എവി ഗോപിനാഥും സംഘവും സജീവം; ഇടത്തോട്ട് തിരിയുമോ പെരിങ്ങോട്ടുകുറിശ്ശി?

എവി ഗോപിനാഥ്
എവി ഗോപിനാഥ്

പാലക്കാട്: പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്തില്‍ സ്വതന്ത്ര ജനാധിപത്യ മുന്നണിയും (ഐഡിഎഫ്) സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണ. കോണ്‍ഗ്രസ് വിട്ട എ.വി. ഗോപിനാഥ് സ്വതന്ത്ര ജനാധിപത്യമുന്നണി (ഐഡിഎഫ്) രൂപവത്കരിച്ച് 11 സീറ്റിലാണ് ജനവിധി തേടുന്നത്. 18 സീറ്റുള്ള ഇവിടെ ബാക്കി ഏഴിടത്ത് സിപിഎം മത്സരിക്കും. ഗോപിനാഥന്‍ ഒമ്പതാം വാര്‍ഡായ ബമ്മണ്ണൂരിലും നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കേരളകുമാരി ആറാം വാര്‍ഡിലും വൈസ് പ്രസിഡന്റ് ഇ.പി. പൗലോസ് 18 ആം വാര്‍ഡിലും മത്സരിക്കും. രണ്ട് ബ്ലോക്ക് ഡിവിഷനുകളില്‍ ചൂലനൂരില്‍ സിപിഎമ്മും പരുത്തിപ്പുള്ളിയില്‍ ഐഡിഎഫും മത്സരിക്കും.

കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. പല കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ടും ഇക്കുറി തങ്ങള്‍ നേടും, പഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നും മുസ്ലീം ലീഗിലെ ഒരു വിഭാഗവും തങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു. നിലവിലെ ഭരണസമിതിയില്‍ സിപിഎമ്മിന് അഞ്ചും യുഡിഎഫിന് പതിനൊന്നും അംഗങ്ങളാണുള്ളത്. രണ്ട് വാര്‍ഡുകള്‍ ഇത്തവണ അധികമായി ചേര്‍ത്തിട്ടുണ്ട്, ആകെ വാര്‍ഡുകള്‍ 18 ആയി.

2009 മുതല്‍ നേതൃത്വവുമായി അകലം പാലിച്ച ഗോപിനാഥ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് നേതൃത്വവുമായി ഇടഞ്ഞത്. 2023ല്‍ ഡി.സി.സി. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. തുടര്‍ന്ന് നവകേരള സദസ്സില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കി. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എവി ഗോപിനാഥ് 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറിവിജയം നേടിയിരുന്നു.

അന്‍പതുവര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശിയുടെ രാഷ്ട്രീയം നിയന്ത്രിച്ച എ.വി. ഗോപിനാഥിന്റെ രാഷ്ട്രീയ കരുനീക്കം ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാവും. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍മന്ത്രി എ.കെ. ബാലനുമായും അടുത്തബന്ധമാണ് പുലര്‍ത്തുന്നത്. പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ മുഖമായിരുന്നു.