'SNDP എന്ന പേരിൽ വീട്ടിൽ വരരുത്, മരിച്ചാൽ കുഴിച്ചിടാൻ പോലും വരേണ്ട'; LDF സ്ഥാനാർഥിയായ അമ്മ തോറ്റതിനു പിന്നാലെ DYFI നേതാവ്

#ന്യൂസ് ഡെസ്ക്
LDF banner | Photo: Shinoy, Mathrubhumi
LDF banner | Photo: Shinoy, Mathrubhumi

അടൂർ: എസ്എൻഡിപി യോഗം ശാഖാ അംഗങ്ങൾക്ക് എതിരേ ഡിവൈഎഫ്‌ഐ നേതാവും സിപിഎം സ്ഥാനാർഥിയുടെ മകനുമായ യുവാവ് രംഗത്ത്. എൽഡിഎഫ് സ്ഥാനാർഥിയായ അമ്മ പരാജയപ്പെട്ടതിന് പിന്നാലെയാണ് എസ്എൻഡിപി യോഗം ശാഖാ യോഗത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ യുവാവ് സന്ദേശമിട്ടത്.

അടൂർ ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ പതിനാറാംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ശോഭനാ ബാലന്റെ മകൻ അഭിജിത്ത് ബാലൻ ആണ് സന്ദേശമിട്ടത്. “തിരഞ്ഞെടുപ്പിൽ തോറ്റതോടെ എസ്എൻഡിപി എന്ന പേരിൽ ഇനി ആരും വീട്ടിൽ കയറരുത്. മരിച്ചാൽ കുഴിച്ചിടാൻ വരേണ്ടെന്നും വീട്ടിൽ കൊടികെട്ടാൻപോലും ആരും വരേണ്ടെ”ന്നുമാണ് അഭിജിത്ത് ഗ്രൂപ്പിലിട്ട സന്ദേശം. ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ് അഭിജിത്ത് ബാലൻ.

ഏറത്തു ഗ്രാമപ്പഞ്ചായത്തിലെ പതിനാറാംവാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥി ശോഭനാ ബാലൻ യുഡിഎഫ് സ്ഥാനാർഥിയോട് തോറ്റത്. എസ്എൻഡിപിക്കാർ വോട്ട് ചെയ്തിരുന്നുവെങ്കിൽ താൻ വിജയിക്കുമായിരുന്നുവെന്ന് ശോഭന പറയുന്ന സന്ദേശവും പുറത്തുവന്നു. ഇതിന് പിന്നാലെയായിരുന്നു അഭിജിത്തിന്റെ പ്രതികരണം.

Content Highlights: Adoor Election Aftermath: DYFI Leader's Scathing Remarks Against SNDP Members Spark Controversy