കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ആദ്യം; ആരാവും റാന്നിയുടെ റാണി

റാന്നി: വാശിയേറിയ മത്സരം നടക്കുന്ന ജില്ലാ പഞ്ചായത്തിലെ റാന്നി ഡിവിഷനില്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍, വളരെ ചെറിയ ഭൂരിപക്ഷമാണുണ്ടായിരുന്നത്. 2020-ല്‍ 318 വോട്ടുകള്‍ക്കായിരുന്നു വിജയം. കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാര്‍ഥിക്ക് 2452 വോട്ടുകളും ലഭിച്ചിരുന്നു. 2015-ല്‍ 89 വോട്ടുകള്‍ക്കായിരുന്നു വിജയം. ഇക്കുറി വിജയത്തിനായി മൂന്നുമുന്നണികളും സജീവ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഏഴ് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഉള്‍പ്പെട്ട ജില്ലാപഞ്ചായത്ത് ഡിവിഷനാണ് റാന്നി. വടശ്ശേരിക്കര, റാന്നി പഞ്ചായത്തുകള്‍ പൂര്‍ണമായും ചെറുകോലിലെ ഒമ്പത് വാര്‍ഡുകളും പെരുനാട്, നാരങ്ങാനം പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകള്‍ വീതവും നാറാണംമൂഴിയിലെ രണ്ടും പഴവങ്ങാടിയിലെ മുക്കാലുമണ്‍ വാര്‍ഡും ചേര്‍ന്നതാണ് ഈ ഡിവിഷന്‍.
കേരള കോണ്‍ഗ്രസിലെ ജൂലി സാബു ഓലിക്കല്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് എമ്മിലെ ശോഭാ ചാര്‍ളിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ മുന്നണിയില്‍ ബിജെപിയിലെ രമ്യാ രാജേഷും മത്സരിക്കുന്നു. ഡിവിഷനില്‍ കേരള കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ആദ്യമാണ്.
ജൂലി സാബു ഓലിക്കല്‍
കന്നി മത്സരത്തിനിറങ്ങുകയാണ് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളിലെ റിട്ട. അധ്യാപികയായ ജൂലി സാബു ഓലിക്കല്‍. മര്‍ത്തമറിയം സമാജം റാന്നി മേഖലാ സെക്രട്ടറിയാണ്. ചെറുകോല്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായിരുന്ന വയലത്തല ഓലിക്കല്‍ സാബു ഓലിക്കലിന്റെ ഭാര്യയാണ്. 57 വയസ്സ്.
ശോഭാ ചാര്‍ളി
നിലവില്‍ റാന്നി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ശോഭാ ചാര്‍ളി. ഈ ഭരണസമിതിയുടെ ആദ്യ രണ്ട് വര്‍ഷം പ്രസിഡന്റുമായിരുന്നു. കേരള കോണ്‍ഗ്രസ് വനിതാ വിഭാഗം ജില്ലാ ട്രഷററാണ്. റാന്നി ഉതിമൂട് ഓലിക്കല്‍ ചാര്‍ളി ഏബ്രഹാമിന്റെ ഭാര്യയാണ്. 56 വയസ്സ്.
രമ്യാ രാജേഷ്
ബിജെപി അയിരൂര്‍ മണ്ഡലം സെക്രട്ടറി രമ്യാ രാജേഷിന് ഇത് രണ്ടാം മത്സരമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറുകോല്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മത്സരിച്ചിരുന്നു. ആയിക്കല്‍ അടവീശ്വരം ക്ഷേത്ര മാതൃസമിതി സെക്രട്ടറിയാണ്. കീക്കൊഴൂര്‍ ആയിക്കല്‍ മുല്ലമംഗലത്ത് എം. രാജേഷിന്റെ ഭാര്യയാണ്. 38 വയസ്സ്.
Content Highlights: Ranni Division of Pathanamthitta District Panchayat sees a fierce electoral battle. Learn about candidates, past results, and key constituencies. Get the latest updates!