‘പത്തനംതിട്ടയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും രാഹുല്‍ നിശ്ചയിച്ചവര്‍, ഒരാള്‍ ഇന്നലെ മയങ്ങിവീണെന്ന് കേട്ടു’

#Election Desk
രാഹുല്‍ മാങ്കൂട്ടത്തില്‍, രാജു ഏബ്രഹാം | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
രാഹുല്‍ മാങ്കൂട്ടത്തില്‍, രാജു ഏബ്രഹാം | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

പത്തനംതിട്ട: ജില്ലയിലെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം സ്ഥാനാര്‍ഥികളും രാഹുല്‍ മാങ്കൂട്ടത്തില്‍ നിശ്ചയിച്ചവരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. അതില്‍ ഒരാള്‍ ഇന്നലെ മയങ്ങിവീണെന്ന് കേട്ടെന്നും ഇനി കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മയങ്ങിവീഴാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ പ്രകടനപത്രിക പ്രകാശനത്തിന് പത്തനംതിട്ട പ്രസ് ക്ലബില്‍ എത്തിയതായിരുന്നു അദ്ദേഹം.

ആര് ആരോപണവിധേയരായാലും, കേസില്‍ പെട്ടാലും, മുഖംനോക്കാതെ നടപടിയാണ് സിപിഎം നയം. മുകേഷിനെതിരേ കേസ് വന്നപ്പോള്‍ അദ്ദേഹം ജാമ്യം എടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ് ഉണ്ടായപ്പോള്‍, ജാമ്യം എടുക്കാതെ ഒളിവില്‍ പോയി. അതാണ് രണ്ട് കേസുകളും തമ്മിലുള്ള വ്യത്യാസം. രാഹുലിന്റെയും മുകേഷിന്റെയും പീഡനങ്ങളുടെ തീവ്രത താരതമ്യംചെയ്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ലസിതാ നായരുടെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍, അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് ലസിത പറഞ്ഞതെന്നും രാജു ഏബ്രഹാം അവകാശപ്പെട്ടു.

കെപിസിസി ഓഫീസിലെ മുറികള്‍ പീഡനപരാതികള്‍കൊണ്ട് നിറഞ്ഞ അവസ്ഥയാണെന്നും ഇനി ഒരു പരാതികൂടി അവിടെ വയ്ക്കാന്‍ ഇടമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ കിട്ടിയ പരാതി കെപിസിസി പോലീസിന് കൈമാറിയതെന്നും പറഞ്ഞു. ലോകത്തില്‍ ആദ്യമായാണ് കുറ്റംചെയ്ത ആള്‍ പുറത്തും പിന്തുണച്ചയാള്‍ അകത്തുമായ സംഭവം ഉണ്ടായതെന്ന് രാഹുല്‍ ഈശ്വര്‍ ജയിലിലായതിനെ പരിഹസിച്ച് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും പറഞ്ഞു.

Content Highlights: CPM district secretary Raju Abraham alleges most Pathanamthitta Congress candidates were nominated by Rahul Mamkootathil. He warns more candidates may collapse. LDF manifesto release.