ഷൊര്‍ണൂർ നഗരസഭയിൽ ആരുകയറും വിജയത്തിന്റെ ട്രാക്കില്‍

ഷൊര്‍ണൂര്‍: നഗരസഭയിലെ മുന്നണിസ്ഥാനാര്‍ഥികളില്‍ സ്ത്രീകള്‍ക്കാണ് ഭൂരിപക്ഷം. ഇടതുപക്ഷത്ത് 20 ഉം യുഡിഎഫിലും എന്‍ഡിഎയിലും 19 വീതവും സ്ഥാനാര്‍ഥികള്‍ സ്ത്രീകളാണ്. എല്‍ഡിഎഫിലുള്‍പ്പെടെ ജനറല്‍ വാര്‍ഡുകളിലും സ്ത്രീകളാണ് മത്സരിക്കുന്നത്. ആകെയുള്ള 105 സ്ഥാനാര്‍ഥികളില്‍ മുന്നണികളില്‍മാത്രം 58 സ്ത്രീകളുണ്ട്. അഭിഭാഷകരും അധ്യാപകരും ആശാ പ്രവര്‍ത്തകരും സിഡിഎസ് ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളും മുന്നണിസ്ഥാനാര്‍ഥികളായുണ്ട്. ഇതില്‍ വലിയൊരു വിഭാഗം ആദ്യമായി ജനവിധി തേടുന്നവരാണ്.

18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്ന് പട്ടികജാതി സ്ത്രീകളാണ്. നഗരസഭാ ഭരണനേതൃത്വം അടുത്ത അഞ്ചുവര്‍ഷം സ്ത്രീയുടെ കൈകളിലായിരിക്കും. യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലെത്തിയ സി. സന്ധ്യയും മത്സരരംഗത്തുണ്ട്. 33 വാര്‍ഡുകള്‍ ഉണ്ടായിരുന്നത് ഇത്തവണ 35 ആയി.

നിലവിലെ ഉപാധ്യക്ഷ പി. സിന്ധുവിന്റെ വിജയം ഇടതുപക്ഷത്തിന് അഭിമാന പ്രശ്നമാണ്. ഡിസിസി സെക്രട്ടറി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. കൃഷ്ണകുമാറാണ് എതിരാളി. ആറുതവണ മത്സരിച്ച് അഞ്ചുതവണയും വിജയിച്ച കെ. കൃഷ്ണകുമാറിനും വിജയം അഭിമാനപ്രശ്നംതന്നെ. അതുകൊണ്ടുതന്നെ 28-ാം വാര്‍ഡായ നെടുങ്ങോട്ടൂരിലെ മത്സരം ശ്രദ്ധേയം.

കുളപ്പുള്ളി ലോക്കല്‍സെക്രട്ടറി എന്‍. ജയപാലനും സിഡിഎസ് ചെയര്‍പേഴ്സണ്‍ വി.സി. സിന്ധുവും എല്‍ഡിഎഫ് നേതൃനിരയില്‍നിന്ന് ജനവിധി തേടുന്നു. രണ്ടുപേരും മുന്‍ കൗണ്‍സിലര്‍മാര്‍. യുഡിഎഫില്‍ ഡിസിസി സെക്രട്ടറി വി.കെ. ശ്രീകൃഷ്ണനും മണ്ഡലംസെക്രട്ടറി വിജയപ്രകാശ് ശങ്കറും മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി. സീനയും മത്സരരംഗത്തുണ്ട്.

ബിജെപി ജില്ലാനേതാക്കളായ കെ. പ്രസാദിനും ഇ.പി. നന്ദകുമാറിനും മത്സരം ശക്തമാണ്. ഇ.പി. നന്ദകുമാര്‍ കഴിഞ്ഞ തവണത്തെ വാര്‍ഡായ ഗണേശഗിരിയില്‍ത്തന്നെയാണ് മത്സരിക്കുന്നത്. കെ. പ്രസാദ് തൊട്ടടുത്ത വാര്‍ഡായ ചുഡുവാലത്തൂര്‍ സൗത്തിലും.

നഗരസഭയായശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ലാത്ത ഇടതുപക്ഷം ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞതവണ കേവല ഭൂരിപക്ഷമില്ലാതെ കൂടുതല്‍ അംഗങ്ങളുള്ള (16) ഒറ്റക്കക്ഷി എന്ന നിലയിലാണ് അവര്‍ ഭരണത്തിലെത്തിയത്. ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.

കഴിഞ്ഞതവണ ഏഴുപേരുമായെത്തിയ യുഡിഎഫ് ഇത്തവണ സീറ്റ് ഇരട്ടിയാക്കുമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. ഒമ്പത് അംഗങ്ങളുണ്ടായിരുന്ന എന്‍ഡിഎ ഇത്തവണ ഭൂരിപക്ഷംനേടി ഭരണം പിടിക്കുമെന്ന് നേതാക്കള്‍ പറയുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനെവരെ എത്തിച്ച് പ്രചാരണത്തിന്റെ ഒന്നാംഘട്ടം അവര്‍ പിന്നിട്ടു.