അട്ടപ്പാടിയില്‍ ഇടതിന് കൂട്ടത്തോല്‍വി; പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ പലരും കോണ്‍ഗ്രസിനും ബിജെപിക്കും പിന്നിലായി

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജില്ലയില്‍ ലഭിച്ച കനത്ത തിരിച്ചടികളിലൊന്ന് അട്ടപ്പാടിയിലെ കൂട്ടത്തോല്‍വിയാണ്. പത്തുവര്‍ഷമായി അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപ്പഞ്ചായത്തുകളും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഭരിച്ചിരുന്നത് എല്‍ഡിഎഫാണ്. എന്നാല്‍ ഇക്കുറി ഒരിടത്തുപോലും ഭരണം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല, ഗ്രാമപ്പഞ്ചായത്തുകളിലെ ആറ് വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിനും ബിജെപിക്കും പിന്നില്‍ മൂന്നാംസ്ഥാനത്തായി. ജില്ലാ പഞ്ചായത്ത് സീറ്റായ അട്ടപ്പാടിയില്‍ സിപിഐ സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും 2020-നെ അപേക്ഷിച്ച് ഭൂരിപക്ഷം മൂന്നിലൊന്നായി.
ആറ് സീറ്റുമായി കഴിഞ്ഞ തവണ ഭരണം നടത്തിയ പുതൂരില്‍ ഇക്കുറി 'സംപൂജ്യ'രായി. ബിജെപി എട്ട് സീറ്റ് നേടി ഭരണത്തിലെത്തിയ ഇവിടെ അഞ്ചിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മൂന്നാംസ്ഥാനത്താണ്.
സിപിഐയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ അട്ടപ്പാടിയില്‍ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ച വിവാദമായിരുന്നു ആദിവാസി ഭൂമിയുടെ കൈയേറ്റവും റവന്യൂവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളും. ഇടനിലക്കാരും പാര്‍ട്ടി അണികളില്‍ ചിലരും കൈയേറ്റത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ വില്ലേജ് മുതല്‍ റവന്യൂ സംവിധാനങ്ങളുടെ അങ്ങേത്തലവരെ ആജ്ഞാനുവര്‍ത്തികളും രൂപപ്പെട്ടു. അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് നല്കാന് പദ്ധതികളും അന്വേഷണ കമ്മിഷനുകളുമൊക്കെ എത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇടനിലക്കാരും ഭൂമികച്ചവടക്കാരും തീരുമാനങ്ങളെ ചുവപ്പുനാടയില്‍ കുരുക്കി ലോക്കറുകളിലടച്ചു. ഇതിനൊരു പരിഹാരം ചൂണ്ടിക്കാണിക്കാന്‍ വകുപ്പ് കൈകാര്യം ചെയ്യുന്നവര്ക്കുപോലുമായില്ല. ഒരുവശത്ത് ശ്മശാനം നിഷേധിച്ചതടക്കമുള്ള വൈകാരിക പ്രശ്നങ്ങള്‍ ഉയര്‍ന്നപ്പോള്‍, മറുവശത്ത് റോഡ് തോടായതും ഭരണ കെടുകാര്യസ്ഥതയും തൊഴിലുറപ്പിലെ അഴിമതിയും ആരോപണങ്ങളില്‍ മുഴച്ചുനിന്നു.
2020-ലെ തിരഞ്ഞെടുപ്പില്‍ അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലായി 31 വാര്‍ഡുകള്‍ നേടിയിരുന്ന എല്‍ഡിഎഫ് ഇത്തവണ 12 സീറ്റിലേക്ക് ചുരുങ്ങി.
2020-ലെ പത്ത് സീറ്റ് 27 ആക്കിയ യുഡിഎഫ്, അഗളി, ഷോളയൂര്‍ പഞ്ചായത്തുകള്‍ സ്വന്തമാക്കി. അട്ടപ്പാടി ബ്ലോക്കില്‍ ഒന്‍പത് സീറ്റുമായി ഭരണം പിടിക്കുകയുംചെയ്തു. അട്ടപ്പാടി ബ്ലോക്കില്‍ എല്‍ഡിഎഫിന് ഇത്തവണ നാല് സീറ്റേ നേടാനായുള്ളു. മേഖലയിലെ പഞ്ചായത്തുകളില്‍ 2020-ല്‍ ആറ് സീറ്റ് ഉണ്ടായിരുന്ന ബിജെപി പത്താക്കി. ഒരു ബ്ലോക്ക് പഞ്ചായത്ത് സീറ്റും ഒരു ഗ്രാമപ്പഞ്ചായത്ത് ഭരണവും നേടുകയുംചെയ്തു.
Content Highlights: Attappadi witnesses a massive LDF defeat in local elections. Several party candidates trail behind Congress and BJP, marking a significant setback for the Left front.