ഇപ്പോളിത് മൂടുതാങ്ങികളുടെ പാർട്ടി, പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ വിലയിരുത്തണം- കെ.സി. രാജഗോപാലൻ

#ന്യൂസ് ഡെസ്ക്
കെ.സി. രാജഗോപാലൻ | ഫോട്ടോ - മാതൃഭൂമി
കെ.സി. രാജഗോപാലൻ | ഫോട്ടോ - മാതൃഭൂമി

പത്തനംതിട്ട: സിപിഎം മൂടുതാങ്ങികളുടെ പാർട്ടിയായി മാറിയെന്ന് സിപിഎം മുൻ എംഎൽഎയും മെഴുവേലി ഗ്രാമപ്പഞ്ചായത്തിലേക്ക് ജയിച്ച സ്ഥാനാർഥിയുമായ കെ.സി. രാജഗോപാലൻ. പാർട്ടി ഇത് തിരുത്തണമെന്നും പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന പാർട്ടി ഘടകമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പിൽ പാലം വലിച്ചുവെന്ന കെ.സി. രാജഗോപാലന്‍റെ ആരോപണത്തിന് പിന്നാലെയാണ് സിപിഎം നേതാക്കൾ തമ്മിൽ പരസ്പരം വിമർശനമുന്നയിച്ചത്.

കെ.സി. രാജഗോപാലന്‍റെ ആരോപണത്തിന് മറുപടിയുമായി സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം കെ. പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയകാലം കെ.സി.ആർ. മറക്കരുതെന്നും മലർന്നുകിടന്ന് തുപ്പുന്ന നടപടിയാണിതെന്നുമായിരുന്നു വിമർശനം. ഇതിന് മറുപടിയായാണ് കെ.സി. രാജഗോപാലൻ വീണ്ടും രംഗത്തെത്തിയത്.

"ഇപ്പോൾ മൂടുതാങ്ങികളുടെ പാർട്ടിയാണിത്. അത് പാർട്ടി നേതൃത്വം തിരുത്തണം. അത് തിരുത്തിയാൽ പാർട്ടി വീണ്ടും അധികാരത്തിൽ വരും. ബ്രാഞ്ച് സെക്രട്ടറിയെ സഹായിക്കുന്നവർ നല്ല പാർട്ടി അംഗം. ലോക്കൽ സെക്രട്ടറിയെ സഹായിക്കുന്നവർ നല്ല പാർട്ടി അംഗം. അങ്ങനെയല്ല. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഒരു പാർട്ടി ഘടകം ആയി മാറിയാൽ ഒന്നോ രണ്ടോ മാസത്തിനകം പാർട്ടി തിരിച്ചുവരും. മൂടുതാങ്ങികളാണ് വളർന്നു വരുന്നത്", കെ.സി. രാജഗോപാലൻ പറഞ്ഞു.

താൻ ജയിച്ചത് കോൺഗ്രസുകാരുടെ വോട്ടുകൊണ്ടാണെന്ന് കെ.സി. രാജഗോപാലൻ അവകാശപ്പെട്ടിരുന്നു. പാർട്ടിക്കാർ പാലംവലിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനെതിരേ പാർട്ടിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എട്ടാം വാർഡിൽ സിപിഎം സ്ഥാനാർഥിയായിരുന്ന രാജഗോപാലൻ 28 വോട്ടിനാണ് ജയിച്ചത്. വിജയത്തിന്റെ തിളക്കം കുറഞ്ഞതും 20 വർഷമായി എൽഡിഎഫിന്റെ കൈയിലായിരുന്ന പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തതുമാണ് ആറന്മുളയിലെ മുൻ എംഎൽഎയായ അദ്ദേഹത്തെ പ്രകോപിതനാക്കിയത്.

സ്റ്റാലിൻ പ്രമാണിയാണെന്നും സഹോദരന് ബാർ ഉണ്ടെന്നുമൊക്കെ രാജഗോപാലൻ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞു. വിവരമില്ലാത്തയാളാണെന്നും പത്രം വായിക്കാറില്ലെന്നും പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയതിന്റെ കാരണക്കാരൻ സ്റ്റാലിനാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് പരസ്യമായി മറുപടി പറയാൻ തയ്യാറല്ലെന്നാണ് ടി.വി. സ്റ്റാലിൻ പ്രതികരിച്ചത്. പരാതിയുണ്ടെങ്കിൽ പറയേണ്ടത് പാർട്ടിവേദികളിലാണെന്നും സംഘടനാരീതികൾ അറിയാത്ത ആളല്ല കെ.സി.രാജഗോപാലനെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: KC Rajagopalan Slams CPM: "Party of Supporters, Not Workers," Demands Internal Reform