അത് ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയത്, എങ്കിലും ജനങ്ങള്‍ നല്‍കിയ വിധിയോട് യോജിക്കാനാകില്ല- എം.എം. മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ വോട്ടര്‍മാര്‍ക്കെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി എം.എം. മണി എംഎല്‍എ. ഇന്നലത്തെ സാഹചര്യത്തില്‍ ഒരു വികാരത്തിനുപുറത്ത് പറഞ്ഞുപോയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാന്‍ സാധിക്കില്ലെന്നുതന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രതികരണത്തെ പാര്‍ട്ടിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് നൂറുശതമാനവും താന്‍ അംഗീകരിക്കുന്നുവെന്നും അങ്ങനെ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും എം.എം മണി പറഞ്ഞു.
വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു. തന്റെ പ്രതികരണം ശരിയായില്ലെന്ന് പാര്‍ട്ടി നിലപാടെടുത്തിരുന്നു. അത് തന്നെയാണ് തന്റെയും നിലപാട്. അത് ഇന്നലത്തെ സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. അന്നേരത്തെ ഒരു വികാരത്തിനു പുറത്ത് പറഞ്ഞതാണെന്ന് കൂട്ടിയാല്‍ മതി, അദ്ദേഹം പറഞ്ഞു.
എങ്കിലും കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാന്‍ സാധിക്കില്ലെന്നുതന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ സിപിഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സിപിഐ എന്തുപറഞ്ഞു എന്നത് തനിക്ക് വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇടതുപപക്ഷം കനത്ത തിരിച്ചടി നേരിടുന്നതിനിടെയായിരുന്നു എം.എം മണിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചിരുന്നു. നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ചശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: MM Mani MLA apologizes for his controversial remarks against voters following the local body election setback. He accepts party`s stand and clarifies his statement.