പട്ടാമ്പിയിൽ ശക്തമായ മത്സരം; ആത്മവിശ്വാസത്തോടെ മുന്നണികൾ

#Election Desk

പട്ടാമ്പി: ജില്ലയിലെതന്നെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നഗരസഭകളിലൊന്നാണ് പട്ടാമ്പി. അതുകൊണ്ടുതന്നെ വോട്ടെണ്ണൽ കഴിയുംവരെ നെഞ്ചിടിപ്പോടെയാണ് മുന്നണി പ്രവർത്തകർ കഴിയുന്നത്. കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നു വിട്ടുപോയവർ രൂപവത്കരിച്ച വീ ഫോർ പട്ടാമ്പി കൂട്ടായ്മ എൽഡിഎഫിനൊപ്പം മത്സരിച്ചതായിരുന്നു പട്ടാമ്പിയിലെ മത്സരം ചൂടേറിയതാക്കിയത്. ഇക്കുറി വീ ഫോർ പട്ടാമ്പി കൂട്ടായ്മ മത്സരരംഗത്തില്ല. കോൺഗ്രസ് വിട്ടുപോയവർ വീണ്ടും തിരിച്ചെത്തിയതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുന്നത്.

ആദ്യടേമിലെ മികച്ചവിജയം ആവർത്തിക്കാൻ യുഡിഎഫും ഭരണംനിലനിർത്താൻ എൽഡിഎഫും കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ഇതോടൊപ്പം നില മെച്ചപ്പെടുത്താൻ ബിജെപിയും ശക്തമായ പ്രചാരണം കാഴ്ചവെക്കുന്നുണ്ട്.

വാർഡ് വിഭജനം വന്നതോടെ 28-ൽനിന്ന് വാർഡുകളുടെ എണ്ണം 29 ആയി. കഴിഞ്ഞ തവണ യുഡിഎഫിന് 11 സീറ്റും എൽഡിഎഫിന് 10 സീറ്റും എൻഡിഎയ്ക്ക് ഒരു സീറ്റും വീ ഫോർ പട്ടാമ്പി കൂട്ടായ്മക്ക് ആറ് സീറ്റുമാണ് ലഭിച്ചത്. പിന്നീട് വീ ഫോർ പട്ടാമ്പിയുമായി ചേർന്നാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്.

യുവാക്കൾക്കും ഇക്കുറി പ്രാതിനിധ്യം ഏറെയാണ്. എൽഡിഎഫിൽ ഇത്തവണ 25 പുതുമുഖങ്ങളാണ് മത്സരിക്കുന്നത്. 29-ൽ 15 സ്ഥാനാർഥികൾ മത്സരിക്കുന്നത് സ്വതന്ത്രരായാണ്. 14 ഇടത്തുമാത്രമേ ചിഹ്നത്തിൽ മത്സരമുള്ളൂ. യുഡിഎഫിൽ 23പേർ പുതുമുഖങ്ങളാണ്. മുന്നണിയിൽ 16 സീറ്റുകൾ കോൺഗ്രസിനും 13 സീറ്റുകൾ മുസ്‌ലിം ലീഗിനുമാണ്. ഇതിൽ മൂന്നുപേർ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. എൻഡിഎ ഇത്തവണ 18 സീറ്റുകളിലാണ് മത്സരിക്കുന്നത്. 16 പേർ പുതുമുഖങ്ങളാണ്. ഇതിൽ 13 പേർ വനിതകളാണ്.

പരസ്യപ്രചാരണം കഴിഞ്ഞതോടെ ബുധനാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടുകൾ തങ്ങൾക്കനുകൂലമായി നേട്ടമാക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.

Content Highlights: Exciting election unfolds in Pattambi municipality. Discover key insights, alliances, and candidate dynamics as parties vie for power. Who will win?