മല്ലപ്പള്ളിയില്‍ ഇക്കുറി ആര് വിജയക്കൊടി നാട്ടും? പ്രമാടത്തിന്റെ പാരമ്പര്യം മാറുമോ? മത്സരം കടുപ്പം

#Election Desk
മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥികളായ എസ്.വി. സുബിൻ, ഡോ. ബിജു ടി. ജോര്‍ജ്, ടിറ്റു തോമസ്(മുകൾനിരയില്‍) പ്രമാടം ഡിവിഷനിലെ സ്ഥാനാര്‍ഥികളായ ദീനാമ്മ റോയ്, ജെ. ഇന്ദിരാദേവി, എസ്. ശോഭകുമാരി(താഴെ)
മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാര്‍ഥികളായ എസ്.വി. സുബിൻ, ഡോ. ബിജു ടി. ജോര്‍ജ്, ടിറ്റു തോമസ്(മുകൾനിരയില്‍) പ്രമാടം ഡിവിഷനിലെ സ്ഥാനാര്‍ഥികളായ ദീനാമ്മ റോയ്, ജെ. ഇന്ദിരാദേവി, എസ്. ശോഭകുമാരി(താഴെ)

മല്ലപ്പള്ളി(പത്തനംതിട്ട): കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനൊപ്പംനിന്ന ചരിത്രമാണ് മല്ലപ്പള്ളി ജില്ലാപഞ്ചായത്ത് ഡിവിഷന്. 2010-ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാന്തി പി.നായര്‍ 481 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2015-ല്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.വി. സുബിന്‍ 291 വോട്ട് അധികംനേടി ജില്ലാപഞ്ചായത്ത് അംഗമായി. 2020-ല്‍ സിപിഎം സ്ഥാനാര്‍ഥി സി.കെ. ലതാകുമാരി 1477 വോട്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ വിബിത ബാബുവിനെ പിന്നിലാക്കി. ലതാകുമാരിക്ക് 17,754 വോട്ടും വിബിതയ്ക്ക് 16,277 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എലിസബത്ത് കോശി 9519 വോട്ടുനേടി.

ഇക്കുറി രാഷ്ട്രീയരംഗത്തെ പ്രമുഖരെത്തന്നെയാണ് മൂന്ന് മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. കുത്തക നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ അട്ടിമറിക്കാണ് യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ശ്രദ്ധവെയ്ക്കുന്നത്.

എസ്.വി. സുബിന്‍ (എല്‍ഡിഎഫ് )

സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗം, കെഎസ്‌കെടിയു മല്ലപ്പള്ളി ഏരിയാ പ്രസിഡന്റ്, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എന്നീ ചുമതലകള്‍ വഹിക്കുന്നു. കുന്നന്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കുട്ടികള്‍ക്കായി നടത്തുന്ന ബെഞ്ച് സ്റ്റോണ്‍ കേരള എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. കെഎസ്എഫ്ഇ, എല്‍ഐസി, ജനറല്‍- ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ഉള്‍പ്പെടെ ഫൈനാന്‍ഷ്യല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നു. കുന്നന്താനം പാലാക്കാത്തകിടി സ്മിതാഭവന്‍ വീട്. വയസ്സ് 49.

ഡോ. ബിജു ടി.ജോര്‍ജ് (യുഡിഎഫ്)

2005-2010 കാലത്ത് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. തുരുത്തിക്കാട് ബിഎഎം കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചു. എംജി യൂണിവേഴ്‌സിറ്റി ഗവേഷണ ഗൈഡ്, പിജി പരീക്ഷാ ബോര്‍ഡ് ഡെപ്യൂട്ടി ചെയര്‍മാന്‍, പിഎസ്സി ചോദ്യകര്‍ത്താവ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കോളേജ് അധ്യാപകസംഘടനയായ കെപിസിടിഎ-യുടെ ജില്ലാ പ്രസിഡന്റ്, സംഘടനയുടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി റീജന്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്നീ നിലകളിലും സംസ്‌കാരസാഹിതി, കെപിസിസി വിചാര്‍വേദി, മാനവ സംസ്‌കൃതി എന്നിവയുടെ മല്ലപ്പള്ളി താലൂക്ക് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് തെക്കേമുറിയില്‍ വീട്. വയസ്സ് 59.

