ആകെ വര്‍ധിച്ചത് 713 വാര്‍ഡുകള്‍, 2020-ല്‍ സീറ്റില്ലാത്ത പത്തനംതിട്ടയില്‍ ഏഴംഗങ്ങള്‍; മിന്നുംപ്രകടനമെന്ന് മുസ്‌ലിംലീഗ്

#ന്യൂസ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.ബി. സതീശ്കുമാര്‍/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: കെ.ബി. സതീശ്കുമാര്‍/ മാതൃഭൂമി

മലപ്പുറം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയത് മിന്നുന്ന പ്രകടനമാണെന്ന് മുസ്ലിംലീഗിന്റെ വിലയിരുത്തല്‍. വിശേഷിച്ച് മലബാര്‍ മേഖലയില്‍ യുഡിഎഫിന്റെ നട്ടെല്ലാകാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതേ ആവേശം തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

എല്ലാ ആരോപണങ്ങളെയും ശക്തമായി നേരിടാന്‍ കഴിഞ്ഞു എന്നതാണ് ലീഗിനു നേട്ടമായത്. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയസംഘടനയെ ചുമക്കുന്നു എന്നതായിരുന്നു ഏറ്റവുംവലിയ ആരോപണമായി ഇടതുപക്ഷം ഉയര്‍ത്തിയത്. എന്നാല്‍ മലബാറില്‍ ആ ആരോപണം ഏശിയില്ലെന്നുവേണം കരുതാന്‍. തദ്ദേശ വാര്‍ഡുകളില്‍ മൊത്തം 713 എണ്ണത്തിന്റെ വര്‍ധന ഇത്തവണ ലീഗിനുണ്ട്. ഏറ്റവും ശ്രദ്ധേയമായ നേട്ടം എല്ലാ ജില്ലയിലും സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു എന്നതാണ്. തെക്കന്‍ ജില്ലകളില്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു. 285 സീറ്റാണ് ഇത്തവണ ഈ മേഖലയിലെ നേട്ടം. കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ശേഷം ഏറ്റവുമധികം സീറ്റുകളുള്ള പാര്‍ട്ടിയാണിപ്പോള്‍. പഞ്ചായത്തുകളില്‍ മാത്രം 1980 സീറ്റ് ലീഗിനുണ്ട്. നഗരസഭകളില്‍ 510, ബ്ലോക്ക്പഞ്ചായത്തുകളില്‍ 269, കോര്‍പറേഷനുകളില്‍ 34, ജില്ലാപഞ്ചായത്തില്‍ 51 എന്നിങ്ങനെയാണ് നേട്ടം. മൊത്തം വാര്‍ഡുകള്‍ 2844 ആണ്.

പത്തനംതിട്ടയില്‍ 2020-ല്‍ ഒരു സീറ്റുപോലുമില്ലാത്ത പാര്‍ട്ടിക്ക് ഇത്തവണ ഏഴ് അംഗങ്ങളുണ്ട്. അതില്‍ ഒരാള്‍ ബ്ലോക്ക്പഞ്ചായത്തംഗമാണ്. സ്വതന്ത്രസ്ഥാനാര്‍ഥി പരീക്ഷണങ്ങളും ഇവിടങ്ങളില്‍ വിജയിച്ചു. ഒന്‍പത് ജില്ലാപഞ്ചായത്തുകളില്‍ ലീഗിന് പ്രതിനിധികളുണ്ട് ഇത്തവണ. ആറു കോര്‍പ്പറേഷനിലും സാന്നിധ്യം തെളിയിച്ചു.

Content Highlights: Muslim League celebrates a stellar performance in local body polls, especially in Malabar. Strong showing in southern districts too. Read analysis.