അട്ടപ്പാടി ബ്ലോക്കിൽ മത്സരം മുറുകും

അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും എൻഡിഎയും രംഗത്തിറങ്ങിയതോടെ മത്സരം മുറുകി.
അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകൾ ചേർന്നതാണ് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്. പാലൂർ, പുതൂർ, ചാളയൂർ, കോട്ടത്തറ, ആനക്കട്ടി, ഷോളയൂർ, പെട്ടിക്കൽ, അഗളി, നെല്ലിപ്പതി, കാരറ, ജെല്ലിപ്പാറ, കൽക്കണ്ടി, ചെമ്മണ്ണൂർ, താവളം ഡിവിഷനുകളാണ് ഇതിലുൾപ്പെടുന്നത്. വാർഡ് വിഭജനത്തിനുശേഷം ഒരുസീറ്റ് വർധിച്ച് 14 ആയി.
46 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 24 വനിതകളും 22 പുരുഷൻമാരുമാണ്. നാല് സ്വതന്ത്രരുമുണ്ട്. ഏറ്റവും കൂടുതൽപ്പേർ മത്സരിക്കുന്നത് ചെമ്മണ്ണൂർ ഡിവിഷനിലാണ് -അഞ്ചുപേർ. ഇതിൽ രണ്ടുപേർ സ്വതന്ത്രരാണ്. എൽഡിഎഫിൽ സിപിഎമ്മും സിപിഐയും ഏഴുസീറ്റുകളിൽ വീതം മത്സരിക്കുന്നു.
യുഡിഎഫിൽ കൽക്കണ്ടി ഡിവിഷനിൽ കേരള കോൺഗ്രസ് (ജേക്കബ്) മത്സരിക്കുന്നു. ബാക്കി ഡിവിഷനിൽ കോൺഗ്രസും. എൻഡിഎ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് മരുതി മുരുകൻ താവളം ഡിവിഷനിൽനിന്ന് ഇത്തവണയും മത്സരിക്കുന്നുണ്ട്.
2020-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫാണ് അധികാരത്തിൽവന്നത്. സിപിഐ -അഞ്ച്, സിപിഎം -മൂന്ന്, എൻസിപി -ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസ് മൂന്നു സീറ്റും എൻഡിഎ ഒരു സീറ്റും നേടിയിരുന്നു.
Content Highlights: Attappadi Block Panchayat elections heat up as LDF, UDF, and NDA vie for control. Discover the fierce competition, candidates, and key divisions. | 2020 election results.