അഞ്ച് വർഷത്തിനിടെ മൂന്ന് പ്രസിഡന്റുമാർ; കുഴഞ്ഞുമറിഞ്ഞ് മുതലമട, ഇത്തവണ 20-20യും കളത്തിലേക്ക്

#Election Desk
Photo: facebook.com/T20Party
Photo: facebook.com/T20Party

മുതലമട (പാലക്കാട്):  കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം കസേരകളികളാല്‍ ശ്രദ്ധേയമായ പഞ്ചായത്താണ് മുതലമട.  ഗ്രാമ പഞ്ചായത്തില്‍ ആകെയുള്ള 22 സീറ്റില്‍ 21-ലും തനിച്ചു മത്സരിക്കാനാണ് ട്വന്റി20യുടെ തീരുമാനം.  ഭരണം പിടിക്കാന്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് മുതലമട യൂണിറ്റ് സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി. കല്പനാദേവി പറഞ്ഞു. കഴിഞ്ഞതവണ 10-ാം വാര്‍ഡ് അംഗമായിരുന്ന പി. കല്പനാദേവി ഇത്തവണ ഒമ്പതാം വാര്‍ഡിലും മൂന്നാംവാര്‍ഡ് അംഗമായിരുന്ന ടി. താജുദീന്‍ നാലാംവാര്‍ഡിലും മത്സരിക്കും.

2020-ല്‍ ആര്‍ക്കും കേവലഭൂരിപക്ഷം നേടാനാവാതെ വന്നതോടെ അഞ്ചു വര്‍ഷത്തിനിടെ മുതലമടയില്‍ മൂന്ന് പ്രസിഡന്റുമാരും മൂന്ന് വൈസ് പ്രസിഡന്റുമാരും ഉണ്ടായി. 20 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ്-ഒന്‍പത്, കോണ്‍ഗ്രസ്-ആറ്, ബിജെപി-മൂന്ന്, സ്വതന്ത്രര്‍-രണ്ട് എന്നിങ്ങനെയായിരുന്നു ആദ്യ കക്ഷിനില. എല്‍ഡിഎഫില്‍നിന്ന് കെ. ബേബിസുധ പ്രസിഡന്റും ആര്‍. അലൈരാജ് വൈസ് പ്രസിഡന്റുമായി. പറയമ്പള്ളം വാര്‍ഡിലെ സിപിഎം അംഗം അബ്ദുള്‍റഹ്‌മാന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് 2023 ജനുവരി 20-ന് രാജിവെച്ചു. സ്വതന്ത്രര്‍ പിറ്റേന്ന് ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവന്നു. 2023 ഫെബ്രുവരി നാലിന് അവിശ്വാസം പാസായി. ഫെബ്രുവരി 27-ന് പി. കല്‍പ്പനാദേവിയും എം. താജുദീനും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി അധികാരമേറ്റു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളും ബിജെപിയുടെ മൂന്ന് അംഗങ്ങളും പിന്തുണച്ചു.

പിന്നീട് പറയമ്പള്ളത്തെ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ ബി. മണികണ്ഠന്‍ യുഡിഎഫ് പിന്തുണയോടെ വിജയിച്ചു. കോണ്‍ഗ്രസ് അംഗങ്ങളില്‍ ഇതിനിടെ അഭിപ്രായവ്യത്യാസവുമുണ്ടായി. തുടര്‍ന്ന്, എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയം 2025 മേയ് 15-ന് പാസായി. ഇതോടെ പി. കല്‍പനാദേവിയും എം. താജുദീനും പുറത്തായി. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ജാസ്മിന്‍ ഷേയ്ക്ക് എല്‍ഡിഎഫിലെ എട്ട് അംഗങ്ങളുടെ പിന്തുണയോടെ 2025 ജൂണ്‍ മൂന്നിന് പ്രസിഡന്റായി. സി. വിനേഷ് വൈസ് പ്രസിഡന്റും. അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം സമരങ്ങളിലേക്കും പോലീസ് കേസുകളിലേക്കും നയിച്ച സംഭവങ്ങളും മുതലമടയിലുണ്ടായി.

Content Highlights: Muthalamada Panchayat, known for its political drama post-2020 elections. Twenty twenty aims to win 21 seats alone to secure power. Learn about the history of leadership changes and upcoming polls.