വിമതസ്ഥാനാർഥികളെ പുറത്താക്കി കോൺഗ്രസ്

എലപ്പുള്ളി: പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ വിമതസ്ഥാനാർഥിയായി മത്സരിച്ചവരെയും സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയവരെയും പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി ജില്ലാ കോൺഗ്രസ് നേതൃത്വം. നിലവിലെ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശരവണകുമാർ, അംഗങ്ങളായ എ. അപ്പുക്കുട്ടൻ, സി. മൂർത്തി എന്നിവർക്കെതിരെയാണ് നടപടി. മൂവരും പുതുശ്ശേരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളാണ്.

ബ്രുവറിക്ക് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു പാർട്ടിക്ക് അകത്തുനിന്നുതന്നെ ആരോപണം നേരിട്ടിരുന്ന എ. അപ്പുക്കുട്ടന് മത്സരിക്കാൻ ഇക്കുറി സീറ്റു നൽകിയിരുന്നില്ല. ഇതോടെ ആറാം വാർഡ് പാറയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിനെതിരേ വിമതനായി മത്സരിക്കാൻ അപ്പുക്കുട്ടൻ തയ്യാറാവുകയായിരുന്നു. നിലവിലെ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശരവണകുമാർ 12-ാം വാർഡ് നെയ്തലയിലും മത്സരിക്കുന്നുണ്ട്. ഇരുവർക്കും മത്സരിക്കാൻ വഴിയൊരുക്കിയതിനാണു നിലവിലെ പഞ്ചായത്ത് അംഗവും പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായ സി. മൂർത്തിക്കെതിരെയുള്ള നടപടിക്കു കാരണം.

ഒരിക്കലും പാർട്ടിവിരുദ്ധപ്രവർത്തനമല്ല, നടത്തിയത്‌. സീറ്റ് നിഷേധിക്കപ്പെട്ടത് പാർട്ടിയിലെ ഒരു വിഭാഗം ആളുകളുടെ ഇടപെടൽമൂലമാണ്. അതുകൊണ്ടാണ് മത്സരിക്കാൻ ഇറങ്ങിയതെന്നും പുറത്താക്കപ്പെട്ടവർ പറഞ്ഞു. അതേസമയം, എലപ്പുള്ളിയിൽ സിപിഎം സ്ഥാനാർഥിക്കെതിരെ വിമതർ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഏരിയ കമ്മിറ്റി ഇടപെട്ടതോടെ വിമതർ പിന്മാറിയിരുന്നു.

പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പിൽ മാത്തൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെയും സംഘടനാവിരുദ്ധപ്രവർത്തനം നടത്തിയ പാർട്ടി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം പുറത്താക്കിയതായി പ്രസിഡന്റ് പി.വി. അബ്ദുൾ ഖാദർ അറിയിച്ചു.

എസ്. റഷീദ് (വാർഡ്-ഒന്ന്), രത്നാമണി നാരായൺ (വാർഡ്-നാല്), എം. പവിത്രൻ (വാർഡ്-11), നാരായണൻ (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), കെ. പ്രദീപ് (ബൂത്ത് പ്രസിഡന്റ്) എന്നിവരെയാണ് പുറത്താക്കിയത്.

Content Highlights: Congress party expels rebel candidates and anti-party elements from primary membership in Elappully and Mathoor panchayats following local body elections. Discover the details and reasons behind the disciplinary action.