ബിജെപി ഭരണത്തിലുള്ള കേരളത്തിലെ രണ്ടാമത്തെ നഗരസഭ; തന്ത്രങ്ങളുമായി മൂന്ന് മുന്നണികളും രംഗത്ത്, തീപാറും പോരാട്ടം

#Election Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പന്തളം(പത്തനംതിട്ട): നഗരസഭയായശേഷം മൂന്നാമത് ഭരണമാണ് പന്തളത്തെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ഇടതുമുന്നണിയില്‍നിന്ന് തട്ടിയെടുത്ത ഭരണം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പില്‍ ബിജെപി സര്‍വ ശക്തിയുമെടുത്ത് പരിശ്രമിക്കുമ്പോള്‍ കേരളത്തിലെ രണ്ടാമത്തെ ബിജെപി നഗരസഭയെ നിലനിര്‍ത്താനായി നേതാക്കന്മാരും പന്തളത്ത് ക്യാമ്പുചെയ്യുന്നു. ഭരണത്തെ ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് മെനയുന്നത്. ഏതുവിധേനയും നഗരസഭയില്‍ മുന്നിലെത്താനുള്ള കുതിപ്പിലാണ് യുഡിഎഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ത്തന്നെ ഇക്കുറി കാലതാമസം നേരിട്ടതും എതിരാളിക്ക് പോന്നവരെ കണ്ടെത്താനുള്ള താമസംകൊണ്ടാണ്. സ്ഥാനാര്‍ഥിത്വം വേണമെന്ന വാശിയില്‍നിന്ന പലരേയും ഉപേക്ഷിച്ചും പലരും പാര്‍ട്ടിവിട്ട് മറ്റ് സംഘടനകളിലേക്ക് ചേക്കേറിയിട്ടും കുലുങ്ങാതെ മുന്നോട്ടുള്ള യാത്രയായിരുന്നു മൂന്ന് മുന്നണികളുടേതും. അതുകൊണ്ടുതന്നെ ചില വാര്‍ഡുകളില്‍ അപസ്വരങ്ങള്‍ ഉയരുന്നത് മൂന്ന് മുന്നണിക്കും ഭീഷണിയുണ്ട്. എസ്ഡിപിഐ നാല് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മുന്നണികള്‍ക്കൊപ്പംതന്നെ മത്സരരംഗത്തുണ്ട്.

ബിജെപിയുടെ അഞ്ചുവര്‍ഷത്തെ പോരായ്മകള്‍ നിരത്തിയും ഇടയ്ക്ക് ഭരണത്തിലും ഭരണകക്ഷികള്‍ക്കിടയിലുമുണ്ടായ പൊട്ടിത്തെറികളും നിരത്തിയും എല്‍ഡിഎഫും യുഡിഎഫും ജനങ്ങളുടെ മുന്നിലേക്കെത്തുമ്പോള്‍ അഞ്ച് വര്‍ഷത്തില്‍ ചെയ്ത ഭരണ നേട്ടങ്ങളുടെ പട്ടിക നിരത്തുകയാണ് ബിജെപി. തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് ബിജെപി മുന്‍തൂക്കം നല്‍കുന്നത്. പത്തുവര്‍ഷമായി രണ്ടുകൂട്ടരും ഭരിച്ച പന്തളത്ത് പുത്തന്‍ പ്രതീക്ഷകളും പദ്ധതികളും അക്കമിട്ടുപറഞ്ഞാണ് യുഡിഎഫിന്റെ തേരോട്ടം.

ജില്ലയില്‍ത്തന്നെ പാര്‍ട്ടി നേതൃത്വവും ജനങ്ങളും ഉറ്റുനോക്കുന്ന മത്സരവേദിയാണ് പന്തളം. അതുകൊണ്ടുതന്നെ മൂന്ന് മുന്നണികളുടെയും നേതാക്കള്‍ നേരിട്ട് പ്രവര്‍ത്തനത്തിനെത്തുന്നുണ്ട്.

Content Highlights: Discover the intense political contest in Pandalam Municipality, Kerala. BJP aims to retain power, while LDF and UDF strategize to win. Who will emerge victorious?