മലമ്പുഴ പിടിക്കാൻ ത്രികോണപ്പോരാട്ടം

പാലക്കാട്: സമീപകാല തിരഞ്ഞെടുപ്പുകളിലൊക്കെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഇടതുപക്ഷത്തിനൊപ്പമാണ് നിന്നിട്ടുള്ളത്. പിന്നാക്ക മേഖലകളേറെയുള്ള ഇവിടെ മാറ്റം അനിവാര്യമാണെന്ന മുദ്രാവാക്യമുയർത്തിയാണ് കോൺഗ്രസും ബിജെപിയും ഇക്കുറി ത്രികോണപ്പോരാട്ടത്തിന് കളമൊരുക്കുന്നത്.
ഇക്കുറി വാർഡുകളുടെ എണ്ണം 13-ൽ നിന്ന് 15 ആയി. ജനതാദൾ യുണെറ്റഡ് സ്ഥാനാർഥിയും ഒരു സ്വതന്ത്രനുമടക്കും അഞ്ചുപേർ രംഗത്തുള്ള 15-ാം വാർഡ് പുതുപ്പരിയാരത്ത് ഒഴികെ മറ്റെല്ലായിടത്തും സിപിഎം-കോൺഗ്രസ്-ബിജെപി ത്രികോണപ്പോരാട്ടമാണ്. പ്രാദേശിക രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞവർ മുതൽ കന്നിയങ്കത്തിനിറങ്ങുന്നവർ വരെ മുന്നണിപ്പട്ടികകളിലുണ്ട്.
മലമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാധികാ മാധവൻ മത്സരിക്കുന്ന മൂന്നാംവാർഡായ മലമ്പുഴയാണ് ശ്രദ്ധേയമായ മത്സരം നടക്കുന്ന ഇടങ്ങളിലൊന്ന്.
കോൺഗ്രസ് സ്ഥാനാർഥിയായി വി. ഷീജയും ബിജെപിക്കുവേണ്ടി എം. സുജാതയുമാണ് ഇവിടെ രംഗത്തുള്ളത്. എൽഡിഎഫിൽ സിപിഎം 13 സീറ്റിൽ മത്സരിക്കുമ്പോൾ സിപിഐ അകത്തേത്തറ െവസ്റ്റിന് പുറമേ സിറ്റിങ് സീറ്റായ കണ്ണോടിലുമുണ്ട്.കഴിഞ്ഞ തവണ നേടിയ അകത്തേത്തറ സീറ്റ് നിലനിർത്തുന്നതിനൊപ്പം കൂടുതൽ സീറ്റുകളിൽ കണ്ണുെവച്ചാണ് കോൺഗ്രസ് പ്രവർത്തനം. മലയോര കർഷകരുടെ ശക്തി കേന്ദ്രമായ മലമ്പുഴയും മരുതറോഡും അടക്കം ഈ പട്ടികയിലുണ്ട്. പാലക്കാട് പട്ടണത്തോട് അടുത്തു കിടക്കുന്ന വാർഡുകളിൽ ബിജെപി സ്വാധീനം ശക്തമാണ്. എന്നാൽ, 2015-ൽ ബിജെപി പൊരുതി നേടിയ മാട്ടുമന്ത ഡിവിഷൻ 2020-ൽ സിപിഎം തിരിച്ചുപിടിച്ചിരുന്നു.
അന്ന് 13 വാർഡുകളിൽ 11 എണ്ണം സിപിഎമ്മും ഒന്ന് സിപിഐയും നേടി. കോൺഗ്രസ് 2015-ലേതിന് സമാനമായി ഒരു സീറ്റിലൊതുങ്ങി.
- വാർഡ്-15
- സ്ഥാനാർഥികൾ-47
- സ്ത്രീകൾ-25
- പുരുഷന്മാർ-22
Content Highlights: Malampuzha Block Panchayat sees a three-way contest in Palakkad local body elections. CPM, Congress, BJP vie for dominance with new wards and seasoned candidates.