ടിറ്റു തോമസ് (ബിജെപി)

നിലവില്‍ ബിജെപി മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ്. ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, തിരുവല്ല അതിരൂപത ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. രണ്ടുതവണ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അധ്യക്ഷനായിരുന്നു. ബിജെപി കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹ്യൂമന്‍ റൈറ്‌സ് ഒബ്‌സര്‍വേഴ്‌സ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബികോം ബിരുദധാരി. കവിയൂര്‍ കോട്ടൂര്‍ കുഴമനക്കല്‍ വീട്. വയസ്സ് 40.

പ്രമാടത്തിന്റെ പാരമ്പര്യം മാറുമോ

പ്രമാടം: പുനഃസംഘടിപ്പിച്ച പ്രമാടം ഡിവിഷന്റെ തിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമാകുമെന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെ വിജയിപ്പിച്ച ചരിത്രമുണ്ട്. മൂന്ന് തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു പ്രാവശ്യം സിപിഎം സ്ഥാനാര്‍ഥിയും പ്രമാടം ഡിവിഷനില്‍നിന്നും വിജയിച്ചിട്ടുണ്ട്. കോന്നി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനുകള്‍ ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്തിലെ പ്രമാടം. കോന്നി ബ്ലോക്കിലെ വള്ളിക്കോട് കോട്ടയം, പ്രമാടം, വള്ളിക്കോട്, ഇലന്തൂര്‍ ബ്ലോക്കിലെ പുത്തന്‍പീടിക, ഓമല്ലൂര്‍, ചെന്നീര്‍ക്കര ഡിവിഷനുകള്‍ ഇതിലുണ്ട്. മൊത്തം 38 വാര്‍ഡുകള്‍. പ്രമാടം പഞ്ചായത്തിലെ 13, ഓമല്ലൂര്‍ പഞ്ചായത്തിലെ 13, ചെന്നീര്‍ക്കര, വള്ളിക്കോട് പഞ്ചായത്തുകളില്‍ ആറുവീതം വാര്‍ഡുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യുഡിഎഫിലെ ദീനാമ്മ റോയ്, എല്‍ഡിഎഫിലെ ജെ. ഇന്ദിരാദേവി എന്‍ഡിഎയിലെ എസ്. ശോഭകുമാരി എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ദീനാമ്മ റോയ് (യുഡിഎഫ്)

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റാണ്, ജില്ല ഡിവലപ്പ്മെന്റ് മോണിറ്ററിങ് കമ്മിറ്റി അംഗം, മഹിള കോണ്‍ഗ്രസ് സംസ്ഥാന അഡൈ്വസറി കമ്മിറ്റി അംഗം, കോന്നി അഗ്രികള്‍ച്ചര്‍ റൂറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കോന്നി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മഹിള കോണ്‍ഗ്രസ് കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് അനുഗ്രഹ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ആഞ്ഞിലികുന്ന് യൂണിറ്റ് കോഡിനേറ്ററാണ് അട്ടച്ചാക്കല്‍ തോപ്പില്‍ ചുരുളേത്ത് വീട്ടിലാണ് താമസം. വയസ്സ് 63.

ജെ. ഇന്ദിരാദേവി(എല്‍ഡിഎഫ്)

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജെ. ഇന്ദിരാദേവി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. 30 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. 2010 മുതല്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗമാണ്. ജില്ലാ ബാങ്ക് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ്. മഹിളാ അസോസിയേഷന്‍ ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം. വയസ്സ് 64.

എസ്. ശോഭകുമാരി(എന്‍ഡിഎ)

എന്‍ഡിഎ സ്ഥാനാര്‍ഥിയായ എസ്. ശോഭകുമാരി മഹിളാ മോര്‍ച്ച കോന്നി മണ്ഡലം പ്രസിഡന്റാണ്. എഡിഎസ് പ്രസിഡന്റ്, കുടുംബശ്രീ സെക്രട്ടറി, എന്‍എസ് എസ് വനിതാസമാജം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോന്നി 17-ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കോന്നി മങ്ങാരം കാര്‍ത്തികയില്‍ താമസം. വയസ്സ് 51.

Content Highlights: Get the latest updates on Mallappally and Pramadam Kerala Localbody elections. Explore candidate profiles, past results, and election analysis. Your ultimate guide to the local polls.