മണ്ണാർക്കാട് ബ്ലോക്കിൽ ഇഞ്ചോടിഞ്ച് പോരാട്ടം

മണ്ണാർക്കാട്: ഭരണം നിലനിർത്താൻ യുഡിഎഫും തിരിച്ചുപിടിക്കാൻ എൽഡിഎഫും മുന്നിട്ടിറങ്ങിയതോടെ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിൽ മത്സരം മുറുകുന്നു. ബ്ലോക്ക് പഞ്ചായത്തിൽ പ്രാതിനിധ്യമറിയിക്കാൻ ഇത്തവണ എൻഡിഎയും രംഗത്തുണ്ട്. കഴിഞ്ഞതവണ 17 സീറ്റിൽ യുഡിഎഫിന് 12-ഉം എൽഡിഎഫിന് അഞ്ചും സീറ്റാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായിരുന്നു. മുന്നണിധാരണപ്രകാരം ആദ്യ രണ്ടരവർഷം മുസ്‌ലിം ലീഗും പിന്നീട് കോൺഗ്രസും പ്രസിഡന്റ് പദവിയിലിരുന്നു.
ഇത്തവണ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാസംവരണമാണ്. വാർഡ് വിഭജനത്തിനുശേഷം ഇത്തവണ ഒരുസീറ്റ് വർധിച്ച് 18 ആയി. 58 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 30 പുരുഷൻമാരും 28 സ്ത്രീകളും. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് തിരുവിഴാംകുന്നിലാണ്, അഞ്ചുപേർ. മുന്നണി സ്ഥാനാർഥികൾക്കുപുറമേ ജനകീയ മതേതര മുന്നണിയുടെയും വെൽഫെയർ പാർട്ടിയുടെയും സ്ഥാനാർഥികളും ഇവിടെ മത്സരിക്കുന്നുണ്ട്.
തച്ചനാട്ടുകര, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ എന്നീ എട്ടു പഞ്ചായത്തുകൾ ചേർന്നതാണ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്. യുഡിഎഫിൽ ഒൻപത് സീറ്റിൽ കോൺഗ്രസും അത്രയുംതന്നെ മുസ്‌ലിം ലീഗും മത്സരിക്കുന്നു. എൽഡിഎഫിൽ സിപിഎം 14 സീറ്റിലും സിപിഐ മൂന്നു സീറ്റിലും എൻസിപി ഒരുസീറ്റിലുമാണ് മത്സരിക്കുന്നത്. എൻഡിഎ 16 സീറ്റുകളിൽ മത്സരിക്കുന്നു. കൊറ്റിയോട്, കോട്ടോപ്പാടം ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
നിലവിലെ ഭരണസമിതിയിൽനിന്ന്, കോൺഗ്രസിലെ ബിജി ടോമി മാത്രമാണ് ഇത്തവണയും മത്സരിക്കുന്നത്. മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ അസീസ് ഭീമനാടും മത്സരിക്കുന്നുണ്ട്. എട്ടു പഞ്ചായത്തുകളിൽ അഞ്ചിടത്താണ് യുഡിഎഫ് ഭരണസമിതിയുള്ളത്. മൂന്നിടങ്ങളിൽ എൽഡിഎഫിനാണ് ഭരണം.