മുന്‍ സിപിഎം എംഎല്‍എ കെ.സി. രാജഗോപാലന് പഞ്ചായത്തില്‍ ജയം; മെഴുവേലിയില്‍ ജയിച്ചത് 28 വോട്ടിന്

#Election Desk

ഇലവുംതിട്ട (പത്തനംതിട്ട): മുന്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായ കെ.സി. രാജഗോപാലന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം. മെഴുവേലി ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് കെ.സി. രാജഗോപാലന്‍ 28 വോട്ടിന് ജയിച്ചത്. കെ.സി. രാജഗോപാലന് 324 വോട്ട് കിട്ടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാധാചന്ദ്രന് 296 വോട്ടാണ് കിട്ടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് 37 വോട്ടിലൊതുങ്ങി.

1979-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെയാണ് കെ.സി. രാജഗോപാലന്‍തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി. 1988-ല്‍ ഇതേ പഞ്ചായത്ത് പ്രസിഡന്റായി. 2006-ലാണ് ആറന്മുള നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായി അദ്ദേഹം നിയമസഭയിലെത്തുന്നത്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചെങ്കിലും കെ. ശിവദാസന്‍ നായരോട് പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായുംസിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമാണ്.

മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാലന്‍ അവിവാഹിതനാണ്. സിപിഎമ്മില്‍ വി.എസ്. പക്ഷമായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്ക് ആദ്യ അനുമതി നേടിയെടുത്തത് കെ.സി. രാജഗോപാലന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ്.

Content Highlights: Former MLA K.C. Rajagopalan secures victory in the Mezhuveli Grama Panchayat election by 28 votes. Learn more about his political journey and this win.