പാലക്കാട് കോട്ട ഇളക്കി യുഡിഎഫ്; നഗരസഭകളിൽ ഇഞ്ചോടിഞ്ച്, ബിജെപിക്ക് മുന്നേറ്റം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗം ആഞ്ഞുവീശിയ ജില്ലയായിരുന്നു പാലക്കാട്. ഇക്കുറിയും കാര്യങ്ങൾ മറ്റൊന്നല്ല. പക്ഷെ വന്‍ ഭൂരിപക്ഷം പുലര്‍ത്തുന്ന ഇടതുകേന്ദ്രങ്ങളില്‍ പോലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. വികസനങ്ങളും വിവാദങ്ങളും ജില്ലയില്‍ ചൂടുപിടിച്ച ചര്‍ച്ചയായപ്പോള്‍ തദ്ദേശവിധി ആര്‍ക്ക് അനുകൂലമാണെന്ന കാത്തിരിപ്പിലായിരുന്നു പാലക്കാടുകാര്‍. നിലനിര്‍ത്താനും പിടിച്ചടക്കാനും കടുത്ത പോരാട്ടം നടന്നു. കോട്ടകൾ പലതും ഇളകി. ജില്ലാ പഞ്ചായത്ത്, ഏഴ് നഗരസഭകള്‍, പതിനാല് ബ്ലോക്ക് പഞ്ചായത്തുകള്‍, 88 ഗ്രാമപഞ്ചായത്ത് എന്നിവയുള്‍പ്പെടുന്നതാണ് പാലക്കാടിന്റെ തദ്ദേശഭൂപടം.
പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ കാലം മുതല്‍ എല്‍ഡിഎഫ് മാത്രം ഭരിച്ച ജില്ലാപഞ്ചായത്താണ് പാലക്കാട്ടേത്. 31 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ 19 സീറ്റില്‍ എല്‍ഡിഎഫും 12 സീറ്റില്‍ യുഡിഎഫും വിജയിച്ചു. ഭൂരിപക്ഷമുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. 2020ലെ തിരഞ്ഞെടുപ്പില്‍ 30 ഡിവിഷനുകളില്‍ 27 എണ്ണത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. 20 സീറ്റുകളില്‍ സിപിഎമ്മും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ക്ക് ഓരോ സീറ്റ് വീതവും ജെഡിഎസ്സിന് രണ്ട് സീറ്റും സിപിഐക്ക് മൂന്ന് സീറ്റുമാണുണ്ടായിരുന്നത്. മൂന്ന് സീറ്റുള്ള യുഡിഎഎഫില്‍ മുസ്ലീം ലീഗിന് രണ്ട് കോണ്‍ഗ്രസിന് ഒന്ന് എന്നിങ്ങനെയായിരുന്നു ഭരണം. കഴിഞ്ഞ തവണ 21 സീറ്റിലായിരുന്നു സിപിഎം മത്സരിച്ചതെങ്കില്‍ ഇത്തവണ 22 സീറ്റിലാണ് സിപിഎം മത്സരിച്ചത്.
നഗരസഭകള്‍ ആര്‍ക്കൊപ്പം?
ഏഴ് നഗരസഭകളില്‍ മൂന്നെണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും ഒരു നഗരസഭയില്‍ ബിജെപിയും വിജയിച്ചു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി എന്നീ നഗരസഭകളാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. എല്‍ഡിഎഫ് ഭരിച്ചിരുന്ന പട്ടാമ്പിയും മണ്ണാര്‍ക്കാട്, ചിറ്റൂര്‍ തത്തമംഗലം എന്നീ നഗരസഭകളില്‍ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന നഗരസഭയാണ് ചിറ്റൂര്‍. 2020ലെ തിരഞ്ഞെടുപ്പില്‍ നാല് എണ്ണം എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫും ഒന്ന് ബിജെപിയുമാണ് ഭരിച്ചത്.
