വിഭാഗീയതയിൽ തട്ടി ഇല്ലാതായ ഇടത് ആധിപത്യം; എലപ്പുള്ളിയിൽ വിനയാകുമോ ബ്രൂവറി പ്ലാന്റ്?

പാലക്കാട്: 2022ന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പഞ്ചായത്തുകളില്‍ ഒന്നാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളി. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡായ ചുട്ടിപ്പാറയിലെ മണ്ണൂക്കാട് ഒയാസിസ് മദ്യക്കമ്പനി ബ്രൂവരി പ്ലാന്റ് തുടങ്ങാന്‍ ഭൂമി വാങ്ങിയതോടെയാണ് എലപ്പുള്ളി വാര്‍ത്തകളില്‍ നിറഞ്ഞത്. 24 ഏക്കര്‍ ഭൂമി വാങ്ങിയതില്‍ 4 ഏക്കര്‍ കൃഷി ഭൂമിയായിരുന്നു. വരള്‍ച്ച നേരിടുന്ന പ്രദേശത്ത് പ്ലാന്റ് വന്നാല്‍ പൂര്‍ണമായും കുടിവെളളം ഇല്ലാതാകുമെന്നും കൃഷി നശിക്കുമെന്നും ജനജീവിതം ദുരിതത്തിലാകുമെന്നും പറഞ്ഞ് ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങി. പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസും ബിജെപിയും സമരത്തിനിറങ്ങിയതോടെ പ്ലാന്റിന് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ അനധികൃത നീക്കത്തിനിതിരെ പ്രതിഷേധം കടുത്തു. പ്രദേശത്തെ രാഷ്ട്രീയ സാഹചര്യവും മാറി. ഒയാസിസ് മദ്യക്കമ്പനിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര് നേട്ടം കൊയ്യുമെന്നാണ് എലപ്പുള്ളി ഉറ്റുനോക്കുന്നത്.
വിഭാഗീയതില്‍ തട്ടി ഇല്ലാതായ ഇടത് ആധിപത്യം ; ഇക്കുറി വിനയാകുമോ ബ്രൂവറി പ്ലാന്റ്
47 വര്‍ഷം സിപിഎമ്മിന്റെ ആധിപത്യമുണ്ടായിരുന്ന എലപ്പുള്ളിയില്‍ 2020ലാണ് കോണ്‍ഗ്രസ് ആദ്യമായി അധികാരത്തില്‍ എത്തിയത്. 2015ല്‍ 18 സീറ്റ് ഉണ്ടായിരുന്ന എല്‍ഡിഎഫിനെ എട്ട് സീറ്റില്‍ ഒതുങ്ങിയതിന് പിന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയതയായിരുന്നു കാരണം. വിഭാഗീയ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് അധികാരം തിരിച്ചെടുക്കാനുള്ള ആത്മവിശ്വാസവുമായി പാര്‍ട്ടി മുന്നേറുന്നതിനിടെയാണ് ബ്രൂവറി പ്ലാന്റിന് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വരുന്നതും. പ്ലാന്റിനെതിരെ ജനങ്ങള്‍ സംഘടിക്കുകയും പ്രതിഷേധം ഇപ്പോളും തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ ഈ പ്രതിഷേധം പ്രതിഫലിച്ചാല്‍ ഭരണം തിരിച്ചുപിടിക്കുകയെന്ന കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഇടത് കേന്ദ്രങ്ങളിലുമുണ്ട്. എന്നാല്‍ ബ്രൂവറിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും നേരിയ ഭൂരിപക്ഷത്തില്‍ നഷ്ടമായ സീറ്റ് ഉള്‍പ്പടെ പിടിച്ചെടുത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നുമാണ് സിപിഎം കണക്കുകൂട്ടല്‍. ലൈഫ് പദ്ധതിയും കുടിവെള്ള പദ്ധതികളും ഉള്‍പ്പടെ വികസന പദ്ധതികളിലൊന്നും ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസിന്റെ ഭരണസമിതി തയ്യാറാകുന്നില്ലെന്നും സിപിഎം ആക്ഷേപിക്കുന്നുണ്ട്. വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ച് സിപിഎം കോണ്‍ഗ്രസിനെതിരെ രംഗത്തുമായിരുന്നു.
2015ല്‍ എല്‍ഡിഎഫ് 18 സീറ്റിലും യുഡിഎഫ് നാല് സീറ്റിലും വിജയിച്ച എലപ്പുള്ളി പഞ്ചായത്തില്‍ 2020 ആയപ്പോഴേക്കും കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം നാലില്‍ നിന്നും ഒന്‍പതിലേക്ക് ഉയര്‍ത്തി. കേരളത്തില്‍ എല്‍ഡിഎഫ് തരംഗമുണ്ടായ കാലത്തായിരുന്നു നാലര പതിറ്റാണ്ട് നീണ്ട ഇടത് ഭരണ ഭരണത്തില്‍ നിന്നും കോണ്‍ഗ്രസ് എലപ്പുള്ളി പഞ്ചായത്ത് പിടിച്ചെടുത്തത്. കൃഷിക്കും കര്‍ഷകര്‍ക്കും പ്രാമുഖ്യമുള്ള പഞ്ചായത്തില്‍ ബ്രൂവറി പ്ലാന്റ് വന്നാല്‍ വരള്‍ച്ച രൂക്ഷമാകുമെന്നും ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വരുമെന്നും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ബ്രൂവറിക്കെതിരായ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലം എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനേയും നിന്നും ഇലക്ട്രിറ്റിസിറ്റി ബോര്‍ഡിനേയും സ്വാധീനിച്ചാണ് കെഎസ്‌ഐഡിസി പദ്ധതിക്ക് വേണ്ട ചരടുവലികള്‍ നടത്തുന്നത് എന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നും കോണ്‍ഗ്രസ് പറയുന്നു.
വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സ്ഥാപനമായ പാഡിക്കോ അരിമില്ലിലെ അഴിമതിയും ക്രമക്കേടും നെല്‍കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിയും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ എലപ്പുള്ളിയില്‍ ഉന്നയിക്കുന്നുണ്ട്, ആരോഗ്യ രംഗത്ത് നേട്ടമായ എന്റെ ആരോഗ്യം എന്റെ പഞ്ചായത്ത് , കാര്‍ഷിക രംഗത്തെ മഷ്‌റൂം ഗ്രാമം, പൂക്കൃഷിയിലെ വളര്‍ച്ച, സ്‌പോര്‍ട്‌സ് കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണ പദ്ധതി തുടങ്ങി നിരവധി വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചാണ് കോണ്‍ഗ്രസ് വേട്ടുതേടി ഇറങ്ങുന്നത്.
2015ലെ പൂജ്യത്തില്‍ നിന്നും 2020ല്‍ അഞ്ചില്‍ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി ഇത്തവണയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ബ്രൂവരിക്കെതിരായ പ്രതിഷേധം കൂടി വോട്ടായാല്‍ ഇനിയും സീറ്റ് വര്‍ധിപ്പിക്കാം എന്നുതന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.
Content Highlights: Elappully faces a brewing controversy with a brewery plant proposal. See how protests and political shifts are impacting the upcoming local elections in this Palakkad panchayat.