തച്ചമ്പാറയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും മുന്‍ പ്രസിഡന്റും നേര്‍ക്കുനേര്‍

എല്‍ഡിഎഫ്, യുഡിഎഫ് |ഫോട്ടോ:മാതൃഭൂമി
എല്‍ഡിഎഫ്, യുഡിഎഫ് |ഫോട്ടോ:മാതൃഭൂമി

തച്ചമ്പാറ: തച്ചമ്പാറ ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റും നേര്‍ക്കുനേര്‍ മത്സരിക്കുന്നു. നാലുവര്‍ഷത്തിലധികം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എല്‍ഡിഎഫിലെ ഒ. നാരായണന്‍കുട്ടിയും അവസാന പത്തുമാസത്തോളം പ്രസിഡന്റായിരുന്ന യുഡിഎഫിലെ വി. നൗഷാദ് ബാബുവുമാണ് മൂന്നാംവാര്‍ഡ് വളഞ്ഞപാലത്ത് ഏറ്റുമുട്ടുന്നത്.

2015-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നൗഷാദ് ബാബു വളഞ്ഞപാലത്തുനിന്ന് 279 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020-ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടുകയും ഒ. നാരായണന്‍കുട്ടി പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു. നാലുവര്‍ഷത്തിനുശേഷമുണ്ടായ രണ്ട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുകയും ഒരു സ്വതന്ത്രന്‍ പിന്തുണയ്ക്കുകയുംചെയ്തതോടെ അവസാന 10 മാസം തച്ചമ്പാറ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി, വി. നൗഷാദ് ബാബു പ്രസിഡന്റ് ആവുകയും ചെയ്തു. ഉദയകുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Content Highlights: tachambara-election-president-vs-ex-president