നറുക്കെടുപ്പ്; കവിയൂരിൽ പ്രസിഡന്റ് പദവി എൽഡിഎഫിന്, വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക്

കവിയൂർ(പത്തനംതിട്ട): മൂന്ന് മുന്നണികൾക്കും ഭൂരിപക്ഷമില്ലാതിരുന്ന കവിയൂർ പഞ്ചായത്ത് ആരു ഭരിക്കുമെന്ന് കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തത അവസാനിച്ചു. എൽഡിഎഫും എൻഡിഎയും പ്രസിഡന്റ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് മുതൽ ആശങ്കയുടെ നിമിഷങ്ങളായിരുന്നു. ആകെയുള്ള 14 സീറ്റിൽ എൽഡിഎഫ്, എൻഡിഎ മുന്നണികൾക്ക് അഞ്ചുവീതവും യുഡിഎഫിന് നാല് സീറ്റുമാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇവരുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കേണ്ടന്ന നിലപാടിലായിരുന്നു യുഡിഎഫ് മണ്ഡലം കോർ കമ്മിറ്റി. അതുകൊണ്ട് യുഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിൽക്കാനും തീരുമാനിച്ചു.
ഇതോടെ നറുക്കെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുകയുണ്ടായി. എൽഡിഎഫിൽ സിപിഎമ്മിലെ ഗീതാ അപ്പുക്കുട്ടനും എൻഡിഎയിലെ സ്വപ്ന അനീഷുമായിരുന്നു മത്സരാർഥികൾ. ഭാഗ്യം തുണച്ചത് ഗീതയെ. ഇക്കാര്യം റീട്ടേണിങ് ഓഫീസർ മല്ലപ്പള്ളി എഇഒ ജയചന്ദ്രൻ പ്രഖ്യപിച്ചതോടെ ഗീതയ്ക്ക് പഞ്ചായത്തംഗങ്ങൾ അടക്കമുള്ളവരുടെ അഭിനന്ദനങ്ങൾ. പഞ്ചായത്ത് ഓഫീസിന് പുറത്ത് എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ആശവർക്കർകൂടിയായാണ് ഗീത. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പായിരുന്നു.
ബിജെപിയുടെ കെ.ടി. രാജേഷ് കുമാറും എൽഡിഎഫിലെ ബിജു ഹാനോക്കും ആയിരുന്നു വൈസ് പ്രസിഡന്റ്സ്ഥാനാർഥികൾ. നറുക്കുവീണത് രാജേഷിന്. അങ്ങനെ പ്രസിഡന്റ് പദവി എൽഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിയും സ്വന്തമാക്കി. പഞ്ചായത്ത് ഹാളിലായിരുന്നു നറുക്കെടുപ്പ്.
Content Highlights: Kaviyoor Panchayat leadership decided by lottery! LDF secured the President post, while BJP clinched the Vice-President position. Read the full story.