കേരളം ഉറ്റുനോക്കുന്ന കടുത്ത മത്സരം നടക്കുന്ന നഗരസഭകളിൽ ഒന്നായിരുന്നു പാലക്കാട് നഗരസഭ. സംസ്ഥാനത്ത് ബിജെപി ഭരണത്തിലേറിയ ആദ്യ നഗരസഭ കൂടിയായിരുന്നു ഇത്. 2015ലും 2020ലും നേടിയ വിജയം ആവര്‍ത്തിച്ച് പാലക്കാട്ട് ഹാട്രിക് വിജയം നേടാനുള്ള ശ്രമത്തിലായിരുന്നു ബിജെപി. 2020ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പന്ത്രണ്ടും ലീഗ് നാല് സീറ്റുമാണ് നേടിയിരുന്നത്. സിപിഎമ്മിന് ഏഴ് സീറ്റാണുണ്ടായിരുന്നത്. ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും വിജയിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും ഭരണം തുലാസിലാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോര്‍ത്താല്‍ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ല. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയില്‍ ബിജെപി ഹാട്രിക് അടിക്കും.53 വാര്‍ഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാര്‍ഡുകളിലും യുഡിഎഫ് 17 വാര്‍ഡുകളിലും എല്‍ഡിഎഫ് 8 വാര്‍ഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതില്‍ 2 പേര്‍ എല്‍ഡിഎഫ് സ്വതന്ത്രരാണ്. കോണ്‍ഗ്രസ് വിമതനാണ് മറ്റൊരാള്‍. ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. ബിജെപിക്ക് സീറ്റ് നില വര്‍ധിപ്പിക്കാനായില്ല. യുഡിഎഫും എല്‍ഡിഎഫും ഒരു സീറ്റ് അധികം നേടി. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ആകെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടു.
വീ ഫോര്‍ പട്ടാമ്പി വിധി മാറ്റിയ നഗരസഭയാണ് പട്ടാമ്പി. യുഡിഎഫ്-11, എല്‍ഡിഎഫ്-10, ബിജെപി-1, വീ ഫോര്‍ പട്ടാമ്പി-6 എന്നിങ്ങനെയായിരുന്നു 2020ലെ സീറ്റ് നില. കോണ്‍ഗ്രസ് വിട്ട ടിപി ഷാജി രൂപീകരിച്ച വീ ഫോര്‍ പട്ടാമ്പിയുടെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫ് അധികാരത്തിലേറിയത്. എന്നാല്‍ ടിപി ഷാജി തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് നഗരസഭ തിരിച്ചുപിടിച്ചു. യുഡിഎഫ് 15, എല്‍ഡിഎഫ് 7, എന്‍ഡിഎ 1, സ്വതന്ത്രര്‍ 6 എന്നിങ്ങനെയാണ് സീറ്റുനില. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്നു ടിപി ഷാജി.
പാലക്കാട് ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്ന് ഒറ്റപ്പാലം നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് 19, യുഡിഎഫ് ഏഴ്, ബിജെപി 12, 1 സ്വതന്ത്രന്‍ എന്നിങ്ങനെയാണ് സീറ്റുനില. നഗരസഭ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ചരിത്രം എല്‍ഡിഎഫിനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 സീറ്റില്‍ 16 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു. സ്വതന്ത്ര മുന്നണിയും ചേര്‍ത്ത് 11 സീറ്റിലായിരുന്നു യുഡിഎഫിന് വിജയം. സിപിഎം വിമത വിഭാഗമായിരുന്നു സ്വതന്ത്ര മുന്നണി. ബിജെപി കൂടുതല്‍ സാധ്യത കല്‍പിച്ച നഗരസഭകളിലൊന്നായിരുന്നു ഇത്, സീറ്റ് നില ഒമ്പതില്‍ നിന്ന് 12 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
പഞ്ചായത്തുമാറി നഗരസഭയായതിനു ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പായിരുന്നു ചെര്‍പ്പുളശ്ശേരി നഗരസഭയിലേത്. ആകെ 33 വാര്‍ഡാണുള്ളത്.ആദ്യതവണ യുഡിഎഫും രണ്ടാം തവണ എല്‍ഡിഎഫും വിജയിച്ചു. ഇത്തവണയും നഗരസഭ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 2015ലായിരുന്നു ചെര്‍പ്പുള്ളശ്ശേരി നഗരസഭയായത്. ആദ്യ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ വിജയിച്ച് യുഡിഎഫ് അധികാരത്തിലേറി. സിപിഎം 14, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു സീറ്റുനില. 2020ലെ തിരഞ്ഞെടുപ്പില്‍ 18 വാര്‍ഡില്‍ വിജയിച്ച് എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. യുഡിഎഫ് 12, ബിജെപി രണ്ട്, വെല്‍ഫെയര്‍ ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റുനില.
