സിപിഎമ്മിന് ആഘാതമായി ലസിത നായരുടെ തീവ്രത കൂടിയ തോല്‍വി; അടിപതറി ബിജെപി നേതാക്കള്‍; പന്തളത്ത് മുന്നണികളില്‍ ചര്‍ച്ച

#Election Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പന്തളം: നേതാക്കള്‍ പലയിടത്തും കൂപ്പുകുത്തി. റിബലുകള്‍ ശക്തരായി വോട്ടുനേടി. അടിയൊഴുക്കുകള്‍ പലരേയും വീഴ്ത്തി. ഭൂരിപക്ഷം കുറഞ്ഞു. മൂന്ന് മുന്നണിയിലും ചര്‍ച്ച മുറുകുകയാണ്.

പന്തളത്ത് ജില്ലാ നേതൃത്വത്തിലുള്ളവരും മുന്‍ കൗണ്‍സിലര്‍മാരും കൊഴിഞ്ഞുപോയത് എങ്ങിനെയാണ്, എന്തുകൊണ്ടാണ് എന്നതാണ് പ്രധാന ചര്‍ച്ച. സിപിഎം ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം നഗരസഭയിലെ പ്രതിപക്ഷനേതാവും രണ്ട് തവണ കൗണ്‍സിലറുമായ ലസിതാ നായര്‍ നാലാം സ്ഥാനത്തേക്ക് പോയതാണ് ഇടതുമുന്നണിയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ നഗരസഭയിലെ തോന്നല്ലൂര്‍ തെക്ക് വാര്‍ഡില്‍ നിന്നും മത്സരിച്ച് നഗരസഭയിലെത്തിയ വനിതയാണ് ലസിതാ നായര്‍. 2020-ല്‍ തൊട്ടടുത്ത സ്ഥാനാര്‍ഥിയേക്കാള്‍ 57 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് നഗരസഭയിലെത്തിയത്. ഇത്തവണ യുഡിഎഫ് ജയിച്ച വാര്‍ഡില്‍ ബിജെപിയേക്കാളും എസ്ഡിപിഐയോക്കാളും 44 വോട്ട് താഴെയാണ് ലസിതാ നായര്‍ നേടിയത്. ഇവിടെ വോട്ടുചോര്‍ച്ച എങ്ങിനെയുണ്ടായി എന്നത് പ്രധാന ചര്‍ച്ചയാകും.

സിപിഎം കണ്‍സിലറും കുരമ്പാല ലോക്കല്‍കമ്മിറ്റിയംഗവുമായ ജി. രാജേഷ് കുമാറും ഏരിയാകമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ ഇ. ഫസലും പരാജയപ്പെട്ടതും ഇടതുമുന്നണിയിലെ പ്രധാന പരാജയമായി കണക്കാക്കുന്നു. ബിജെപിയിലെ കൗണ്‍സിലറും മണ്ഡലം ഭാരവാഹിയുമായിരുന്ന സൂര്യ എസ്. നായരും വൈസ് ചെയര്‍പേഴ്സണായിരുന്ന യു. രമ്യയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായിരുന്ന ബെന്നിമാത്യുവും കെ. സീനയും സൗമ്യ സന്തോഷും കൗണ്‍സിലര്‍മാരായ പി.കെ. ബിന്ദുകുമാരിയും ശ്രീലേഖയും പരാജയപ്പെട്ടവരില്‍പ്പെടും. കോണ്‍ഗ്രസിലെ രത്നമണി സുരേന്ദ്രനും തോറ്റു.

മുന്‍ കൗണ്‍സിലന്മാരില്‍ ഏഴുപേര്‍ വിജയിച്ചു. മുന്‍ നഗരസഭ ചെയര്‍പേഴ്സണല്‍ സുശീല സന്തോഷ്, യുഡിഎഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കെ.ആര്‍. രവി, കോണ്‍ഗ്രസ് കൗണ്‍സില്‍ മാരായിരുന്ന കെ.ആര്‍. വിജയകുമാര്‍, സുനിതാ വേണു, പന്തളം മഹേഷ്, ബിജെപിയിലെ പി.കെ. പുഷ്പലത, രശ്മി രാജീവ്, സിപിഎംലെ എസ്. അരുണ്‍ എന്നിവര്‍ വിജയിച്ചു.

Content Highlights: Analyze Pandalam`s election results: rebel candidates gained, key leaders lost. Discover the reasons behind the shifts and reduced majorities. Discussions intense across all fronts.