‘കയ്പേറിയ പാഠങ്ങള്‍ പഠിച്ചു, ഇനിയില്ല’ BJP നേതൃത്വത്തിനെതിരേ വിമർശനവുമായി പാലക്കാട് നഗരസഭാ മുന്‍ചെയര്‍പേഴ്സണ്‍

പാലക്കാട്: 'ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്ന കയ്പേറിയ പാഠങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ രാഷ്ട്രീയജീവിതം പഠിപ്പിച്ചു. ഇന്ന് അതിന് തിരശ്ശീല വീഴുകയാണ്'-പാലക്കാട് നഗരസഭാ മുന്‍ചെയര്‍പേഴ്സണ്‍ പ്രിയാ അജയന് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
പാലക്കാട് നഗരസഭയില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ 2020-ലെ തിരഞ്ഞെടുപ്പിനുശേഷം നഗരസഭയെ നയിക്കാനായി പാര്‍ട്ടി തിരഞ്ഞെടുത്തത് വലിയങ്ങാടി വാര്‍ഡിന്റെ പ്രതിനിധിയായ പ്രിയാ അജയനെയായിരുന്നു. പിന്നീട് പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ക്കിടെ പ്രിയാ അജയനെ മാറ്റി. 2024 ജനുവരിയില്‍ മുന്‍ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരനെ ആ സ്ഥാനത്ത് നിയോഗിച്ചു. രാഷ്ട്രീയജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധിയില്‍ വേണ്ടപിന്തുണ നല്കാന് കൂടെനിന്നവര്‍പോലും തയ്യാറായില്ലെന്ന് വികാര നിര്‍ഭരമായ കുറിപ്പിലൂടെ പ്രിയാ അജയന് വ്യക്തമാക്കുന്നു. ബിജെപി നേതൃത്വത്തിനുള്ള പരോക്ഷ വിമര്ശനംകൂടിയായി സാമൂഹികമാധ്യമക്കുറിപ്പ്.
തന്റെ രാഷ്ട്രീയജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിടപറയുന്നെന്ന് പ്രിയാ അജയന് പറഞ്ഞു. 'രാഷ്ട്രീയരംഗത്തെ കയറ്റിറക്കങ്ങളെക്കുറിച്ച് ഈ കാലയളവില്‍ പഠിച്ചു. സ്വന്തം ആളുകളുടെപോലും പ്രവചനാതീതമായ നീക്കങ്ങള്‍ അദ്ഭുതപ്പെടുത്തി'-പ്രിയ പറയുന്നു.
കൗണ്‍സിലര്‍ എന്നനിലയിലുള്ള അഞ്ചുവര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ് എന്നുപറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആദ്യത്തെ മൂന്നുവര്‍ഷം പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ എന്നനിലയിലും തുടര്‍ന്ന്, കൗണ്‍സിലറായും സേവനം ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കരുതുന്നത്. രാഷ്ട്രീയം നോക്കാതെ സഹായം തേടിവന്ന എല്ലാവര്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചു. അതിലൂടെ ജനങ്ങളുടെ മനസ്സില്‍ നല്ലസ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രിയ പറഞ്ഞു.
2023 ഡിസംബറിലാണ് പ്രിയാ അജയന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു അന്ന് ബിജെപി നേതൃത്വം വിശദീകരിച്ചത്. ബിജെപിയിലെ പടലപ്പിണക്കങ്ങളെക്കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പരസ്യപ്രതികരണത്തിന് പ്രിയാ അജയനും തയ്യാറായില്ല. സ്ഥാനത്ത് തുടരാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായാണ് രാജിവെയ്ക്കുന്ന സമയത്ത് പ്രിയാ അജയന് അറിയിച്ചിരുന്നത്. അവിചാരിതമായാണ് രാഷ്ട്രീയപ്രവര്ത്തകയാവുന്നതെന്നും അന്ന് പ്രിയ വ്യക്തമാക്കിയിരുന്നു.
2020-ലെ വിജയത്തിനുശേഷം ആര്‍എസ്എസിന്റെ പിന്തുണയോടെയാണ്, മുന്‍ അധ്യക്ഷ പ്രമീളാ ശശിധരനെ ഒഴിവാക്കി പ്രിയയെ നഗരസഭാധ്യക്ഷസ്ഥാനത്തേക്ക് ബിജെപി എത്തിച്ചത്. വൈകാതെ ഭരണകക്ഷിക്കുള്ളില്‍ അസ്വാരസ്യങ്ങളുയരുകയായിരുന്നു.
Content Highlights: Former Palakkad Municipal Chairperson Priya Ajayan bids farewell to politics, citing betrayal and unexpected moves. Read her emotional social media post.