ചിറ്റൂര്‍ തത്തമംഗലം നഗരസഭ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. ചിറ്റൂര്‍ നഗരസഭ രൂപീകരിച്ചതു മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്നെങ്കിലും വിധി മാറ്റിയ തിരഞ്ഞെടുപ്പായിരുന്നു 2020ലേത്. കൂടുതല്‍ സ്വതന്ത്രരെ നിര്‍ത്തിക്കൊണ്ട് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. ഇത്തവണ 19 സീറ്റുകള്‍ നേടിക്കൊണ്ടാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്.
മണ്ണാര്‍ക്കാട് നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. യുഡിഎഫ് 17, എല്‍ഡിഎഫ് 4, ബിജെപി 1, 8 സ്വതന്ത്രര്‍ എന്നിങ്ങനെയാണ് സീറ്റുനില. യുഡിഎഫ് -15, സിപിഎം-11, ബിജെപി-മൂന്ന് എന്നിങ്ങനെയായിരുന്നു 2020ലെ കണക്കുകള്‍.
ഷൊര്‍ണൂര്‍ നഗരസഭയിലെ 35 വാര്‍ഡിലേക്കാണ് മത്സരം നടന്നത്. നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് 17, യുഡിഎഫ് 5, ബിജെപി 12, 1 സ്വതന്ത്രന്‍ എന്നിങ്ങനെയാണ് സീറ്റുനില. നേരത്തേ 33 വാര്‍ഡില്‍ 16 സിപിഎം, ഒന്‍പത് ബിജെപി, ഏഴ് കോണ്‍ഗ്രസ്, ഒരു എസ്ഡിപിഐ സ്വതന്ത്ര എന്നിങ്ങനെയായിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ രണ്ടുപേര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. വാര്‍ഡ് വിഭജനവും കോണ്‍ഗ്രസില്‍നിന്ന് രണ്ടുപേര്‍ സിപിഎമ്മിലേക്കെത്തിയതോടെ ഇവരുടെ പിന്തുണയുമുള്‍പ്പെടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്.
ബ്ലോക്ക് പഞ്ചായത്തില്‍ ഇടത് ആധിപത്യം
13 ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. 9 ബ്ലോക്കുകളില്‍ എല്‍ഡിഎഫും മൂന്ന് ബ്ലോക്കുകളില്‍ യുഡിഎഫും വിജയിച്ചു. തൃത്താല ബ്ലോക്കില്‍ എല്‍ഡിഎഫും യുഡിഎഫും 8 സീറ്റുകള്‍ വീതം നേടി സമനിലയാണ്.. ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട്, കുഴല്‍മന്ദം, മലമ്പുഴ, നെന്മാറ, ഒറ്റപ്പാലം,പാലക്കാട്, ശ്രീകൃഷ്ണപുരം എന്നീ ബ്ലോക്കുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. അട്ടപ്പാടി, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. 2020ലെ തിരഞ്ഞെടുപ്പില്‍ 11 ബ്ലോക്കുകളിലായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. രണ്ട് ബ്ലോക്കുകളില്‍ നിന്ന് യുഡിഎഫ് സ്വാധീനം മൂന്നായി വര്‍ധിപ്പിച്ചു. പട്ടാമ്പി ബ്ലോക്കിലാണ് യുഡിഎഫ് പുതിയതായി വിജയിച്ചത്.
പഞ്ചായത്തിലാര്?
88 ഗ്രാമപഞ്ചായത്തുകളാണ് പാലക്കാടുള്ളത്. 2020ല്‍ എല്‍ഡിഎഫ് 63 പഞ്ചായത്തുകളിലും യുഡിഎഫ് 23 പഞ്ചായത്തുകളിലും വിജയിച്ചു. ഈ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫാണ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നതെങ്കിലും സീറ്റുനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പത്തോളം പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. പ്രാദേശിക ധാരണകളും പിന്തുണയും ഭരണത്തെ സ്വാധീനിക്കും.
ആകെ പഞ്ചായത്ത്-88
എൽഡിഎഫ്-46
യുഡിഎഫ്-31
ബിജെപി-2
സമാസമം-9