കൈവിട്ട കോട്ട തിരിച്ചുപിടിക്കാന്‍ UDF, വിജയത്തുടര്‍ച്ചയ്ക്ക് LDF; ഇലന്തൂരില്‍ തീപാറും പോരാട്ടം

ഇലന്തൂര്‍: പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഉറച്ച കോണ്‍ഗ്രസ് ഡിവിഷനായിരുന്നിട്ടുകൂടി കഴിഞ്ഞതവണ വിജയിക്കാന്‍ കഴിയാതെ പോയ സീറ്റ് തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമം. വിജയത്തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ കരുത്തുതെളിയിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. കോഴഞ്ചേരി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളും നാരങ്ങാനം പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, പതിനൊന്ന്, 12, 13, 14 വാര്‍ഡുകളും, ഓമല്ലൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളും മല്ലപ്പുഴശ്ശേരി പഞ്ചായത്തും ഇലന്തൂര്‍ പഞ്ചായത്തും ചെന്നീര്‍ക്കരയിലെ പ്രക്കാനം മുട്ടത്തുകോണം ഡിവിഷനും ഉള്‍പ്പെടുന്നതാണ് ഇലന്തൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷന്‍.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സ്റ്റെല്ല തോമസിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ഓമല്ലൂര്‍ ശങ്കരന്‍ ചെയ്ത വികസന പദ്ധതികള്‍ മുന്നില്‍ നിര്‍ത്തി സീറ്റ് നിലനിര്‍ത്തുക എന്നുള്ളതാണ് ഇടതുപക്ഷം ലക്ഷ്യംവയ്ക്കുന്നത്. റ്റിറ്റി ആനി ജോര്‍ജ് ആണ് ഇടതുപക്ഷ സ്ഥാനാര്‍ഥി. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവുമെന്ന് പറയുന്നു. പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കുകയാണ് എന്‍ഡിഎ ലക്ഷ്യംവയ്ക്കുന്നത്. രമണി വാസുക്കുട്ടനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
സ്റ്റെല്ല തോമസ്
കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ വൈഡബ്ല്യുസിഎ സംസ്ഥാന ജനറല്‍ കണ്‍വീനര്‍. കോഴഞ്ചേരി സ്വദേശിയാണ്. 51 വയസ്സ്.
റ്റിറ്റി ആനി ജോര്‍ജ്
1984-ല്‍ കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജില്‍നിന്ന് എസ്എഫ്‌ഐ പാനലില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ ആയി വിജയിച്ചു. ചെങ്ങന്നൂര്‍ ആര്‍ഡിഒ ആയി വിരമിച്ചു. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളില്‍ വില്ലേജ് ഓഫീസര്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ ഡെപ്യൂട്ടി കളക്ടര്‍, കൊല്ലം എഡിഎം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാരങ്ങാനം സ്വദേശിയാണ്. 59 വയസ്സ്.
രമണി വാസുക്കുട്ടന്‍
ബിജെപി പഞ്ചായത്ത് സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, മൂന്ന് തവണ സംസ്ഥാന സമിതി അംഗം. നിലവില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്. കോഴഞ്ചേരി തെക്കേമല സ്വദേശിയാണ്. 60 വയസ്സ്.
Content Highlights: Elanthoor Division updates. UDF, LDF, and NDA candidates Stella Thomas, Titty Annie George, & Ramani Vasukuttan vie for the seat. Key issues & candidate profiles.