത്. ഉപയോഗിച്ചശേഷം ഇത് ഈ കമ്പനികള്‍ തിരികെയെടുക്കും. പുനരുത്പാദനം നടത്താന്‍ സംവിധാനമുള്ള കമ്പനികളാണിത്. ഉപയോഗം കഴിഞ്ഞാല്‍ അധികംകഴിയുംമുന്‍പ് ഇവ ശേഖരിച്ച് കമ്പനിക്ക് കൈമാറണം.

പൊതുതിരഞ്ഞെടുപ്പിനുശേഷം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, കുടുംബശ്രീ, ഹരിതകര്‍മസേന, ക്ലീന്‍ കേരള കമ്പനി, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവയുമായി ചേര്‍ന്ന് ഫ്‌ളക്‌സ് ശേഖരിക്കും. ഉപയോഗിച്ചവ നശിക്കുംമുന്‍പ് ശേഖരിച്ച് നിറം നീക്കും. സംസ്‌കരിച്ച് പഞ്ഞിപോലെയും പിന്നീട് നൂല്‍രൂപത്തിലും മാറ്റും. ഇതുപയോഗിച്ചാണ് പുതിയ ഷീറ്റുണ്ടാക്കുന്നത്. മൂന്നുകോടി ചതുരശ്രയടി പോളികോട്ടണ്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രിന്റ് ചെയ്യുമെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടല്‍. ഇത്രയും തിരിച്ചെടുക്കാനായാല്‍ വലിയ നേട്ടമാകും.

കണ്ണൂരില്‍ പുതിയ സ്ഥാപനവും തുടങ്ങും

ഫ്‌ളക്‌സ് പുനരുപയോഗം സാധ്യമാക്കാന്‍ കണ്ണൂരിലെ വ്യവസായപാര്‍ക്കില്‍ ഒരേക്കര്‍ സ്ഥലത്ത് ഒരുകോടി രൂപയുടെ പദ്ധതിയും സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ നടപ്പാക്കും. കേരളത്തില്‍ ഉപയോഗിക്കുന്ന മുഴുവന്‍ പോളികോട്ടണ്‍ ഷീറ്റുകളും പുനരുപയോഗരൂപത്തിലാക്കാന്‍ കഴിയുന്ന സ്ഥാപനമാണിത്. സൊസൈറ്റിയായി രൂപവത്കരിച്ച് ഗവണ്മെന്റുമായി എംപാനല്‍ചെയ്ത് പ്രവര്‍ത്തിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ജനുവരിയില്‍ പദ്ധതി കമ്മിഷന്‍ചെയ്യുമെന്നും സഞ്ജയ് പണിക്കര്‍ പറഞ്ഞു.

Content Highlights: Turn your used flex prints into cash! Earn Rs. 20 per kg by selling them to the Sign Printing Industries Association. Contribute to a cleaner environment through responsible recycling.