മുൻ MLA എ.വി. ഗോപിനാഥ് ഇനി എൽഡിഎഫിനൊപ്പം; ഒറ്റയ്ക്ക് മത്സരിക്കാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

എവി ഗോപിനാഥ്
എവി ഗോപിനാഥ്

ആലത്തൂര്‍: മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ.വി. ഗോപിനാഥ് ഇനി എല്‍ഡിഎഫിനൊപ്പം. അദ്ദേഹം നേതൃത്വംനല്‍കുന്ന സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കാന്‍ ധാരണയായി. അന്‍പത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കയാണെന്നും സിപിഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

എ.വി. ഗോപിനാഥുമായി ധാരണയിലെത്തിയെന്നും മത്സരിക്കുന്ന സീറ്റുകളിലും മറ്റുകാര്യങ്ങളിലും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും സിപിഎം കുഴല്‍മന്ദം ഏരിയാ സെക്രട്ടറി എ. അനിതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 11 സീറ്റിലും സിപിഎം അഞ്ചുസീറ്റിലുമാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ രാധാമുരളി പ്രസിഡന്റായി. 2023-ല്‍ ഇവര്‍ രാജിവെച്ചപ്പോള്‍ കെ.എം. കേരളകുമാരി പ്രസിഡന്റായി. ഇത്തവണ 18 വാര്‍ഡാണ്. പ്രസിഡന്റ് സ്ഥാനം ജനറലും. എ.വി. ഗോപിനാഥും മത്സരരംഗത്തുണ്ടാകും.

ഔദ്യോഗിക കോണ്‍ഗ്രസും മുസ്ലിംലീഗും യുഡിഎഫും എല്ലാസീറ്റിലും മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ വ്യക്തമാക്കി. എ.വി. ഗോപിനാഥ് ധൈര്യമുണ്ടെങ്കില്‍ സിപിഎമ്മിനെ കൂടെക്കൂട്ടാതെ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

2009-മുതല്‍ നേതൃത്വവുമായി അകലംപാലിച്ച എ.വി. ഗോപിനാഥ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് വിട്ടു. 2023-ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കിയത്. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടി. അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എ.വി. ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാവും.

മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍മന്ത്രി എ.കെ. ബാലനുമായും അടുത്തബന്ധമാണ് പുലര്‍ത്തുന്നത്. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു. 

Content Highlights: Former Congress leader AV Gopinath and his party will contest local elections with the LDF. Learn more about this significant political shift in Alathur.