സിപിഎമ്മിന് ഒരു സീറ്റുപോലുമില്ലാതെ പുതൂർ, മണ്ണാർക്കാട് LDF സ്ഥാനാർഥിക്ക് സ്വന്തം വോട്ട് മാത്രം

പാലക്കാട്: സിപിഎമ്മിന് ഒരു സീറ്റ് പോലും നേടാനാവാതെ പാലക്കാട്ടെ പുതൂര്‍ ഗ്രാമപഞ്ചായത്ത്. ആകെയുള്ള 14 സീറ്റുകളില്‍ എട്ട് എണ്ണത്തില്‍ ബിജെപിയും ആറ് എണ്ണത്തില്‍ യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ വിജയിച്ചിടത്തുനിന്നാണ് ഇത്തവണ എല്‍ഡിഎഫ് പൂജ്യത്തിലേക്ക് ചുരുങ്ങിയത്.
മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ വാര്‍ഡിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഫിറോസ് ഖാന് വെറും ഒരു വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗിലെ കെ.സി.അബ്ദുറഹ്‌മാന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിദിഖിന് 179 വോട്ട് ലഭിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ഥി ഫൈസല്‍ കുന്തിപ്പുഴ 65 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും നേടാനാകാതെ ഒരു വോട്ടിലേക്ക് ചുരുങ്ങിയതിന്റെ ആഘാതത്തിലാണ് സ്ഥാനാര്‍ഥി.
കേരളശ്ശേരി പഞ്ചായത്തില്‍ യുഡിഎഫിന് ഒരൊറ്റ സീറ്റ് പോലും നേടാനായില്ല. എല്‍ഡിഎഫ് പന്ത്രണ്ട് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്. 2020ലെ തിരഞ്ഞെടുപ്പില്‍ നേടിയ രണ്ട് സീറ്റുകളും യുഡിഎഫിന് നഷ്ടമായപ്പോള്‍, പഞ്ചായത്തില്‍ അക്കൗണ്ട് തുറന്നുകൊണ്ട് ബിജെപി രണ്ട് സീറ്റുകള്‍ നേടി.
കണ്ണമ്പ്ര പഞ്ചായത്തിലും യുഡിഎഫ് വട്ടപ്പൂജ്യമാണ്. ബിജെപിക്കും ഒരു സീറ്റ് പോലും നേടാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു സീറ്റ് ഇത്തവണ യുഡിഎഫിന് നഷ്ടപ്പെട്ടു. 18 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വാണിയംകുളം പഞ്ചായത്തിലും യുഡിഎഫിന് സീറ്റില്ല. 14 സീറ്റില്‍ എല്‍ഡിഎഫും ആറ് സീറ്റില്‍ ബിജെപിയുമാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില് എല്‍ഡിഎഫ് 13, ബിജെപി 5 എന്നിങ്ങനെയായിരുന്നു സീറ്റ്. ഇത്തവണ രണ്ട് സീറ്റുകള്‍ കൂടിയിരുന്നു.
ജില്ലയിലെ രണ്ട് പഞ്ചായത്തുകളില്‍ ബിജെപിക്കാണ് ഭൂരിപക്ഷം. അകത്തേത്തറ പഞ്ചായത്തില്‍ പത്ത് സീറ്റുകളും പുതൂര്‍ പഞ്ചായത്തില്‍ 8 സീറ്റുകളിലും ബിജെപി വിജയിച്ചു.
ആകെ പഞ്ചായത്ത്-88
എൽഡിഎഫ്-46
യുഡിഎഫ്-31
ബിജെപി-2
സമാസമം-9
Content Highlights: CPM suffers a major defeat in Palakkad`s Pudur Panchayat, losing all 14 seats to BJP and UDF. Learn more about the shocking election results and how LDF dropped to zero.